നിത്യാനന്ദയുടെ ഹിന്ദുരാഷ്ട്രം: കൈലാസത്തില്‍ റിസര്‍വ്വ് ബാങ്കും സര്‍വ്വകലാശാലയും, പ്രഥമ ഭാഷ ഇംഗ്ലീഷ് !

By Web TeamFirst Published Dec 6, 2019, 11:04 AM IST
Highlights

വിക്കിപീഡിയയ്ക്ക് സമാനമായി നിത്യാനന്ദപീഡിയയും റിസര്‍വ്വ് ബാങ്കിന് സമാനമായി ഹിന്ദു ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് റിസര്‍വ്വ് ബാങ്കും ഹിന്ദു സര്‍വ്വകലാശാല, ഗുരുകുലം, സേക്രട് ആര്‍ട്സ് സര്‍വ്വകലാശാല, മന്ത്രി സഭ ഇവയെല്ലാം അടങ്ങുന്ന കൈലാസത്തിലെ പ്രഥമ ഭാഷ ഇംഗ്ലീഷാണ്

ഇന്ത്യ വിട്ട് കരീബിയന്‍ ദ്വീപായ ട്രിനിഡാഡ് ആന്‍റ് ടുബാഗോയ്ക്ക് സമീപം ദ്വീപ് വാങ്ങി സ്വന്തം രാജ്യം സ്ഥാപിച്ച ആള്‍ദൈവം നിത്യാനന്ദ രാജ്യത്തേക്ക് എത്തുന്നവര്‍ക്ക് നല്‍കുന്നത് വമ്പന്‍ വാഗ്ദാനങ്ങള്‍. കൈലാസ എന്ന് പേരിട്ടിരിക്കുന്ന രാജ്യത്ത് റിസര്‍വ്വ് ബാങ്ക് മുതല്‍ സര്‍വ്വകലാശാല വരെയുണ്ടാവുമെന്നാണ് നിത്യാനന്ദയുടെ പ്രഖ്യാപനം. സ്വന്തം രാജ്യങ്ങളില്‍ ഹിന്ദുവിസം ശരിയായ രീതികളില്‍ പിന്തുടരാന്‍ ബുദ്ധിമുട്ട് നേരിടുന്ന ഹിന്ദുക്കളെയാണ് നിത്യാനന്ദ കൈലാസത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

വിക്കിപീഡിയയ്ക്ക് സമാനമായി നിത്യാനന്ദപീഡിയയും റിസര്‍വ്വ് ബാങ്കിന് സമാനമായി ഹിന്ദു ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് റിസര്‍വ്വ് ബാങ്കും ഹിന്ദു സര്‍വ്വകലാശാല, ഗുരുകുലം, സേക്രട് ആര്‍ട്സ് സര്‍വ്വകലാശാല, നിത്യാനന്ദ ടിവി, ഹിന്ദുവിസം നൗ എന്നീ ചാനലുകളുമടക്കം വന്‍ സംവിധാനങ്ങളാണ് കൈലാസത്തിലൊരുക്കിയിരിക്കുന്നതെന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നു. 

ക്രിപ്റ്റോ കറന്‍സി വഴിയാകും ഹിന്ദു ഇന്‍വെസ്റ്റ്മെന്‍റ് ആന്‍ഡ് റിസര്‍വ്വ് ബാങ്കിലേക്ക് സംഭാവനകള്‍ സ്വീകരിക്കുക. ധര്‍മ സംരക്ഷണമാണ് ക്രിപ്റ്റോ കറന്‍സിയിലൂടെ ലക്ഷ്യമിടുന്നതെന്നും കൈലാസ വിശദമാക്കുന്നു. നിത്യാനന്ദയുടെ പഠനങ്ങളും ആശയങ്ങളും പ്രബോധനങ്ങളുടേയും ഒരുകുടക്കീഴില്‍ എത്തിക്കുകയാവും നിത്യാനന്ദപീഡിയ ചെയ്യുന്നതെന്നാണ് അവകാശവാദം. നിത്യാനന്ദയുടെ അനുനായികള്‍ക്ക് ഇതുവരെ നല്‍കിയിട്ടുള്ളതും  ഇനി നല്‍കാന്‍ പോവുന്ന സേവനങ്ങളും നിത്യാനന്ദ പീഡിയ പുറത്തെത്തിക്കും. 

