Russia-Ukraine Crisis : എന്താണ് 'മാസ്കിറോവ്ക' എന്ന പുടിന്റെ ചാണക്യതന്ത്രം ?

Published : Feb 26, 2022, 10:43 AM ISTUpdated : Feb 26, 2022, 11:41 AM IST
Russia-Ukraine Crisis : എന്താണ് 'മാസ്കിറോവ്ക' എന്ന പുടിന്റെ ചാണക്യതന്ത്രം ?

Synopsis

ഇത് പുടിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ഒരു സൈനിക തന്ത്രമാണ്. റഷ്യൻ ഭാഷയിൽ ഇതിനു പറയുക 'മാസ്കിറോവ്ക' എന്നാണ്. മലയാളത്തിൽ അതിനു തുല്യമായ പദം ഒരു പക്ഷേ, 'കബളിപ്പിക്കൽ' എന്നതാവും. 

 

"യുക്രൈനിൽ അധിനിവേശം നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ ആർക്കുമേലും ഒരു അടിച്ചേൽപ്പിക്കലും നടത്താൻ ഉദ്ദേശിക്കുന്നുമില്ല."

റഷ്യൻ ഫൈറ്റർ വിമാനങ്ങൾ യുക്രൈന്റെ വ്യോമാതിർത്തി ഭേദിച്ച് നിരവധി തവണ കടന്നുപോയി. രാജ്യത്തെ സുപ്രധാനമായ പല പ്രതിരോധ പ്രസ്ഥാനങ്ങളും ലക്ഷ്യമിട്ട് പലതവണ മിസൈലുകളും റോക്കറ്റുകളും പ്രവഹിച്ചു. കീവ് മുതൽ ഖാർകീവ് വരെ കിഴക്കും പടിഞ്ഞാറുമുള്ള ഒട്ടുമിക്ക യുക്രൈനിയൻ നഗരങ്ങളിലും റഷ്യൻ കവചിത വാഹനങ്ങളും സൈനികരും കടന്നുകയറ്റം നടത്തിയതിന്റെ ദൃശ്യങ്ങളും ലോകമെമ്പാടുമുള്ള ജനം പലവട്ടം കണ്ടു ബോധ്യപ്പെട്ടുകഴിഞ്ഞു. എന്നിട്ടും ലോകത്തോട് സംസാരിച്ച വ്ലാദിമിർ പുടിൻ എന്ന റഷ്യൻ പ്രസിഡന്റിൽ നിന്ന് പുറപ്പെട്ടത് മേൽപ്പറഞ്ഞ വാചകങ്ങളായിരുന്നു.

ഇത്രയൊക്കെ പ്രവർത്തിച്ചു കഴിഞ്ഞിട്ടും പുടിന്റെ കണ്ണിൽ അതൊന്നും തന്നെ യുദ്ധമല്ല. " ജീവനിൽ കൊതിയുണ്ടെങ്കിൽ ആയുധം താഴെവെച്ച് തിരികെ വീടുകളിലേക്ക് പൊയ്ക്കൊള്ളുക" എന്നൊരു മുന്നറിയിപ്പാണ് യുക്രൈനിയൻ സൈനികരോട് പോലും അദ്ദേഹം പുറപ്പെടുവിച്ചിട്ടുള്ളത്. ഇതൊക്കെ കേൾക്കുന്ന സാധാരണക്കാരന് പോലും ഒരു പക്ഷെ തോന്നാവുന്ന ഒരു കാര്യം - "ഇയാൾ പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ കാര്യമായ വൈരുധ്യമുണ്ട്..." എന്നതാവും.



മോസ്‌കോ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന, വർഷങ്ങളായി പുടിന്റെ രാഷ്ട്രീയം പിന്തുടരുന്ന യൂറേഷ്യൻ രാഷ്ട്രീയനിരീക്ഷകനായ എസ്രഫ് യാലിൻകിലിക്ലിയുടെ അഭിപ്രായത്തിൽ ഇത് പുടിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ഒരു സൈനിക തന്ത്രമാണ്. റഷ്യൻ ഭാഷയിൽ ഇതിനു പറയുക 'മാസ്കിറോവ്ക' എന്നാണ്. മലയാളത്തിൽ അതിനു തുല്യമായ പദം ഒരു പക്ഷേ, 'കബളിപ്പിക്കൽ' എന്നതാവും. ഒരു തരത്തിലുള്ള സൈനിക വഞ്ചന എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം.

പാശ്ചാത്യ സൈനിക ലോകം ഇതിനെ വിളിക്കുന്ന പേര് 'False Flag' ഓപ്പറേഷൻ എന്നാണ് എന്നും യാലിൻകിലിക്ലി TRT വേൾഡ് മാസികയോട് പറയുന്നുണ്ട്.  "ഞങ്ങൾ പിൻവാങ്ങിക്കൊണ്ടിരിക്കുകയാണ്. ഞങ്ങൾ പിൻവാങ്ങും. ഞങ്ങൾ പിൻവാങ്ങി" എന്നൊക്കെ പറഞ്ഞു ലോകത്തിന്റെ പൊതുധാരണയെ സ്വാധീനിക്കുമ്പോഴും അവർ സത്യത്തിൽ ഒരിക്കലും ആ പിന്മടക്കം നടത്തില്ല.  

