നിരവധി അറകളും തുരങ്കങ്ങളും; തുർക്കി - ഇറാന്‍ അതിര്‍ത്തിയിൽ കണ്ടെത്തിയത് നോഹയുടെ പെട്ടകം?

Published : Sep 25, 2026, 10:53 PM IST
Noah ark

Synopsis

തുർക്കി-ഇറാൻ അതിർത്തിയിലെ ഡുറുപിനാർ രൂപീകരണത്തിൽ നടക്കുന്ന പുതിയ ശാസ്ത്രീയ പഠനങ്ങൾ നോഹയുടെ പെട്ടകത്തെക്കുറിച്ചുള്ള രഹസ്യങ്ങൾക്ക് പുതിയ വഴിത്തിരിവ് നൽകുന്നു. റഡാർ പരിശോധനകളിൽ ഇടനാഴികളും അറകളും തുരങ്കങ്ങളും കണ്ടെത്തിയെങ്കിലും ഇത് നോഹയുടെ പെട്ടകമാണോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.

തുർക്കി - ഇറാന്‍ അതിര്‍ത്തിയിലെ മൗണ്ട് അറാറാത്തിന് സമീപമുള്ള ഡുറുപിനാർ രൂപീകരണത്തെ ചുറ്റിപ്പറ്റിയ നോഹയുടെ പെട്ടക രഹസ്യത്തിന് പുതിയ വഴിത്തിരിവ്. പുതിയ കണ്ടെത്തലോടെ ഇത് നോഹയുടെ പെട്ടകമാണെന്ന് ചില ഗവേഷകർ ഉറപ്പിച്ച് പറയുമ്പോൾ മറ്റ് ചിലർ കൂടുതൽ പഠനത്തിന്‍റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു. ബോട്ടിന്‍റെ ആകൃതിയിലുള്ള ഏതാണ്ട് 5,000 വര്‍ഷം പഴക്കമുള്ള ഒരു കുന്നിന് സമാനമായ പ്രദേശമാണിത്. തുർക്കിയുടെ ഈ കിഴക്കൻ പർവതനിരകള്‍ 'നോഹയുടെ പെട്ടകാവഷ്ടങ്ങള്‍' എന്ന് നേരത്തെ തന്നെ അറിയപ്പെട്ടിരുന്ന സ്ഥലത്ത് നടത്തിയ ശാസ്ത്രീയ പഠനങ്ങളാണ് പുതിയ വെളിപ്പെടുത്തൽ നടത്തിയത്.

ദുരുപിനാർ രൂപീകരണം

തുര്‍ക്കി അഗ്രിയിലെ (Agri) ഡോഗുബയാസിറ്റ് മേഖലയിൽ (Dogubayazıt region) ഇറാൻ-തുർക്കി അതിർത്തിയിൽ നിന്ന് ഏതാണ്ട് മൂന്ന് കിലോ മീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന 'ദുരുപിനാർ രൂപീകരണ'മാണ് (Durupinar Formation) ഈ കണ്ടെത്തലിന്‍റെ കേന്ദ്രബിന്ദു. 538 അടി ഉയരവും പ്രാഥമികമായി ലിമോണൈറ്റും ചേർന്ന ഭൂമിശാസ്ത്രപരമായ ലാൻഡ്‌മാർക്ക് ആണ് 'ദുരുപിനാർ രൂപീകരണം' എന്ന് അറിയപ്പെടുന്നത്. ഈ അവശിഷ്ടങ്ങൾ ഐതിഹാസികമായ നോഹയുടെ പെട്ടകത്തിന്‍റെ ചില അവശിഷ്ടങ്ങളാണെന്ന് തദ്ദേശീയര്‍ നൂറ്റാണ്ടുകളായി വിശ്വസിക്കുന്നു. ബൈസന്‍റൈന്‍ കാലഘട്ടങ്ങളില്‍ ഈ പ്രദേശത്ത് രക്തരൂക്ഷിതമായ കുരിശുയുദ്ധങ്ങള്‍ നടന്നിരുന്നു.

