കുറച്ചു ദിവസങ്ങൾക്കുമുമ്പ് ദില്ലി നിസാമുദ്ദീനിൽ ഒരു മതചടങ്ങ് നടക്കുകയുണ്ടായി. അതിൽ പങ്കെടുത്ത പലർക്കും കൊറോണാ ബാധ സ്ഥിരീകരിക്കപ്പെട്ടു. ഈ പ്രദേശം ബാരിക്കേഡ് ചെയ്തിരിക്കുകയാണ് തങ്ങൾ ഇപ്പോൾ എന്ന് ദില്ലി പൊലീസ് പറഞ്ഞു. ഇവിടെ മതസമ്മേളനം എന്ന പേരിൽ അനധികൃതമായി തടിച്ചുകൂടിയത് നൂറുകണക്കിന് ആളുകളായിരുന്നുവെന്ന് പൊലീസ് റിപ്പോർട്ട് ചെയ്തതായി പിടിഐ പറഞ്ഞിരുന്നു. 

"ഇങ്ങനെ ഒരു സമ്മേളനം നടന്നതായി അറിഞ്ഞു. സംഘാടകർക്കെതിരെ ലോക്ക് ഡൗൺ ലംഘിച്ചതിന് കേസെടുത്തിട്ടുണ്ട്. പലർക്കും കൊവിഡ് 19 -ന്റെ ലക്ഷണങ്ങളുണ്ട്, ആരോഗ്യവകുപ്പ് പരിശോധനകളും ചികിത്സയുമൊക്കെ നടത്തിക്കൊണ്ടിരിക്കുകയാണ്. " നിസാമുദ്ദീനിലെ ഒരു ഉന്നത പൊലീസ് അധികാരി പറഞ്ഞു. 

നിസാമുദ്ദീനിലുള്ള തബ്‌ലീഗി ജമായത്ത് എന്ന സംഘടനയാണ് ഈ വൻ സമ്മേളനം നടത്തിയത് എന്നാണ് പിടിഐ പറഞ്ഞത്. ഇതിൽ ഭാരതത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് വന്നെത്തിയ നൂറുകണക്കിന് പ്രതിനിധികൾക്ക് പുറമേ, ഇന്തോനീഷ്യ, മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തിരുന്നു. മാർച്ച് ഒന്നുമുതൽ പതിനഞ്ചു വരെ ഇവർ ഇവിടെയുണ്ടായിരുന്നു. എന്താണ് ഈ സമ്മേളനത്തിന് ഇപ്പോഴത്തെ കൊവിഡ് 19 സംക്രമണവുമായുള്ള ബന്ധം?

 

 

കഴിഞ്ഞ ദിവസം തെലങ്കാനയിൽ അഞ്ചു കൊവിഡ് 19 മരണങ്ങൾ ഉണ്ടായി. അതേ ദിവസം തന്നെ, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി തമിഴ്‌നാട്ടിൽ കൊവിഡ് 19 ബാധയുടെ 17 പുതിയ കേസുകൾ വന്നിട്ടുണ്ട് എന്ന് അറിയിച്ചു. അതിൽ 10 എണ്ണവും ഈറോഡ് ജില്ലയിൽ നിന്നാണ് എന്ന് വെളിപ്പെടുത്തി. 

സംഗതി വെളിച്ചത്തുവന്നു തുടങ്ങുന്നത് മാർച്ച് 16 -നാണ്. ഹൈദരാബാദിലെ ഗാന്ധി ഹോസ്പിറ്റലിലെ ഐസൊലേഷൻ വാർഡിലേക്ക് അഞ്ച് ഇന്തോനീഷ്യൻ പൗരന്മാരെ കൊണ്ടുചെല്ലുന്നു. ഒന്നിച്ച് താമസിച്ചിരുന്ന അവരിൽ ഒരാൾക്ക് കൊറോണയുടെ ലക്ഷണങ്ങൾ ഉണ്ട് എന്നതാണ് കാര്യം. ഒരാൾക്ക് മാർച്ച് 17 -ന് കൊറോണ സ്ഥിരീകരിക്കപ്പെടുന്നു. മാർച്ച് 18 -ന് വേറെ ഏഴുപേർക്ക് കൂടിയും. നാലുദിവസങ്ങൾക്ക് ശേഷമാണ് തമിഴ്‍നാട് സർക്കാർ, രണ്ടു തായ്‌ലൻഡ് സ്വദേശികൾക്ക് കൊറോണയുണ്ട് എന്ന് സ്ഥിരീകരിക്കുന്നത്. ഇന്ത്യൻ മണ്ണിൽ വെച്ച് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട ഈ ഏഷ്യൻ രാജ്യങ്ങളിലെ പൗരന്മാർക്കൊക്കെയും പൊതുവായ ഒരു ബന്ധമുണ്ടായിരുന്നു.  ദക്ഷിണേന്ത്യയിലേക്ക് യാത്ര ചെയ്തുവരുന്ന മുമ്പ് അവർ എല്ലാവരും തന്നെ ദില്ലിയിലെ നിസാമുദ്ദീനിൽ വെച്ച് നടന്ന ഒരു വലിയ മതസമ്മേളനത്തിൽ പങ്കെടുത്തവർ ആയിരുന്നു. അത് തബ്‌ലീഗി ജമായത്തിൽ പെട്ട മതപണ്ഡിതർ ഒന്നിച്ച ഒരു കോൺഫറൻസ് ആയിരുന്നു അത്. മാർച്ച് 8,9,10 ദിവസങ്ങളിൽ ആയിരുന്നു നിസാമുദ്ദീനിലെ പരിപാടി. 

