കർപ്പൂരബാഗ് കഴുത്തിലിടുക, ചുംബിക്കാതിരിക്കുക, ഉപ്പുവെള്ളം കുലുക്കുഴിയുക; രോഗവ്യാപനം തടയാന്‍ അന്ന് ചെയ്‍തത്

By Web TeamFirst Published Mar 24, 2020, 9:58 AM IST
Highlights

അന്നത്തെ ആളുകള്‍ സ്പാനിഷ് ഫ്ലൂവില്‍ നിന്ന് രക്ഷനേടാനായി ഉപയോഗിച്ച മറ്റൊരു മാര്‍ഗമാണ് ഇടക്കിടെ ഉപ്പുവെള്ളം കുലുക്കുഴിയുക എന്നത്. നാമിന്ന് ഇടയ്ക്കിടെ കൈകഴുകുന്നതുപോലെ ആളുകള്‍ ഇടയ്ക്കിടെ ഉപ്പുകലക്കിയ വെള്ളം കുലുക്കുഴിഞ്ഞു തുടങ്ങി. 

കൊവിഡ് 19 എന്ന മഹാമാരി ലോകത്തെയാകെത്തന്നെ നടുക്കിയിരിക്കുകയാണ്. എങ്ങനെ ഈ വിപത്തില്‍ നിന്നും കരകയറും എന്നതിനെ കുറിച്ചാണ് ലോകമെമ്പാടും ഭരണാധികാരികള്‍ തല പുകയ്ക്കുന്നത്. ഇന്ത്യയിലെ അവസ്ഥയും മോശമായി വരികയാണ്. കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ മഹാമാരി പകരാതിരിക്കാന്‍ ഏറ്റവും ഫലപ്രദമായ വഴി സാമൂഹിക അകലം കാത്തുസൂക്ഷിക്കുക, മാസ്ക് ധരിക്കുക, എപ്പോഴും കൈകഴുകുക, വ്യക്തിശുചിത്വം പാലിക്കുക തുടങ്ങിയവയെല്ലാമാണ്. വെളുത്തുള്ളി തിന്നാല്‍ മതി, ചൂടിന് കൊറോണ വരില്ല തുടങ്ങി ഒരുപാട് വ്യാജവാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. അത് വിശ്വസിക്കാതിരിക്കുക എന്നതും ഇപ്പോള്‍ പ്രധാനമാണ്. 

മഹാമാരികൾ ഇതിനുമുമ്പും ലോകത്തെ പിടിച്ചുകുലുക്കിയിട്ടുണ്ട്. ഇതുപോലെ പടര്‍ന്നുപിടിച്ച മറ്റൊരു മഹാമാരിയായിരുന്നു സ്പാനിഷ് ഫ്ലു. ചരിത്രത്തിലെ തന്നെ ഏറ്റവും ഭയപ്പെടുത്തിയ മഹാമാരികളിലൊന്ന്. 1918-1919 കാലഘട്ടത്തിലുണ്ടായ സ്പാനിഷ് ഫ്ലൂ 500 മില്ല്യണ്‍ ആളുകളെയാണ് ബാധിച്ചത്. അതായത് ലോകജനസംഖ്യയുടെ മൂന്നിലൊരു ഭാഗം ആളുകളെയും അത് ബാധിച്ചുവെന്ന് സാരം. ഇന്നും സീസണല്‍ ഇന്‍ഫ്ലുവന്‍സ ലോകത്തുണ്ടാവുന്നുണ്ട്. ഓരോ വര്‍ഷവും നിരവധിയാളുകളാണ് ഇങ്ങനെ കൊല്ലപ്പെടുന്നുവെന്നാണ് പറയുന്നത്. 

നാമിന്നു ചെയ്യുന്നതുപോലെ ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയിലും ജനങ്ങള്‍ അന്നത്തെ ഫ്ലൂവില്‍ നിന്നും രക്ഷനേടാനായി പലതരം വഴികളന്വേഷിച്ചിരുന്നു. അതിലൊന്നാണ് കര്‍പ്പൂരത്തിന്‍റെ ബാഗ് ധരിക്കുക എന്നത്. അതായത് കര്‍പ്പൂരം നിറച്ച കുഞ്ഞ് ബാഗുകള്‍ കഴുത്തിലും മറ്റും തൂക്കിയിടുക. അത് രോഗപ്രതിരോധശേഷിയുണ്ടാക്കുകയും ഫ്ലൂവില്‍ നിന്ന് രക്ഷിക്കുകയും ചെയ്യുമെന്ന് അന്ന് ആളുകള്‍ വിശ്വസിച്ചിരുന്നു. അതുപോലെ തന്നെ ഡോക്ടര്‍മാരും നേഴ്സുമാരും രോഗികളുടെ കൈകളിലോ കാലിലോ കര്‍പ്പൂരം ഇഞ്ചക്ട് ചെയ്യുകയും ചെയ്യുമായിരുന്നുവത്രെ. ഇതിലൊക്കെ നിശ്ചിതവും സുരക്ഷ്ഷിതവുമായ അളവുകളിലാണ് കര്‍പ്പൂരം ഉപയോഗിക്കുന്നത്. 

 

അന്നത്തെ ആളുകള്‍ സ്പാനിഷ് ഫ്ലൂവില്‍ നിന്ന് രക്ഷനേടാനായി ഉപയോഗിച്ച മറ്റൊരു മാര്‍ഗമാണ് ഇടക്കിടെ ഉപ്പുവെള്ളം കുലുക്കുഴിയുക എന്നത്. നാമിന്ന് ഇടയ്ക്കിടെ കൈകഴുകുന്നതുപോലെ ആളുകള്‍ ഇടയ്ക്കിടെ ഉപ്പുകലക്കിയ വെള്ളം കുലുക്കുഴിഞ്ഞു തുടങ്ങി. അതില്‍ സാധാരണക്കാരും മിലിട്ടറി ഉദ്യോഗസ്ഥരും എല്ലാം ഉണ്ടായിരുന്നു. 

