ഇംഗ്ലണ്ടിലും വരള്‍ച്ച, ലോകം അഭിമുഖീകരിക്കാന്‍ പോകുന്നത് എന്തൊക്കെ പ്രതിസന്ധികള്‍?

By Web TeamFirst Published Nov 24, 2019, 12:06 PM IST
Highlights

ജലദൗർലഭ്യം വർദ്ധിക്കുന്ന അവസരത്തിൽ സാധാരണ വെള്ളത്തിന് ക്ഷാമമില്ലാത്ത രാജ്യങ്ങളും അതിനായി ഉണർന്നു പ്രവർത്തിക്കേണ്ടി വരും. പല രാജ്യങ്ങളും ഇപ്പോൾ  അമിത ഉപയോഗം മൂലം ജലക്ഷാമം നേരിടുന്നുണ്ട്. ജലവിതരണ സംവിധാനങ്ങളെക്കുറിച്ച് വേണ്ടത്ര അവബോധമില്ല എന്നതാണ് ഒരു കാരണം.

കാലാവസ്ഥ വ്യതിയാനങ്ങൾ ഇന്നുണ്ടാകുന്ന മാറ്റങ്ങൾ പ്രവചനാതീതമാണ്. ഒരിക്കലും വറ്റാത്ത ജലസംഭരണികൾ വരണ്ടു തുടങ്ങുന്നു. ഒരിക്കലും മഴ ലഭിക്കാതിരുന്ന സ്ഥലങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നു. ഇംഗ്ലണ്ടിലും സംഭവിച്ചത് മറ്റൊന്നല്ല. എപ്പോഴും മഴ ലഭിക്കുന്ന രാജ്യമാണ് ഇംഗ്ലണ്ട്. നനഞ്ഞുകുതിർന്നു കിടന്നിരുന്ന ആ രാജ്യത്ത് ഇന്ന് ലഭിക്കുന്ന മഴയുടെ തോത് മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവാണ്. ഒരുകാലത്ത് വെള്ളത്തിന്‍റെ  ധാരാളിത്തം അനുഭവിച്ചിരുന്ന അവിടുത്തെ ജനങ്ങൾ ഇപ്പോൾ പക്ഷേ, ജലക്ഷാമം നേരിടുകയാണ്.

ഇംഗ്ലണ്ടിലെ ശൈത്യകാലം തണുപ്പും നനവുമുള്ളതാണ്. ആഴ്ചകളോളം ഇവിടെ മഴ പെയ്യും. പുൽത്തകിടികളും പൂന്തോട്ട ജലാശയങ്ങളും കവിഞ്ഞൊഴുകും. യുകെയുടെ ശരാശരി വാർഷിക മഴ 1200 മില്ലിമീറ്ററാണ്. എന്നാൽ  ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ, യുകെയുടെ പ്രധാന ഭാഗങ്ങളിൽ വരൾച്ച അനുഭവപ്പെട്ടു തുടങ്ങി. യുകെയിലെ ഏറ്റവും ജനസംഖ്യയുള്ള തെക്ക്-കിഴക്കൻ പ്രദേശങ്ങളിൽ, ശരാശരി വാർഷിക മഴ 500-600 മില്ലിമീറ്ററാണ് - തെക്കൻ സുഡാനേക്കാളും, പടിഞ്ഞാറൻ ഓസ്‌ട്രേലിയയെക്കാളും, പെർത്തിനെക്കാളും കുറവാണത്. ഇവിടെ വെറും 19,000 ചതുരശ്ര കിലോമീറ്ററിൽ 18 ദശലക്ഷം ആളുകളാണ് താമസിക്കുന്നത്. ഈ പ്രദേശം ഇന്ന് വരൾച്ചയുടെ പിടിയിലാണ്.

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ തുടർച്ചയായി ആറ് മാസക്കാലം ശരാശരി മഴ മാത്രമാണ് ലഭിച്ചത്. അതിന്‍റെ  ഫലമായി നിരവധി ജലസംഭരണികൾ അപകടകരമായ തോതിൽ വരളുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. 2017 -ൽ 10 മാസത്തോളം നീണ്ട, 100 വർഷത്തിൽ കണ്ട ഏറ്റവും വരണ്ട കാലാവസ്ഥയാണ് ഇംഗ്ലണ്ടിനുണ്ടായത്.

ഏറ്റവും പുതിയ സർക്കാർ ജല സംഗ്രഹ പദ്ധതി കാണിക്കുന്നത് ഇംഗ്ലണ്ടിലെ 28% ഭൂഗർഭജല ജലാശയങ്ങളും 18% വരെ നദികളും ജലസംഭരണികളും വരണ്ടു കൊണ്ടിരിക്കുകയാണെന്നാണ്. ഇംഗ്ലണ്ടിലെ നദികളിൽ 17% മാത്രമേ ‘നല്ല പാരിസ്ഥിതിക ആരോഗ്യം’ ഉള്ളതായി തരംതിരിക്കപ്പെട്ടിട്ടുള്ളൂ. എന്നിട്ടും പൊതുജനങ്ങൾ ഈ പ്രശ്നത്തെക്കുറിച്ച്  ബോധവാന്മാരല്ല. യുകെയിലെ ഭൂരിഭാഗം ശുദ്ധജലവും ഗാർഹിക ആവശ്യങ്ങൾക്കായാണ്  ഉപയോഗിക്കുന്നത്. കാർഷികആവശ്യങ്ങള്‍ക്കായി വെറും 1% മാത്രമാണ് ഉപയോഗിക്കുന്നത്. ഷവർ, ഉയർന്ന ഫ്ലഷ് ടോയ്‌ലറ്റുകൾ, ഡിഷ്‍വാഷറുകൾ, വാഷിംഗ് മെഷീനുകൾ, ഗാർഡൻ ഹോസുകൾ എന്നിവയുടെ പ്രവർത്തനത്തിനായി ബ്രിട്ടൻ പ്രതിദിനം 150 ലിറ്റർ വെള്ളം ഉപയോഗിക്കുന്നു.