തമിഴ്‌നാട്ടിലും തെലങ്കാനയിലും മാത്രമല്ല ഈ പരിപാടിയിൽ പങ്കെടുത്തവർ ആശുപത്രിയിൽ എത്തിയിരുന്നത്, ദില്ലിയിലെ ജജ്ജറിൽ ഉള്ള AIIMS ആശുപത്രിയിലേക്ക് രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിക്കപ്പെട്ട ആറുപേരും ഇതേ പരിപാടിയിൽ പങ്കുചേർന്നവർ ആയിരുന്നു . തമിഴ്‌നാട് സർക്കാർ ഇറക്കിയ പ്രസ് റിലീസ് പ്രകാരം സംസ്ഥാനത്തു നിന്നുമാത്രം 1500 പേരെങ്കിലും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. അതിൽ തന്നെ പലരും, ഈ പരിപാടി കഴിഞ്ഞ പാടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുകയും ചെയ്തിരുന്നു. ഈ പരിപാടിയിൽ പങ്കെടുത്തവരിൽ ചുരുങ്ങിയത് 200 പേരെങ്കിലും ഇപ്പോൾ കൊറോണബാധയുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

 

മുസ്ലിംകളിൽ മതവിശ്വാസം ഊട്ടിയുറപ്പിക്കാൻ പ്രയത്നിക്കുന്ന ഒരു ഇസ്ലാമിക പുനരുത്ഥാനപ്രസ്ഥാനമാണ് തബ്‌ലീഗി ജമായത്ത്. ഇത്തരത്തിലുള്ള സമ്മേളനങ്ങളിൽ ജനങ്ങളെ ഒന്നിച്ചു കൂട്ടി, പ്രഭാഷണങ്ങൾ നടത്തി അവരെ മതത്തിന്റെ, അടിയുറച്ച വിശ്വാസത്തിന്റെ പാതയിലേക്ക് തിരികെ നടത്തിക്കുക എന്നതാണ് അവരുടെ പ്രധാന കാര്യപരിപാടികളിൽ ഒന്ന്. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിൽ നിന്ന് ഈ പ്രബോധനപരിപാടിക്കെത്തിയവർ തിരികെ സ്വന്തം നാടുകളിലേക്ക് മടങ്ങി. ഈറോഡ്, കരിം നഗർ എന്നിവിടങ്ങളിലെ മോസ്കുകളിൽ തുടർന്നും പ്രവർത്തിക്കാൻ ഉറപ്പിച്ച് ചില വിദേശ മതപണ്ഡിതർ പരിപാടിക്ക് ശേഷവും ഇന്ത്യൻ മണ്ണിൽ തുടർന്നു. കിർഗിസ്ഥാൻ, തായ്‌ലൻഡ്, ഇന്തോനീഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള അമ്പതോളം പണ്ഡിതർ പരിപാടിയിൽ സംബന്ധിച്ച ശേഷവും ഇങ്ങനെ ഇന്ത്യയിൽ തുടർന്നിരുന്നു.

ആദ്യ ക്ലസ്റ്റർ ഈറോഡിൽ 

ദില്ലിയിൽ നിന്ന് മാർച്ച് 11 നാണ് ഈ കൊറോണാ ബാധിത സംഘം തിരികെ ഈറോഡ് നഗരത്തിലേക്കു തിരികെയെത്തുന്നത്. ജില്ലയിൽ നിന്നുള്ള 33 പേരാണ് ഈ സമ്മേളനത്തിൽ പങ്കെടുത്തതെന്ന് ഈറോഡ് ജില്ലാ കളക്ടർ സി കതിരവൻ പറഞ്ഞു. മാർച്ച് 30 വരെ തമിഴ്‌നാട്ടിൽ സ്ഥിരീകരിച്ച 67 കേസിൽ 19 കേസും അവിടെ നിന്നായിരുന്നു. അവരൊക്കെയും ഇപ്പോൾ പെരുന്തുറൈയിൽ ഉള്ള ഐആർടി മെഡിക്കൽ കോളേജിലാണ് ചികിത്സ തേടുന്നത്. ഈ 19 പേർക്കും രോഗം പകർന്നു കിട്ടിയത് ദില്ലിയിലെ തബ്‌ലീഗി പരിപാടിയിൽ പങ്കെടുത്ത ആ രണ്ട് തായ്‌ലാന്റുകാരായ രണ്ടു മതപണ്ഡിതരിൽ നിന്നുതന്നെയാണ്.