2021 മുതൽ നടക്കുന്ന ഗവേഷണം

നൂറ്റാണ്ട് പഴക്കമുള്ള തദ്ദേശീയരുടെ ഈ വിശ്വാസത്തിന് മേലെ ഗവേഷണം ചെയ്യുന്നത് മൂന്ന് ടർക്കിഷ്, അമേരിക്കൻ സർവകലാശാലകളാണ്. 2021 മുതല്‍ ഈ പ്രദേശത്ത് ഖനന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. 2022 ഡിസംബറിൽ പ്രദേശത്തെ മണ്ണിടിച്ചിലിൽ ഘടനാപരമായ മാറ്റം സംഭവിച്ച അവശിഷ്ടങ്ങളെക്കുറിച്ച് ശാസ്ത്രീയ ഗവേഷണം നടത്തുന്നതിനായി 'മൗണ്ട് അററാത്ത് ആൻഡ് നോഹസ് ആർക്ക് റിസർച്ച് ടീം' (Mount Ararat and Noah’s Ark Research Team) രൂപീകരിച്ചിരുന്നു. പ്രദേശത്ത് നിന്ന് ഇതിനകം ഏകദേശം മുപ്പതോളം പാറകളുടെയും മണ്ണിന്‍റെയും സാമ്പിളുകൾ ശാസ്ത്രജ്ഞർ ശേഖരിച്ചിട്ടുണ്ട്. ഇവ ഇസ്താംബുൾ ടെക്നിക്കൽ യൂണിവേഴ്സിറ്റിയില്‍ നടത്തിയ പഠനത്തിലാണ് കപ്പലിന്‍റെ പഴക്കം സ്ഥിരീകരിച്ചത്. എന്നാൽ ഇത് ബൈബിളിൽ പറയുന്ന നോഹയുടെ പെട്ടകമാണെന്ന് ഇതുവരെ ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ല.

പഴക്കം 5,500 ഓളം വർഷം

പാറയുടെയും മണ്ണിന്‍റെയും സാമ്പിളുകളുടെ പഠനത്തില്‍ നിന്ന് ബിസി 5500 നും 3000 നും ഇടയിൽ ഈ പ്രത്യേക പ്രദേശത്ത് "കളിമണ്ണും സമുദ്ര വസ്തുക്കളും സമുദ്രവിഭവങ്ങളും" നിലനിന്നിരുന്നുവെന്ന് തെളിയിക്കുന്നതായി പഴയ പഠനങ്ങളിൽ തെളിഞ്ഞിരുന്നു. പുതിയ റഡാർ പരിശോധനകളിൽ നേരെയുള്ള രേഖകൾ, സമകോണത്തിലുള്ള ചേരലുകൾ, വിവിധ ആഴങ്ങളിൽ വലിയ ശൂന്യ ഇടങ്ങൾ എന്നിവ കണ്ടെത്തിയതായി ഗവേഷകർ പറയുന്നു. ഇവയിൽ ചിലത് ഇടനാഴികളോ അറകളോ ആകാമെന്നാണ് ഗവേഷക സംഘത്തിന്‍റെ നിഗമനം. ഏകദേശം 151 അടി നീളമുള്ളതായി കണക്കാക്കുന്ന ഒരു സാധ്യതയുള്ള തുരങ്ക സംവിധാനവും കണ്ടെത്തിയിട്ടുണ്ട്. ശരാശരി 14 അടിയിലധികം ഉയരമുള്ള ഘടനകൾക്കൊപ്പം ഏകദേശം 26, 39, 23 അടി ഉയരമുള്ള മറ്റ് അസാധാരണ മേഖലകളും സ്കാനിൽ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.