കഴിഞ്ഞ കുറെ മാസങ്ങളായി പുടിൻ പറഞ്ഞുകൊണ്ടിരുന്നത്, "യുക്രൈനിൽ അധിനിവേശം നടത്താൻ റഷ്യ ആഗ്രഹിക്കുന്നില്ല എന്നാണ്, എവിടെയും അതിക്രമിച്ചു കയറുന്നത് റഷ്യക്കാർക്ക് താത്പര്യമുള്ള കാര്യമല്ല" എന്നാണ്. പുടിന്റെ ഈ വാക്കുകൾ റഷ്യൻ ജനതയ്ക്ക് മുന്നിൽ ഒരു ന്യായീകരണം ചമയ്ക്കാനുള്ള അദ്ദേഹത്തിന്റെ ബോധപൂർവമുള്ള ശ്രമങ്ങളുടെ ഭാഗമാണ് എന്നാണ് അമേരിക്കയുടെ മുൻ അസർബൈജാൻ അംബാസഡർ മാത്യു ബ്രൈസയുടെ അഭിപ്രായം.

യുക്രൈനെ നാസികളോട് താരതമ്യം ചെയ്തുകൊണ്ടുള്ള പുടിന്റെ പ്രസ്താവത്തിലും കഴമ്പില്ല എന്നാണ് ബ്രൈസയുടെ പക്ഷം. സത്യത്തിൽ ക്രിമിയയെ കൂട്ടിച്ചേർത്തുകൊണ്ടുള്ള റഷ്യയുടെ നടപടി, 1938 മാർച്ചിൽ ഓസ്ട്രിയയെ കൂട്ടിച്ചേർത്ത നാസി ജര്മനിയുടേതിന് സമാനമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. മോസ്‌കോയും ബെർലിനും രണ്ടു ഭാഗത്തുനിന്നും പോളണ്ടിനെ ആക്രമിച്ചത് തന്നെയാണ് 1939 സെപ്റ്റംബറിൽ രണ്ടാം ലോകമഹായുദ്ധത്തിനു തന്നെ തുടക്കമാകാൻ കാരണം എന്നും അദ്ദേഹം പറഞ്ഞു. ആ യുദ്ധത്തിന് മുമ്പ് പോളണ്ടിന്റെ ഭാഗമായിരുന്ന ചില ഭാഗങ്ങൾ ഇന്നും യുക്രൈന്റെ ഭാഗമാണ് എന്നതും മറന്നുപോവാൻ പാടില്ല എന്നും അദ്ദേഹം പറഞ്ഞു.

"

കിഴക്കുള്ള ഡോൻബാസ് വിമത മേഖല മാത്രമല്ല റഷ്യയുടെ ഈ 'ലിമിറ്റഡ് ഓപ്പറേഷന്റെ' ലക്‌ഷ്യം എന്നും, യുക്രൈന്റെ വടക്കൻ പ്രവിശ്യകൾ പോലും റഷ്യ ലക്ഷ്യമിടുന്നുണ്ട് എന്ന് നമ്മൾ കാണുന്ന സ്ഫോടന ദൃശ്യങ്ങൾ തെളിയിക്കുന്നു. മിലിട്ടറി ഇൻഫ്രാസ്ട്രക്ച്ചർ, വിമാന വേധ സംവിധാനങ്ങൾ, സൈനിക വിമാനത്താവളങ്ങൾ തുടങ്ങിയ യുക്രൈന്റെ മിക്കവാറും എല്ലാ സംവിധാനങ്ങളും റഷ്യ കൃത്യതയാർന്ന അക്രമണങ്ങളാൽ റഷ്യ തകർത്തു എന്നാണ് റഷ്യൻ പ്രതിരോധ വകുപ്പ് ഇന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞത്.

ഇത് എവിടെ അവസാനിക്കും ?

ഈ റഷ്യൻ ആക്രമണത്തിന് എവിടെ ഒരു അന്ത്യമുണ്ടാവും എന്നത് പുടിന്റെ ആർക്കും പിടികൊടുക്കാത്ത സംസാരത്തിൽ നിന്ന് പിടികിട്ടില്ല. "റഷ്യയുടെ ആക്രമണത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്ന ആർക്കും നേരിടേണ്ടി വരിക അചിന്ത്യമായ പ്രത്യാഘാതങ്ങളാകും" എന്നാണ് പുടിൻ ഈ ആക്രമണങ്ങൾക്കിടെ പുറപ്പെടുവിച്ച മറ്റൊരു ഭീഷണി. "യുക്രൈൻ എന്ന രാജ്യത്തെ പ്രവർത്തന രഹിതമാക്കുക എന്ന ഒരുദ്ദേശ്യം മാത്രമാണ് ഈ അക്രമണത്തിനുള്ളത്" എന്നും പുടിൻ കൂട്ടിച്ചേർക്കുകയുണ്ടായി.