ഈറോഡിൽ വന്നെത്തിയ തായ് സംഘം അവിടെയുള്ള മൂന്നു പള്ളികളിൽ സന്ദർശനം നടത്തിയിരുന്നതായി വിവരം കിട്ടിയിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ടിരിക്കാൻ സാധ്യതയുള്ളവരെ കണ്ടെത്തി ഐസൊലേറ്റ് ചെയ്യുന്ന തിരക്കിലാണ് ജില്ലാ ഭരണകൂടം.ഈറോഡിൽ ഒമ്പത് തെരുവുകൾ അടച്ചു സീൽ ചെയ്തിരിക്കയാണ്.  

മധുരയിലെ മരണം 

മാർച്ച് 25 -ണ് മധുരയിൽ കൊവിഡ് 19 -ന്റെ ലക്ഷണങ്ങളോടെ ഒരു അമ്പത്തിനാലുകാരൻ മരണപ്പെട്ടപ്പോഴാണ് അധികൃതരുടെ ശ്രദ്ധ ദില്ലിയിലെ ഈ സമ്മേളനത്തിലേക്ക് തിരിയുന്നത്. അയാൾ ഈ പരിപാടിയിൽ പങ്കെടുത്ത ആളായിരുന്നു. ആ വൃദ്ധന്റെ മരണത്തോടെ ഈ പുതിയ ബാധയുടെ പ്രഭവകേന്ദ്രം നിസാമുദ്ദീനിലെ തബ്‌ലീഗി സമ്മേളനമാകാം എന്ന് അവർക്ക് തോന്നാൻ തുടങ്ങി. വൃദ്ധന്റെ കുടുംബത്തിലെ വേറെയും മൂന്നുപേർ ചികിത്സയിൽ തുടരുകയാണ്. സേലത്ത് നാൾ ഇന്തോനീഷ്യൻ പൗരന്മാർക്ക് കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഈ വിദേശികൾക്ക് ടൂർ ഗൈഡ് ആയി പോയ നാട്ടുകാരനും കിട്ടി കൊറോണ. 

തെലങ്കാനയിലെ കേസുകൾ 

ഇവിടത്തെ കരിം നഗർ ജില്ലയിൽ നിന്ന് ഒമ്പത് ഇന്തോനീഷ്യക്കാർക്ക് അസുഖബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ അവരുമായി അടുത്തിടപഴകിയിരുന്ന ഒരു തദ്ദേശവാസിക്കും കൊറോണയുണ്ട്. തെലങ്കാന ഗവണ്മെന്റ് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വേണ്ടി 'ക്ലസ്റ്റർ കണ്ടയിൻമെൻറ് പ്ലാൻ' നടപ്പിലാക്കാനുള്ള ശ്രമത്തിലാണ്. ഈ പ്ലാൻ പ്രകാരം, ഇന്തോനീഷ്യൻ സംഘം താമസിച്ച  കരിം നഗറിലെ മോസ്‌കിന് മൂന്നു കിലോമീറ്റർ പരിധിയിലുള്ള എല്ലാവരെയും ടെസ്റ്റ് ചെയ്യും.  ഏകദേശം 25,000  പേരുടെ ടെമ്പറേച്ചർ സ്ക്രീനിങ് കഴിഞ്ഞിട്ടുണ്ട്. നൂറോളം സംഘങ്ങളായി പിരിഞ്ഞാണ് ഈ കൊവിഡ് 19 പ്രതിരോധപരിപാടികൾ നടക്കുന്നത്. ക്വാറന്റൈനിലുള്ള ഇന്തോനേഷ്യൻ സംഘത്തിലെ രണ്ടു പേർക്കുകൂടി തിങ്കളാഴ്ച കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടിരുന്നു. കർണാടകയിലെ തുംകൂറിലുള്ള ഒരു അറുപത്തഞ്ചുകാരനും ഇവരുമായി സമ്പർക്കമുണ്ടായിരുന്നു. മാർച്ച് 27 -ന് ഇയാളും മരണപ്പെട്ടു. 

 

 

മൂന്നു സംസ്ഥാനങ്ങളിലെയും ആരോഗ്യപ്രവർത്തകർ നിസാമുദ്ദീൻ സമ്മേളനത്തിൽ നിന്ന് ദക്ഷിണേന്ത്യയിലേക്കുള്ള രോഗവ്യാപനത്തിന്റെ പലയിടത്തായി പരന്നു കിടക്കുന്ന അവ്യക്തമായ കുത്തുകൾ യോജിപ്പിക്കാനുള്ള ശ്രമത്തിലാണ്. പരിശോധനകളും, സംശയമുള്ളവരുടെ ക്വാറന്റൈനുകളും ഒക്കെ തകൃതിയായി നടക്കുന്നു. രോഗബാധിതർ ഉള്ള നഗരങ്ങളിലെ മോസ്കുകൾക്ക് ചുറ്റുമുള്ള വീടുകളെ കർശനമായി നിരീക്ഷിച്ച്, എത്രയും പെട്ടെന്ന് രോഗബാധിതരെ കണ്ടെത്തി അവരെ മാറ്റിനിർത്താനുള്ള ശ്രമത്തിലാണ് ഡോക്ടർമാരും മറ്റുള്ള സന്നദ്ധപ്രവർത്തകരും.