“ഇവിടത്തെ ആളുകൾ വെള്ളത്തെ സംരക്ഷിക്കേണ്ട ഒന്നായി കാണുന്നില്ല” വൈൽഡ് ഫൗൾ ആന്‍ഡ് വെറ്റ് ലാൻഡ് ട്രസ്റ്റിന്റെ ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനായ ഹന്ന ഫ്രീമാൻ നെടുവീർപ്പിട്ടു. “എന്നാൽ ഈ കാലാവസ്ഥാ വ്യതിയാനങ്ങൾ ചൂടുള്ള ശൈത്യകാലത്തിനും വരണ്ട വേനൽക്കാലത്തിനുമുള്ള സാധ്യത 50% വരെ വർദ്ധിപ്പിക്കുന്നു." യുകെയിൽ ഏറ്റവും കൂടിയ ചൂട് അനുഭവപ്പെട്ടത് ഫെബ്രുവരിയിലാണ്. ആ മാസം ലണ്ടനിൽ താപനില 21.2 സെൽഷ്യസിലെത്തി. ശൈത്യകാലത്ത് ആദ്യമായാണ്  20 സെൽഷ്യസിനു മുകളിൽ പോകുന്നത്.

ജലദൗർലഭ്യം വർദ്ധിക്കുന്ന അവസരത്തിൽ സാധാരണ വെള്ളത്തിന് ക്ഷാമമില്ലാത്ത രാജ്യങ്ങളും അതിനായി ഉണർന്നു പ്രവർത്തിക്കേണ്ടി വരും. പല രാജ്യങ്ങളും ഇപ്പോൾ  അമിത ഉപയോഗം മൂലം ജലക്ഷാമം നേരിടുന്നുണ്ട്. ജലവിതരണ സംവിധാനങ്ങളെക്കുറിച്ച് വേണ്ടത്ര അവബോധമില്ല എന്നതാണ് ഒരു കാരണം.

പരമ്പരാഗതമായി ജലസമ്പത്തുള്ള രാജ്യങ്ങൾ ജലത്തിന്‍റെ വിലയും മൂല്യവും മനസിലാക്കണം. വരൾച്ച യുകെയിൽ പതിവായിക്കൊണ്ടിരിക്കുകയാണെങ്കിലും, ആളുകൾ വെള്ളം ഇപ്പോഴും അശ്രദ്ധമായാണ് ഉപയോഗിക്കുന്നത് എന്ന് ഡബ്ല്യുഡബ്ല്യുഎഫ്-യുകെയിലെ കാതറിൻ മോൺക്രീഫ് പറയുന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും പകുതി വീടുകളിൽ മാത്രമേ വാട്ടർ മീറ്റർ സ്ഥാപിച്ചിട്ടുള്ളൂ. ബാക്കി പകുതി അവർ ഉപയോഗിക്കുന്ന വെള്ളത്തിന്‍റെ അളവ് കണക്കിലെടുക്കാതെ ഒരു നിശ്ചിത പ്രതിമാസ നിരക്ക് മാത്രമാണ് നൽകുന്നത്. അതായത് നിങ്ങൾക്ക് എല്ലാ ദിവസവും ഒരു പുൽത്തകിടി നനക്കാം, അല്ലെങ്കിൽ ഒരു മണിക്കൂർ കുളിക്കാം ഇതൊന്നും കണക്കില്‍ പെടുകയോ അതിന് അധികച്ചെലവ് നേരിടേണ്ടിയോ വരുന്നില്ല.

1970 -കളിൽ പ്രതിദിനം 350-420 ലിറ്റർ വരെ വെള്ളം ഉപയോഗിച്ചിരുന്ന ഫിൻലൻഡ്‌ ഇപ്പോൾ അത് പ്രതിദിനം വെറും 115 ലിറ്റർ ആയി ചുരുക്കി. ഉയർന്ന ജലത്തിന്‍റെ നിരക്ക്, മെച്ചപ്പെട്ട സാങ്കേതികവിദ്യ, ഉപഭോക്തൃ അവബോധം എന്നിവയാണ് ഈ മാറ്റത്തിന്‍റെ കാരണം. ജലവിഭവങ്ങളുടെ യുക്തിപൂർണമായ ഉപയോഗം കാലത്തിന്‍റെ തന്നെ ആവശ്യമായി മാറിയിരിക്കുകയാണ്. 


 

click me!