
റഷ്യൻ പ്രതിപക്ഷ നേതാവും വ്ലാഡ്മിർ പുടിന്റെ കടുത്ത വിമർശകനുമായിരുന്ന അലക്സി നവാൽനിയെ ജയിലിൽ വെച്ച് കൊലപ്പെടുത്തിയത് തെക്കേ അമേരിക്കൻ തവളകളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഉഗ്രവിഷം നൽകിയാണെന്ന് അഞ്ച് യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്ത വെളിപ്പെടുത്തൽ! നവാൽനിയുടെ മരണത്തിന്റെ 2 -ാം വാർഷികത്തോടനുബന്ധിച്ച് ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, സ്വീഡൻ, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളാണ് ലാബ് പരിശോധനകളുടെ അടിസ്ഥാനത്തിൽ ഈ നിർണ്ണായക വിവരം പുറത്തുവിട്ടത്.
തെക്കേ അമേരിക്കയിൽ കാണപ്പെടുന്ന 'പോയിസൺ ഡാർട്ട് ഫ്രോഗ്' (Poison Dart Frog) എന്ന ഒരിനം തവളകളുടെ തൊലിയിൽ കാണപ്പെടുന്ന എപ്പിബാറ്റിഡിൻ (Epibatidine) എന്ന ന്യൂറോടോക്സിൻ ആണ് നവാൽനിയെ കൊല്ലാൻ ഉപയോഗിച്ചതെന്നാണ് റിപ്പോർട്ട്. നവാൽനിയുടെ ശരീരത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ ഇതിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നു. സാധാരണ വേദനസംഹാരിയായ മോർഫിനേക്കാൾ ഏകദേശം 100 മടങ്ങ് ശക്തിയുള്ളതാണ് ഈ വിഷം. ഇത് മനുഷ്യന്റെ നാഡീവ്യവസ്ഥയെ തളർത്തുന്നു. ശരീരത്തിലെ ശ്വസനപേശികൾ നിശ്ചലമാവുകയും തുടർന്ന് ശ്വാസം മുട്ടി മരണം സംഭവിക്കുകയുമാണ് ചെയ്യുന്നത്.
ഗവേഷകരുടെ കണ്ടെത്തലുകൾ പ്രകാരം, ഈ തവളകൾ തനിയെ വിഷം ഉൽപ്പാദിപ്പിക്കുകയല്ല ചെയ്യുന്നത്. അവ കഴിക്കുന്ന പ്രത്യേക തരം പ്രാണികളിൽ നിന്നാണ് ഈ വിഷം തവളകളുടെ ശരീരത്തിൽ എത്തുന്നത്. ഇതിന് തെളിവായി അവർ ചൂണ്ടിക്കാട്ടുന്നത്, ജനവാസമേഖലകളിൽ കാണപ്പെടുന്ന തവളകളിൽ ഈ വിഷം കാണപ്പെടുന്നില്ല എന്നതാണ്. അവയ്ക്ക് കാട്ടിൽ ലഭിക്കുന്ന ആ പ്രത്യേക ആഹാരം ലഭിക്കാത്തതാണ് ഇതിന് കാരണം. അതിനാൽ തന്നെ, കൃത്രിമമായി ലാബുകളിൽ നിർമ്മിച്ച വിഷമാകാം നവാൽനിക്ക് നൽകിയതെന്നാണ് നിഗമനം.
അതീവ സുരക്ഷയുള്ള ജയിലിനുള്ളിൽ വെച്ച് ഇത്തരം ഒരു വിഷം നൽകണമെങ്കിൽ അത് റഷ്യൻ ഭരണകൂടത്തിന്റെ ഒത്താശയോടെ മാത്രമേ സാധിക്കൂ എന്നാണ് യൂറോപ്യൻ രാജ്യങ്ങൾ ആരോപിക്കുന്നത്. കെമിക്കൽ വെപ്പൺസ് കൺവെൻഷന്റെ ലംഘനമാണ് റഷ്യ നടത്തിയിരിക്കുന്നതെന്നും ഇതിനെതിരെ അന്താരാഷ്ട്ര തലത്തിൽ നടപടി വേണമെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ട്.
2024 ഫെബ്രുവരിയിൽ ആർട്ടിക് ജയിലിൽ വെച്ചാണ് നവാൽനി മരണപ്പെട്ടത്. നടക്കാൻ പോയപ്പോൾ കുഴഞ്ഞുവീണതാണെന്നായിരുന്നു അന്ന് റഷ്യ നൽകിയ ഔദ്യോഗിക വിശദീകരണം. എന്നാൽ ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ യൂലിയ നവാൽനി അന്നേ ആരോപിച്ചിരുന്നു. പുറത്തുവന്ന പുതിയ ലാബ് റിപ്പോർട്ടുകൾ യൂലിയയുടെ ആരോപണങ്ങൾക്ക് ശക്തി പകരുന്നതാണ്.