അയൽക്കാരന്റെ ഡോർബെല്‍ സ്വകാര്യതയെ ഹനിക്കുന്നു, ഒരുകോടി രൂപ നഷ്‍ടപരിഹാരം നൽകണമെന്ന് കോടതി

By Web TeamFirst Published Oct 15, 2021, 3:07 PM IST
Highlights

താൻ ജോൺ വുഡാർഡിനോട് ഇതേപ്പറ്റി പരാതിപ്പെട്ടപ്പോൾ അയാൾ മോശമായി പെരുമാറിയെന്നും മേരി ഫെയർഹർസ്റ്റ് കോടതിയിൽ പറഞ്ഞു. 

ഒരു ഡോർബെൽ വെച്ചതിന്റെ പേരിൽ അയൽവാസിക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം(compensation) നൽകേണ്ട ഗതികേടിലാണ് യുകെ നിവാസിയായ ജോൺ വുഡാർഡ്(John Woodard). വെറുമൊരു ഡോർ ബെല്ലായിരുന്നു അത്. മറിച്ച് ക്യാമറയും, മൈക്രോഫോണുമുള്ള അത് അയൽവാസിയുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്നു എന്നതായിരുന്നു പ്രശ്‌നം. മോഷണം തടയാനായിരുന്നു വാതിലിന് മുന്നിൽ ആ 45 -കാരൻ ഡോർബെൽ ക്യാമറ സ്ഥാപിച്ചത്. എന്നാൽ, രാജ്യത്തെ സ്വകാര്യതാ നിയമങ്ങൾക്ക് വിരുദ്ധമാണിതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. സ്വന്തം സുരക്ഷ മാത്രമായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ ചിന്ത.

2019 -ൽ മോഷ്ടാക്കൾ അദ്ദേഹത്തിന്റെ വീട്ടിൽ അതിക്രമിച്ച് കയറുകയും, കാർ മോഷ്ടിക്കാൻ ഒരു ശ്രമം നടത്തുകയും ചെയ്തിരുന്നു. അതിനെ തുടർന്നാണ് ആമസോണിൽ നിന്ന് അദ്ദേഹം റിംഗ്ബെല്ലുകൾ വാങ്ങി വാതിലിൽ ഘടിപ്പിച്ചത്. ഇന്റർനെറ്റിൽ കണക്റ്റു ചെയ്‌ത അതിലൂടെ അവർക്ക് വീടിന് പുറത്ത് നിരീക്ഷിക്കാനും വീട്ടിൽ വരുന്ന ഓരോ വ്യക്തിയെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കാനും കഴിയും. ഇത് മാത്രമല്ല, 40 അടിയിലധികം ദൂരത്ത് നിന്നുള്ള ശബ്ദം റെക്കോർഡ് ചെയ്യാനുള്ള കഴിവും ഇതിനുണ്ട്. ആളുകളെ വീഡിയോയിൽ പകർത്തുമെന്ന് മാത്രമല്ല, ആളുകളുടെ സംഭാഷണങ്ങളും ഇത് പിടിച്ചെടുക്കും. 

അതുകൊണ്ട് തന്നെ, അദ്ദേഹത്തിന്റെ അയൽക്കാരിയായ ഡോ. മേരി ഫെയർഹർസ്റ്റിനെ സംബന്ധിച്ചിടത്തോളം  ഈ ഡോർബെൽ അവരുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമായിരുന്നു. തുടർന്ന് വലിയ ബുദ്ധിമുട്ടായി തോന്നിയ അവർ കോടതിയെ സമീപിക്കുകയായിരുന്നു. ഓരോ നിമിഷവും താൻ വുഡാർഡിന്റെ നിരീക്ഷണത്തിലാണെന്ന് അവർ കോടതിയിൽ പറഞ്ഞു. ഇതുമൂലം തനിക്ക് വലിയ പ്രയാസം അനുഭവപ്പെടുന്നെന്നും, താൻ ഓക്സ്ഫോർഡ്ഷയറിലെ വീട്ടിൽ നിന്ന് മാറാൻ നിർബന്ധിതയായി എന്നും അവർ കോടതിയിൽ പറഞ്ഞു.  

താൻ ജോൺ വുഡാർഡിനോട് ഇതേപ്പറ്റി പരാതിപ്പെട്ടപ്പോൾ അയാൾ മോശമായി പെരുമാറിയെന്നും മേരി ഫെയർഹർസ്റ്റ് കോടതിയിൽ പറഞ്ഞു. അവരുടെ ആശങ്കകൾ അവഗണിച്ചുകൊണ്ട് വുഡാർഡ് ഡോർബെൽ നീക്കം ചെയ്യാൻ വിസമ്മതിച്ചു. അത്തരമൊരു സാഹചര്യത്തിൽ, കോടതിയെ സമീപിക്കുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നെന്നും അവർ പറഞ്ഞു. കോടതി അവരുടെ വാദങ്ങൾ ഒരു പരിധിവരെ അംഗീകരിച്ചു. 

വുഡാർഡ് 2018 -ലെ ഡാറ്റാ പ്രൊട്ടക്ഷൻ ആക്ടും, ജനറൽ ഡാറ്റാ പ്രൊട്ടക്ഷൻ റെഗുലേഷനും ലംഘിച്ചുവെന്ന് വിചാരണ വേളയിൽ ജഡ്ജി മെലിസ ക്ലാർക്ക് കണ്ടെത്തി. ഇതിനെ തുടർന്നാണ് ഒരു കോടി രൂപ നഷ്ടപരിഹരമായി നല്കാൻ കോടതി വിധിച്ചത്. യുകെ ചരിത്രത്തിൽ ഒരു ഡോർബെല്ലിന്റെ പേരിൽ ഒരാൾക്ക് കനത്ത പിഴ ഈടാക്കുന്നത് ഇതാദ്യമായിട്ടായിരിക്കും. അതേസമയം, ആരുടെയും സ്വകാര്യതയെ ബാധിക്കാതിരിക്കാൻ ഈ ഡോർബെൽ ശ്രദ്ധയോടെ ഉപയോഗിക്കണമെന്ന് കമ്പനി ഉപഭോക്താക്കളോട് പറഞ്ഞു.   

click me!