ഒമ്പതാം നൂറ്റാണ്ടിൽ 'കീവൻ റസ്'-ൽ നിന്നാണ് റഷ്യയുടെ പാരമ്പര്യം തുടങ്ങിയത് എന്ന് വിശ്വസിക്കുന്ന പല റഷ്യക്കാർക്കും കീവ് ലക്ഷ്യമിട്ടുള്ള ഈ ആക്രമണങ്ങൾ ഒരു യുദ്ധമായി തോന്നിയിട്ടില്ല എന്നതാണ് സത്യം. ഒരു കാലത്ത് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രൈൻ പിന്നീട് അമേരിക്കയുടെ ചട്ടുകമായി അധപതിച്ചു എന്നൊരു സങ്കടം അവരിൽ പലർക്കുമുണ്ട്. '' പുടിനും അദ്ദേഹത്തിന്റെ യുണൈറ്റഡ് റഷ്യ പാർട്ടിയും  നൂറു വർഷത്തെ ചരിത്രമുള്ള കമ്യൂണിസ്റ്റ് വിപ്ലവത്തെക്കാൾ  പിന്തുടരാൻ ആഗ്രഹിക്കുന്നത് ആയിരം വർഷത്തെ പഴക്കമുള്ള സാറിസ്റ്റ് പാരമ്പര്യത്തെയാണ് എന്നാണ് യാലിൻകിലിക്ലിയുടെ അഭിപ്രായം. പുടിൻ ഭരണകൂടം ബോൾഷെവിക് വിപ്ലവത്തെ കാണുന്നത് അവിചാരിതമായുണ്ടായ ഒരു റോഡപകടമെന്നാണ് എന്ന് പോലും അദ്ദേഹം കരുതുന്നു. ക്രിമിയയും കീവും അടക്കമുള്ള പ്രവിശ്യകൾ നഷ്ടപ്പെടാൻ ഇടയാക്കിയത്, അന്നത്തെ സോവിയറ്റ് റഷ്യൻ നേതാക്കളുടെ പിടിപ്പുകേടാണ് എന്നാണ് പുടിൻ പിൽക്കാലത്തെ തന്റെ പല പ്രസ്താവനകളിലൂടെയും സൂചിപ്പിച്ചിട്ടുള്ളത്.



യുക്രൈന്റെ കാര്യത്തിൽ തനിക്കുള്ള ആശങ്കകൾക്ക് പാശ്ചാത്യലോകം വിലനൽകാതിരിക്കുന്നതും, സെലിൻസ്കിയെ ഒരു ചട്ടുകമായി ഉപയോഗിച്ച് തനിക്കെതിരെ കരുക്കൾ നീക്കി തുടർച്ചയായി തന്നെ അപഹാസ്യനാക്കിയതുമാണ് ഇങ്ങനെ ഒരു സായുധ നീക്കത്തിന് പുടിനെ പ്രേരിപ്പിച്ചത് എന്നാണ് പല നിരീക്ഷകരുടെയും വിശകലനം. 2011 -ൽ ലിബിയയിൽ അമേരിക്ക പ്രവർത്തിച്ച പോലെ, സൈനിക സാന്നിധ്യമോ നേരിട്ടുള്ള തുടർച്ചയായ ഇടപെടലുകളോ കൂടാതെ, പ്രദേശത്ത് ഒരു പാവ ഗവണ്മെന്റിനെ സ്ഥാപിച്ചുകൊണ്ടുള്ള റിമോട്ട് കൺട്രോൾ ഭരണത്തിനാവും പുടിനും മുതിരാൻ സാധ്യത. 2008 -ൽ ജോർജിയയിൽ സായുധ ഇടപെടൽ നടത്തിയ സമയത്ത് കൈ പൊള്ളിയത് ഇവിടെ യുക്രൈന്റെ കാര്യത്തിൽ ആവർത്തിക്കാതിരിക്കാൻ  റഷ്യ ഉറപ്പായും ശ്രദ്ധിക്കും. എന്തൊക്കെ പറഞ്ഞാലും ഈ യുദ്ധം പ്രദേശത്തെ ജിയോ പൊളിറ്റിക്സ് എന്നെന്നേക്കുമായി മാറ്റിമറിച്ചിരിക്കുകയാണ്. ഇത് ഒരു രണ്ടാം ശീതയുദ്ധത്തിനു കാരണമാകുമോ എന്നത് മാത്രമാണ് ഇനി കാത്തിരുന്ന് കാണാനുള്ളത്.

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!