ആദ്യം മതവിദ്യാഭ്യാസം, പിന്നെ ശാസ്ത്രം, കാബൂള്‍  സര്‍വകലാശാലയുടെ പുതിയ ചാന്‍സലര്‍ പറയുന്നു

By Web TeamFirst Published Sep 24, 2021, 8:16 PM IST
Highlights

''സംഗീതം ഹറാമാണ് (നിഷിദ്ധം) എന്നാണ് ഇസ്‌ലാമിക മതവിധി. നിഷിദ്ധമല്ലാത്ത എന്തും കാമ്പസുകളില്‍ അനുവദിക്കും.''
 

''ആദ്യം മതവിദ്യാഭ്യാസം, പിന്നെ ശാസ്ത്ര പഠനം. അതാണ് ഉന്നത വിദ്യാഭ്യാസത്തോടുള്ള ഞങ്ങളുടെ സമീപനം'-പറയുന്നത്, മുഹമ്മദ് അഷ്റഫ് ഗൈറാത്ത്. ലോകപ്രശസ്തമായ കാബൂള്‍ യൂണിവേഴ്സിറ്റിയുടെ പുതിയ ചാന്‍സലര്‍.  താലിബാന്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്നാണ് നിലവിലെ ചാന്‍സലറും മികച്ച അക്കാദമിക് പണ്ഡിതനുമായ ഡോ. മുഹമ്മദ് ഒസ്മാന്‍ ബാബുരിയെ നീക്കി പകരം മുഹമ്മദ് അഷ്റഫ് ഗൈറാത്തിനെ നിയമിച്ചത്. 

ജേണലിസത്തില്‍ ബിരുദം മാത്രമുള്ള ഗൈറാത്തിനെ ചാന്‍സലറായി നിയമിച്ചതില്‍ പ്രതിഷേധിച്ച് 70 സര്‍വകലാശാലാ അധ്യാപകര്‍ രാജിവെച്ചിരുന്നു. അഫ്ഗാന്‍ ജേണലിസ്റ്റുകളെ കൊന്നുകളയണം എന്നതടക്കമുള്ള പഴയ ട്വീറ്റുകള്‍ മുന്‍നിര്‍ത്തി ഗൈറാത്തിനെതിരെ സോഷ്യല്‍ മീഡിയയിലും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ നിലപാടുകള്‍ ഗൈറാത്ത് തുറന്നു പറഞ്ഞത്. 

വെറുമൊരു ബിരുദക്കാരന്‍ മാത്രമായ തന്നെ ചാന്‍സലറാക്കിയതില്‍ ഗൈറാത്തിന് കൃത്യമായ നിലപാടുണ്ട്. അതിങ്ങനെയാണ്: ''ഞങ്ങള്‍ ആയുധം കൊണ്ട് പിടിച്ചടക്കിയതാണ് അഫ്ഗാന്റെ അധികാരം. ലോകത്തെവിടെയങ്കിലും ഇങ്ങനെ അധികാരത്തിലേറുന്ന ആരെങ്കിലും പുറത്തുള്ള മറ്റുള്ളവര്‍ക്ക് അധികാരത്തില്‍ പങ്കാളിത്തം നല്‍കിയിട്ടുണ്ടോ? ഇല്ലെങ്കില്‍, പിന്നെ എന്തിനാണ് ഞങ്ങള്‍ക്കു മാത്രം ഇക്കാര്യം നിര്‍ബന്ധമാക്കുന്നത്? എന്റെ യോഗ്യത എന്റെ പശ്ചാത്തലമാണ്. അതിനപ്പുറം മറ്റു യോഗ്യതകളൊന്നും വേണ്ടതില്ല. ''

ഇത്തരം മികവുകളേക്കാള്‍ അക്കാദമിക് മികവുകളല്ലേ ചാന്‍സലറാവാന്‍ വേണ്ടതെന്ന ചോദ്യത്തിന് ഇതായിരുന്നു ഉത്തരം:  
ഞാന്‍ കാബൂള്‍ സര്‍വകലാശാലയില്‍നിന്നും ജേണലിസം ബിരുദം എടുത്ത ആളാണ്. അനേകം വര്‍ഷങ്ങള്‍ വിദ്യാഭ്യാസ വകുപ്പില്‍ പല തരം ജോലി ചെയ്തു. താലിബാന്‍ മതപാഠ ശാലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എനിക്ക് എല്ലാ അഫ്ഗാന്‍ ഭാഷകളും ഒപ്പം അറബിയും ഇംഗ്ലീഷും അറിയാം.''

ഉന്നത വിദ്യഭ്യാസ വകുപ്പ് എന്താണോ പറയുന്നത് അതിനനുസരിച്ചായിരിക്കും കാബൂള്‍ സര്‍വകലാശാലയെ നയിക്കുകയെന്നും ഗൈറാത്ത് പറഞ്ഞു. ''അഫ്ഗാനിലെ വിദ്യഭ്യാസ നിലവാരം ഉയര്‍ത്തുക എന്നതാണ് പൊതുലക്ഷ്യമെങ്കിലും മതപഠനത്തിനായിരിക്കും പ്രാധാന്യം നല്‍കുക. ശാസ്ത്രപഠനം അതു കഴിഞ്ഞിട്ടേ വരൂ.'' 

സ്ത്രീകളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അവര്‍ പഠിക്കുന്നതില്‍ വിരോധമില്ല പക്ഷേ, ഇസ്‌ലാമിക നിയമപ്രകാരമേ അത് അനുവദിക്കൂ എന്നുമായിരുന്നു മറുപടി. സംഗീതം, കല പോലുള്ള കാര്യങ്ങളോടുള്ള സമീപനം എന്താണെന്ന ചോദ്യത്തോടുള്ള ഉത്തരം ഇതായിരുന്നു. ''സംഗീതം ഹറാമാണ് (നിഷിദ്ധം) എന്നാണ് ഇസ്‌ലാമിക മതവിധി. നിഷിദ്ധമല്ലാത്ത എന്തും കാമ്പസുകളില്‍ അനുവദിക്കും.''

നേരത്തെ താലിബാന്‍ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ഗൈറാത്ത് സര്‍വകലാശാല അസസ്മെന്റ് സമിതി അധ്യക്ഷന്‍ ആയിരുന്നു. 

click me!