ഏറ്റവും പുതിയ പഠനോപകരണങ്ങൾ

പഠനത്തിനായി അമേരിക്കൻ വ്യോമസേനാ ഗവേഷണവുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ ഉപയോഗിച്ച റഡാർ സംവിധാനവും പ്രയോജനപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം, റഡാർ ചിത്രങ്ങൾ യഥാർഥ മുറികളുടെയോ തുരങ്കങ്ങളുടെയോ ചിത്രങ്ങളല്ല. മറിച്ച് ഭൂഗർഭത്തിലെ വിവിധ വസ്തുക്കളോടുള്ള റഡാർ തരംഗങ്ങളുടെ പ്രതികരണങ്ങളാണ് അവ. അതിനാൽ കണ്ടെത്തലുകൾക്ക് ഭൗതിക പരിശോധന അനിവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഡ്രില്ലിങ്ങിലൂടെ ജൈവവസ്തുക്കൾ കൂടുതലുള്ള ഒരു പാളി ലഭിച്ചിരുന്നു. ഇത് ദ്രവിച്ച മരമാണോയെന്ന പരിശോധന നടക്കുകയാണ്. റേഡിയോകാർബൺ ഡേറ്റിങ്ങിലൂടെ അതിന്‍റെ പ്രായം കണ്ടെത്താനുള്ള ശ്രമവും പുരോഗമിക്കുന്നു. കൂടാതെ പ്രദേശത്ത് കോപ്പർ ഏജ് മുതൽ ഇരുമ്പുയുഗം വരെയുള്ള കാലഘട്ടങ്ങളിലെ മൺപാത്രങ്ങളും കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഇവ നോഹയുടെ പെട്ടകവുമായി നേരിട്ട് ബന്ധിപ്പിക്കാൻ കഴിയില്ലെന്ന് ചില ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

ആദ്യം കണ്ടെത്തിയത് 1959 -ൽ

1959 -ൽ വ്യോമനിരീക്ഷണ ചിത്രങ്ങളിലൂടെയാണ് ഡുറുപിനാർ രൂപീകരണം ശ്രദ്ധയിൽപ്പെട്ടത്. പുതിയ കണ്ടെത്തലുകൾ ദുരൂഹത വർധിപ്പിച്ചെങ്കിലും, പെട്ടകത്തിന്റെ അവശിഷ്ടം തന്നെയാണെന്ന അന്തിമ തെളിവിനായി കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി കാത്തിരിക്കുകയാണ് ഗവേഷകർ. നേരത്തെ നടത്തിയ പഠനങ്ങളിൽ നിന്ന് ലഭിച്ച പ്രാഥമിക കണ്ടെത്തലുകൾ അനുസരിച്ച്, ചാൽക്കോലിത്തിക് കാലഘട്ടത്തിൽ (Chalcolithic period -2500 BC to 700 BC) പ്രദേശത്ത് മനുഷ്യരുടെ പ്രവർത്തനത്തിന് സാധ്യതയുണ്ടെന്ന് അഗ്രി ഇബ്രാഹിം സെസെൻ സർവ്വകലാശാലയിലെ (Agri Ibrahim Cecen University) പ്രൊഫസർ ഡോ. ഫാറൂക്ക് കായ അവകാശപ്പെടിരുന്നു. പ്രദേശത്തിന്‍റെ രൂപീകരണത്തിന്‍റെ അളവുകള്‍ ബൈബിളിലെ ഉല്പത്തി പുസ്തകത്തിൽ കാണുന്ന പെട്ടകത്തിന്‍റെ വിവരണവുമായി പൊരുത്തപ്പെടുന്നതായും ചില ഗവേഷകർ അഭിപ്രായപ്പെടുന്നു.

PREV
Read more Articles on
click me!

Recommended Stories

മാസവരുമാനം 3 ലക്ഷം പക്ഷേ, ഡ്രൈവറെ വയ്ക്കാൻ മടി; സോഷ്യൽ മീഡിയയിൽ ഉപദേശം തേടിയ യുവഡോക്ടറുടെ കുറിപ്പ് വൈറൽ
ബുക്ക് ചെയ്ത എയർബിഎൻബി ഉടമയിൽ നിന്ന് 'സുന്ദരി' എന്ന് സന്ദേശം, ഭയം തോന്നി ബുക്കിംഗ് റദ്ദാക്കിയെന്ന് യുവതി