 

അതുപോലെതന്നെ അന്ന് ആന്‍റി-ഫ്ലൂ ആണെന്നും പറഞ്ഞ് ചില ദ്രാവകങ്ങളൊക്കെ തളിക്കുക എന്നതും ഉണ്ടായിരുന്നു. ഇതൊക്കെ എത്രത്തോളം ഫലപ്രദമാണെന്നോ രോഗത്തെ ചെറുക്കുന്നതാണെന്നോ പക്ഷെ പറയുക സാധ്യമല്ല. 1920 -ലാണ് പ്രധനമായും ഈ വഴി ആളുകള്‍ പരീക്ഷിച്ചത്. 

 

അതിനിടെ പ്രൊഫസര്‍ ബോര്‍ഡ്ലര്‍ ഒരു മെഷീന്‍ ഈ ഫ്ലൂവിനെ ഇല്ലാതാക്കും എന്ന വാദവുമായി എത്തിയിരുന്നു. ഏകദേശം 1928 -ല്‍ എടുത്ത ഒരു ചിത്രത്തില്‍ എങ്ങനെയാണ് ഈ മെഷീന്‍ ഉപയോഗിക്കേണ്ടത് എന്ന് അദ്ദേഹം കാണിച്ചുകൊടുക്കുന്നതായി കാണാം. അദ്ദേഹം അതിലുപയോഗിച്ചിരിക്കുന്നത് തന്‍റെ സ്വന്തം മെഷീനാണ്. 

 

മറ്റൊന്നാണ് മാസ്ക്. ഇന്നും നാം മാസ്ക് ഉപയോഗിക്കുന്നുണ്ട് ഇത്തരം രോഗങ്ങളുടെ വ്യാപനം തടയാന്‍. ലോകമാകെ അംഗീകരിച്ച മാര്‍ഗങ്ങളിലൊന്നാണിത്. അത് സ്വയം സുരക്ഷയുടെയും ചുറ്റുമുള്ളവരുടെ സുരക്ഷയുടെയും ഭാഗമാണ്. 1932 -ലൊക്കെ ആളുകള്‍ വ്യാപകമായി മാസ്കുകള്‍ ധരിച്ചിരുന്നതായി കാണാം. വ്യത്യസ്ത തരത്തിലുള്ള മാസ്കുകള്‍ വളരെ കൊല്ലങ്ങള്‍ മുമ്പ് തന്നെ ആളുകള്‍ ഇത്തരം രോഗങ്ങളുടെ വ്യാപനം തടയാനായി ഉപയോഗിച്ചിരുന്നു. 

 

കൊവിഡിന്‍റെ സമയത്തുള്ള ഏറ്റവും വലിയ മുന്‍കരുതലാണ് പരസ്പരം സ്പര്‍ശിക്കാതിരിക്കുക എന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ആളുകള്‍ ഇത്തരം കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കിയിരുന്നു. സ്പര്‍ശിക്കാതിരിക്കുക, ചുംബിക്കാതിരിക്കുക ഇവയൊക്കെ രോഗവ്യാപനത്തെ തടയാനുതകുമെന്നും അന്നുള്ളവര്‍ വിശ്വസിച്ചിരുന്നു. 1939 -ല്‍ എടുത്ത ഒരു ചിത്രത്തില്‍ ഒരു കുഞ്ഞിന്‍റെ കുപ്പായത്തിലായി 'ഫ്ലൂ മുന്‍കരുതല്‍: പ്ലീസ് എന്നെ ഉമ്മവയ്ക്കരുത്' എന്നെഴുതിയിരിക്കുന്നതായി കാണാം.

 

അന്ന് ഫ്ലൂ റേഷനായി ഓറഞ്ചുകള്‍ ലഭിച്ചിരുന്നു. ഓരോ ദിവസവും മൂന്ന് ഓറഞ്ചുകളാണ് ലഭിച്ചിരുന്നത്. ബ്രിട്ടീഷ് നടിയായ മോളി ലമന്‍റ് അവരുടെ റേഷന്‍ ലഭിച്ച ശേഷം ലണ്ടനിലെ എല്‍സ്ട്രീ സുറ്റുഡിയോയുടെ മുന്നില്‍വച്ചെടുത്ത ചിത്രം തന്നെ അതിന് തെളിവാണ്. 1940 -ലായിരുന്നു ഇത്. 

 

ഇത് ആളുകള്‍ അന്ന് സ്വീകരിച്ചിരുന്ന, രോഗവ്യാപനത്തെ ചെറുക്കുമെന്ന് വിശ്വസിച്ച് സ്വീകരിച്ച ചില വഴികള്‍ മാത്രമായിരുന്നു. ഇവയില്‍ ഏതെല്ലാം എത്രത്തോളം അതിനുതകുന്നതായിരുന്നു എന്ന് പറയുക സാധ്യമല്ല. നമുക്ക് ഇന്ന് ചെയ്യാവുന്നത് നമ്മുടെ ആരോഗ്യരംഗത്തുള്ളവര്‍ പറയുന്നത് അനുസരിക്കുക. ചുറ്റുമുള്ള വ്യാജവാര്‍ത്തകളോട് കണ്ണടക്കുക, സാമൂഹ്യപ്രതിബദ്ധത ഉള്ളവരായിരിക്കുക എന്നതാണ്. ഈ മഹാമാരിയെയും നമുക്ക് അതിജീവിച്ചേ തീരൂ. 

click me!