
ബഹിരാകാശ യാത്രകൾ എന്നും മനുഷ്യർക്ക് വളരെ ആവേശം തോന്നിക്കുന്ന കാര്യമാണ്. അവിടെ നിന്നുള്ള വാർത്തകളും ബഹിരാകാശ യാത്രികരുടെ അനുഭവങ്ങളും നമ്മിൽ നിഗൂഢതയും ആകാംക്ഷയും ഉണ്ടാക്കാറുണ്ട്. എങ്ങനെയാവും അവിടെ ബഹിരാകാശ യാത്രികർ നിൽക്കുന്നത്, എന്തൊക്കെയാണ് അവിടെ സംഭവിക്കുന്നത് എന്നെല്ലാം നാം ചിന്തിക്കാറുണ്ട്. അതിനാൽ തന്നെയാവും അവിടെ നിന്നുള്ള കാഴ്ചകൾ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. അതുപോലെ ഒരു പഴയ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്.
വീഡിയോയിൽ ഒരു ബഹിരാകാശയാത്രികൻ നനഞ്ഞ ഒരു ടവ്വലിൽ നിന്നും വെള്ളം പിഴിഞ്ഞെടുക്കുന്നത് എങ്ങനെയാണെന്നാണ് കാണുന്നത്. 2013 -ലാണ് വീഡിയോ എടുത്തിരിക്കുന്നത്. അന്ന് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നും ഈ പരീക്ഷണം നടത്തിയത് റിട്ടയേർഡ് കനേഡിയൻ ബഹിരാകാശ സഞ്ചാരിയായ ക്രിസ് ഹാഡ്‌ഫീൽഡാണ്.
വീഡിയോയിൽ, ഹാഡ്‌ഫീൽഡ് ഒരു ടവ്വൽ എടുത്തശേഷം അത് വലിച്ചുനീട്ടിപ്പിടിക്കുന്നത് കാണാം. ബഹിരാകാശത്ത് ഗുരുത്വാകർഷണമില്ലാത്തതിനാൽ തന്നെ ഭൂമിയിലേത് പോലെ ടവ്വലിൽ നിന്നും വെള്ളം താഴേക്ക് വീഴില്ലല്ലോ. പകരം, അത് ഒരു ജെൽ പോലെയുള്ള ആകൃതിയിലേക്ക് മാറുകയാണ്. ശേഷം അത് ടവ്വലിനെ പൊതിഞ്ഞെന്ന പോലെയാണ് കാണപ്പെടുന്നത്. 30 സെക്കൻഡ് ദൈർഘ്യമേയുള്ളൂ വീഡിയോയ്ക്കെങ്കിലും വീഡിയോ ആളുകളെ അമ്പരപ്പിച്ചു.
വീഡിയോ ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത് റെഡ്ഡിറ്റിലാണ്. വീഡിയോ കണ്ടതോടെ നിരവധി ആളുകളാണ് അതിന് കമന്റുകളുമായി എത്തിയത്. ഇങ്ങനെയാണ് അവസ്ഥയെങ്കിൽ ബഹിരാകാശത്ത് യാത്രികർക്ക് അവരുടെ വസ്ത്രങ്ങളലക്കുക ഒരു പണി തന്നെ ആയിരിക്കും എന്നായിരുന്നു ഒരു രസികന്റെ കമന്റ്. എന്നാൽ, ഇതൊന്നുമല്ലാതെ തന്നെ നിരവധിക്കണക്കിന് ചർച്ചകളാണ് ഈ വീഡിയോയുടെ താഴെ വന്നിരിക്കുന്നത്. പലരും ബഹിരാകാശയാത്രയെ കുറിച്ച് തങ്ങൾക്കറിയാവുന്ന പല കാര്യങ്ങളും പങ്ക് വച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: