ശരിക്കും ഒന്നുറങ്ങിയിട്ട് മാസങ്ങളായി, നി​ഗൂഢമായ മൂളലിന്റെ ഉറവിടം തേടി ഈ പ്രദേശത്തുകാർ

By Web TeamFirst Published Oct 15, 2021, 4:22 PM IST
Highlights

ആ ശബ്ദം തന്റെ ആരോഗ്യത്തെ ബാധിച്ചതായി അവിടത്തെ താമസക്കാരിയായ ഇവോൺ കോണർ പറഞ്ഞു. വിശ്രമമില്ലാത്തതിനാൽ തന്റെ ജോലി സമയം മാറ്റേണ്ടി വന്നുവെന്നും, മറ്റുള്ളവർ ഒന്ന് കണ്ണടക്കാനായി വാരാന്ത്യത്തിൽ ഹോട്ടലുകളിൽ മുറിയെടുക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. 

ഇം​ഗ്ലണ്ടിലെ ഹാലിഫാക്സിലെ(Holmfield, Halifax) നിവാസികൾ ഇപ്പോൾ ഒരു പ്രശ്നത്തെ നേരിടുകയാണ്. ഒന്നോ രണ്ടോ ദിവസം ഉറക്കം കിട്ടിയില്ലെങ്കിൽ പോലും, നമ്മൾ ആകെ തളർന്നു പോകും. എന്നാൽ, അവിടത്തുകാരാകട്ടെ നേരെചൊവ്വേ ഒന്നുറങ്ങിയിട്ട് മാസങ്ങളായി. അവരുടെ ഉറക്കം കെടുത്തുന്നത് മനുഷ്യരോ, മൃഗങ്ങളോ ഒന്നുമല്ല. മറിച്ച്, നിഗൂഢമായൊരു മൂളക്കമാണ്. കഴിഞ്ഞ ഒരു വർഷമായി ഗ്രാമത്തിൽ രാവും പകലും ഈ മൂളക്കമാണ്. ആളുകളുടെ കാതിന് അസ്വസ്ഥതയുണ്ടാക്കുന്ന ഇതിന്റെ ഉറവിടം ഇതുവരെ അറിയാൻ സാധിച്ചിട്ടില്ല. ഹാലിഫാക്സ് ഹം എന്നാണ് അതിനെ നാട്ടുകാർ വിളിക്കുന്നത്.

ഒട്ടും സുഖകരമല്ലാത്ത ആ ശബ്ദം മൂലം അവർക്ക് രാത്രി ഉറങ്ങാൻ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ തങ്ങളുടെ ആരോഗ്യം നശിച്ചുകൊണ്ടിരിക്കയാണെന്ന് അവർ പരാതി പറയുന്നു. പ്രാദേശിക വ്യാവസായിക യൂണിറ്റുകളാണ് ഇതിന് പിന്നിലെന്ന് ആളുകൾ കുറ്റപ്പെടുത്തുമ്പോഴും, കാൽഡർഡേൽ കൗൺസിൽ നടത്തിയ അന്വേഷണത്തിൽ മറ്റ് നിരവധി സാധ്യതകൾ കണ്ടെത്തി. ഇതിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഗ്രാമവാസികൾ അധികൃതരോട് ആവശ്യപ്പെട്ടു. അന്വേഷണം നിലച്ചേക്കുമെന്ന ഭീതിയിൽ അടുത്തിടെ 400 പേർ ഒപ്പ് വച്ച ഒരു ഹർജി സമർപ്പിക്കുകയുണ്ടായി. കാൽഡെർഡേൽ കൗൺസിലിനും ബ്രാഡ്ഫോർഡ് മെട്രോപൊളിറ്റൻ കൗൺസിലിനുമാണ് ഓൺലൈൻ വഴി നിവേദനം നൽകിയത്.  

കുറഞ്ഞ ആവൃത്തിയിലുള്ള ആ ശബ്ദം തന്റെ ആരോഗ്യത്തെ ബാധിച്ചതായി അവിടത്തെ താമസക്കാരിയായ ഇവോൺ കോണർ പറഞ്ഞു. വിശ്രമമില്ലാത്തതിനാൽ തന്റെ ജോലി സമയം മാറ്റേണ്ടി വന്നുവെന്നും, മറ്റുള്ളവർ ഒന്ന് കണ്ണടക്കാനായി വാരാന്ത്യത്തിൽ ഹോട്ടലുകളിൽ മുറിയെടുക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. "ഇത് ഉറക്കക്കുറവ്, തലവേദന, ഓർമ്മക്കുറവ്, ചെവി വേദന, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഏകദേശം ഒരു വർഷമായി താമസക്കാർക്ക് സ്വന്തം വീട്ടിൽ വിശ്രമിക്കാൻ കഴിയുന്നില്ല. രാവും പകലും ഈ ശബ്ദമാണ്" അവർ പറഞ്ഞു. 

അടുത്തിടെ നടന്ന ഒരു കാബിനറ്റ് യോഗത്തിൽ അന്വേഷണം തുടരുമെന്ന് കാൽഡർഡേൽ കൗൺസിൽ കൗൺസിലർ സ്കോട്ട് പേഷ്യന്റ് പറഞ്ഞു. "അവർ ഇപ്പോഴും അന്വേഷണങ്ങൾ നടത്തുന്നു. ഈ പ്രശ്‌നം പരിഹരിക്കുന്നത് വരെ അന്വേഷണം തുടരും," അദ്ദേഹം പറഞ്ഞു. 

click me!