
ഒരു കമ്പനിയിൽ ഒരു ജീവനക്കാരനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ, അല്ലെങ്കിൽ അയാളെ ശരിക്കും ഹാപ്പിയാക്കുന്ന കാര്യങ്ങൾ എന്തൊക്കെയായിരിക്കും? 30,000 പേരെ ഇന്റർവ്യൂ ചെയ്ത, ടെക്സാസിൽ നിന്നുള്ള ഒരു സിഇഒ പറയുന്നത് ഇക്കാര്യങ്ങളാണ്. ശരിക്കും ജീവനക്കാരെ സകസസ്ഫുള്ളാക്കിയ ആറ് കാര്യങ്ങളെ കുറിച്ചാണ് സ്ഥാപകനും സിഇഒയുമായ വില്യം വാൻഡർബ്ലോമെൻ പറയുന്നത്. സിഎൻബിസിയുമായുള്ള സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ആറ് കാര്യങ്ങളാണ് ജോലിസ്ഥലത്ത് ഒരാൾ സക്സസ്ഫുള്ളാകാൻ പ്രധാന കാരണങ്ങൾ എന്നും അദ്ദേഹം പറയുന്നു.
അതിൽ ആദ്യത്തേത് ഒരു ജീവനക്കാരനെ ഏറ്റവും ഹാപ്പിയാക്കുന്ന കാര്യം ഒരു നല്ല മാനേജർ അല്ലെങ്കിൽ ബോസ് ആണ്. ഒരു നല്ല ബോസിന് നിങ്ങൾക്ക് എന്താണോ വേണ്ടത് എന്നതിനെ കുറിച്ച് നല്ല ധാരണയുണ്ടാവും എന്നും സിഇഒ പറയുന്നു. പിന്നീട് അദ്ദേഹം പറയുന്നത് വർക്ക് ലൈഫ് ബാലൻസിനെ കുറിച്ചാണ്. പല ആളുകളും പല തരക്കാരാണ്. ചില ജീവനക്കാർക്ക് ജോലിസമയം കഴിഞ്ഞും ഇമെയിലുകളും മറ്റും പരിശോധിക്കാൻ താല്പര്യമുണ്ടാകും, എന്നാൽ ചിലർക്ക് അത് തീരെ ഇഷ്ടമാവില്ല. നമുക്ക് ഇതിലേതാണോ ഇഷ്ടം, അത് മനസിലാക്കുന്ന, നമ്മുടെ രീതികളെ ബഹുമാനിക്കുന്ന ജോലി സ്ഥലങ്ങളിൽ നാം ഹാപ്പി ആയിരിക്കും എന്നും സിഇഒ പറയുന്നു.
ശമ്പളം, സ്വയംഭരണാധികാരം, കരിയറിലെ വളർച്ച, അർത്ഥവത്തായ ജോലി ഇവയെല്ലാമാണ് ജീവനക്കാരെ ഹാപ്പിയാക്കുന്ന മറ്റ് കാര്യങ്ങളായി സിഇഒ ചൂണ്ടിക്കാണിക്കുന്നത്. മിക്ക ആളുകളും നന്നായി ജോലി ചെയ്യുന്നവരാണ് എന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. ഡൈനിംഗ് റൂം ടേബിളിൽ ഇരുന്നാൽ പോലും മിക്ക ആളുകളും ജോലിയിൽ തങ്ങളുടെ പരമാവധി ചെയ്യുന്നവരാണ് എന്ന് മഹാമാരി നമ്മെ പഠിപ്പിച്ചു എന്നും അദ്ദേഹം പറയുന്നു.
ജോലിസ്ഥലത്ത് സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്ന ജീവനക്കാർക്കുള്ള ഉപദേശവും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. 'നിങ്ങൾക്ക് പെട്ടെന്ന് സന്തോഷം എവിടെയെന്ന് കാണാൻ കഴിയുന്നില്ലെങ്കിൽ, അൽപ്പം സൂം ഔട്ട് ചെയ്യുക. നിങ്ങളുടെ കമ്പനിയുടെ വിജയത്തിൽ നിങ്ങളുടെ പങ്ക് എന്താണെന്നും നിങ്ങൾ അതിലേക്ക് എങ്ങനെ സംഭാവന ചെയ്യുന്നുവെന്നും നോക്കുക, അത് ലോകത്തിൽ എങ്ങനെ നല്ല സ്വാധീനം ചെലുത്തുന്നുവെന്ന് കണ്ടെത്തുക. ഇനി അതും നിങ്ങളെ ഹാപ്പിയാക്കുന്നില്ലെങ്കിൽ അതിന് സാധിക്കുന്ന ഒരു കമ്പനി കണ്ടെത്തുക' എന്നാണ് അദ്ദേഹം പറയുന്നത്.