കൈലാസത്തിലെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷ് ആയിരിക്കും. രണ്ടാം ഭാഷ സംസ്കൃതവും മൂന്നാം ഭാഷ തമിഴുമാണ്. 100 മില്യണ്‍ ആദി ശൈവ വിശ്വാസികള്‍ കൈലാസത്തിലുണ്ടെന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്. ദക്ഷിണ ഏഷ്യയിലെ യഥാര്‍ത്ഥ ഹിന്ദുവിസം പിന്‍തുടരുന്നവര്‍ തനിക്കൊപ്പമെത്തുമെന്നും നിത്യാനന്ദ പറയുന്നു. രണ്ട് വിഭാഗങ്ങളിലുള്ള പാസ്‍പോര്‍ട്ടാണ് കൈലാസ നല്‍കുന്നത്. പരമശിവന്‍റെ അനുഗ്രഹത്താല്‍ ഈ പാസ്‍പോര്‍ട്ട് ഉപയോഗിച്ച് പതിനൊന്ന് ദിശകളിലേക്കും പതിനാല് ലോകത്തേക്കും പ്രവേശിക്കാന്‍ സാധിക്കുമെന്നും നിത്യാനന്ദ വാഗ്ദാനം ചെയ്യുന്നു. 

ആരോഗ്യം, സംസ്ഥാനം, സാങ്കേതികത, പ്രബുദ്ധമായ സംസ്കാരം, വിദ്യാഭ്യാസം, സാമൂഹിക സേവനം, ഭവന നിര്‍മാണം, വാണിജ്യം, ട്രെഷറി തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെട്ട മന്ത്രിസഭയും നിത്യാനന്ദ ഉറപ്പ് നല്‍കുന്നു. പ്രബുദ്ധമായ സംസ്കാരമെന്നതുകൊണ്ട് സനാതനധര്‍മ്മത്തിന്‍റെ വീണ്ടെടുപ്പാണെന്ന് നിത്യാനന്ദ വിശദീകരിക്കുന്നു. ഹിന്ദു ലൈബ്രറി,യോഗാ ശാസ്ത്രത്തിലെ ഗവേഷണങ്ങളിലൂടെയാണ് സനാതന ധര്‍മ്മം വീണ്ടെടുക്കാന്‍ സാധിക്കുകയെന്നും നിത്യാനന്ദ പറയുന്നു. 

താമരയാണ് കൈലാസത്തിന്‍റെ ദേശീയ പുഷ്പം.

എല്ലാവര്‍ക്കും സൗജന്യമായ ചികിത്സയും വിദ്യാഭ്യാസത്തിനും, ഭക്ഷണത്തിനും അവസരമാണ് കൈലാസയുടെ പ്രധാന വാഗ്ദാനം. ഇവ ക്ഷേത്ര ആചാരങ്ങളുടെ അടിസ്ഥാനത്തിലാവുമെന്ന് നിത്യാനന്ദ കൂട്ടിച്ചേര്‍ക്കുന്നു. നിത്യാനന്ദയും നന്ദിയുമാണ് കൈലാസത്തിന്‍റെ പതാകയിലുള്ളത്.

അനുയായികളോട് കൈലാസത്തിന്‍റെ പതാക ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനും നിത്യാനന്ദ നിര്‍ദ്ദേശിക്കുന്നു. സനാതന ധര്‍മ്മത്തിന്‍റെ സംരക്ഷണം മാത്രമല്ല പ്രചാരണവും നിത്യാനന്ദ കൈലാസത്തിലൂടെ ലക്ഷ്യമിടുന്നു. വിശുദ്ധ മൃഗമായി കണക്കാക്കുന്ന നന്ദിയാണ് കൈലാസത്തിന്‍റെ ദേശീയ മൃഗം.

സിഹംത്തിന്‍റെയും പക്ഷിയുടേയും സംയോജന രൂപമായ ഷരഭമാണ്  കൈലാസത്തിന്‍റെ ദേശീയ പക്ഷി.  

ശിവന്‍, പരാശക്തി, നിത്യാനന്ദ, നന്ദി എന്നിവരാണ് രാജ്യത്തിന്‍റെ ചിഹ്നം.

ആല്‍മരമാണ് ദേശീയ വൃക്ഷം.

വര്‍ണം, ദേശീയത, മതം, ജാതി, വര്‍ഗ ചിന്തകളില്‍ നിന്നൊഴിഞ്ഞുള്ള സമാധാനവും സാഹോദര്യവുമാണ് കൈലാസയുടെ ലക്ഷ്യം. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ വച്ച കേസില്‍ പ്രതിയായ ആള്‍ദൈവം നിത്യാനന്ദ കഴിഞ്ഞ മാസം 21നാണ് ഇന്ത്യ വിട്ടത്. നേപ്പാള്‍ വഴിയാണ് ഇക്വഡോറിലേക്ക് കടന്ന നിത്യാനന്ദ ഇക്വഡോറില്‍ നിന്നുമാണ് കൈലാസ എന്ന് പേരിട്ടിരിക്കുന്ന ദ്വീപ് രാജ്യം നിത്യാനന്ദ വാങ്ങിയിരിക്കുന്നതെന്നാണ് വിവരം. അഹമ്മദാബാദ് പൊലീസ് സൂപ്രണ്ട് ആര്‍ വി അസാരിയാണ് നിത്യാനന്ദ വിദേശത്തേക്ക് കടന്നതായി അറിയിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച വ്യക്തതയില്ലെന്നാണ് കേന്ദ്രം പറ‌ഞ്ഞിരുന്നത്.

click me!