ഓരോ ഭക്ഷണത്തിനും യോജിച്ച വെള്ളം, വില 520 രൂപ മുതൽ 2000 രൂപ വരെ, യുകെ റെസ്റ്റോറന്റിൽ ‘വാട്ടർ മെനു’

Published : Aug 20, 2025, 09:41 PM IST
Representative image

Synopsis

മെനുവിൽ ഏഴ് തരത്തിലുള്ള വെള്ളം ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്രാൻസ്, ഇറ്റലി, പോർച്ചുഗൽ, സ്പെയിൻ, ഐസ്‌ലാൻഡ്, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവയാണ് ഇവ.

യുകെയിലെ ചെഷയറിലുള്ള ഫ്രഞ്ച് സ്റ്റൈൽ റെസ്റ്റോറന്റ് ലാ പോപോട്ട് (La Popote) പുതുമയുള്ള ഒരു മെനുവാണ് തങ്ങളുടെ ഉപഭോക്താക്കൾക്കായി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഭക്ഷണത്തോടൊപ്പം ഒരു വാട്ടർ മെനു എന്ന ആശയമാണ് റസ്റ്റോറൻറ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. മദ്യം കഴിക്കാത്തവരെ ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ് ഈ വാട്ടർമെനു. സാധാരണയായി ഇവിടങ്ങളിലെ റെസ്റ്റോറന്റുകളിൽ ഭക്ഷണ മെനുവിനോടൊപ്പം കാണപ്പെടുന്ന വൈൻ ലിസ്റ്റിന് പകരമായി വാട്ടർ മെനു ആണ് ലാ പോപോട്ട് അവതരിപ്പിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രീമിയം വെള്ളങ്ങളാണ് മെനുവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മെനുവിൽ ഏഴ് തരത്തിലുള്ള വെള്ളം ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്രാൻസ്, ഇറ്റലി, പോർച്ചുഗൽ, സ്പെയിൻ, ഐസ്‌ലാൻഡ്, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവയാണ് ഇവ. വില ഏകദേശം 520 രൂപ (£5) മുതൽ ഏകദേശം 2000 രൂപ ( £19) വരെയാണ്. മെനുവിലെ ഏറ്റവും കുറഞ്ഞ വിലയുള്ള വെള്ളം 520 രൂപയുടെ ക്രാഗ് സ്പ്രിംഗ് വാട്ടർ (Crag Spring Water - £5) ആണ്. അതേസമയം ഏറ്റവും വിലയേറിയത് പോർച്ചുഗലിലെ സ്പാർക്ലിംഗ് വെള്ളമായ പാലസ് ഓഫ് വിഡാഗോ (Palace of Vidago - £19) ആണ്. 2000 രൂപയാണ് ഇതിൻ്റെ വില.

വെള്ളം റൂം ടെംപറേച്ചറിൽ, വൈൻ ഗ്ലാസ്സിൽ, ലെമൺ സ്ലൈസിനൊപ്പം ആണ് നൽകുന്നത്. ചില ഭക്ഷണങ്ങളോടൊപ്പം അതിനു യോജിച്ച വെള്ളവും ചേർത്താണ് നൽകാറ്. ഈ ആശയം മുന്നോട്ട് കൊണ്ടുവന്നത് ബ്രിട്ടനിലെ പ്രശസ്ത വാട്ടർ സോമേലിയർ (ഭക്ഷണത്തിന് യോജിച്ച വെള്ളം തിരഞ്ഞെടുക്കാൻ സഹായിക്കുന്ന വിദ​ഗ്ദ്ധൻ) ആയ ഡോറൻ ബൈൻഡർ ആണ്. ‌

ബൈൻഡറിന്റെ ഈ ആശയത്തിന് ആദ്യം വലിയ വിമർശനവും പരിഹാസവും ആണ് ലഭിച്ചിരുന്നതെങ്കിലും ഇപ്പോൾ വലിയ അംഗീകാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലോകത്ത് പുതിയൊരു ഭക്ഷണ സംസ്കാരത്തിന് തുടക്കം കുറിക്കുന്ന ആശയം എന്ന വിശേഷണമാണ് ഇപ്പോൾ പലരും വാട്ടർ മെനുവിന് നൽകുന്നത്.

 

PREV
Read more Articles on
click me!

Recommended Stories

190ൽ 104 സീറ്റും സ്വന്തമാക്കി, യുഡിഎസ്എഫിനെ പരാജയപ്പെടുത്തി കുസാറ്റ് എസ്എഫ്ഐ തിരിച്ചുപിടിച്ചു
പുരുഷന്മാര്‍ കുറവ്, 'ഭർത്താക്കന്മാരെ' മണിക്കൂറിന് വാടകയ്ക്കെടുത്ത് സ്ത്രീകൾ?