
തൊണ്ണൂറുകളുടെ തുടക്കത്തിൽ സോവിയറ്റ് യൂണിയന്റെ പതനമുണ്ടായപ്പോൾ അതിൽ ഏറെ ദുഃഖിച്ച ഒരാളായിരുന്നു വ്ലാദിമിർ പുടിനും. അന്ന് പുടിൻ, സോവിയറ്റ് മണ്ണിൽ വിഘടനവാദത്തിന്റെ വിത്തുകൾ വിതച്ച ഈ സംഭവത്തെ വിശേഷിപ്പിച്ചത്, "ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ 'ജിയോ-പൊളിറ്റിക്കൽ' വിപത്ത്" എന്നായിരുന്നു. റഷ്യക്കാർക്ക് നേരിടേണ്ടി വന്ന മഹാ ദുരന്തമെന്ന് അന്നതിനെ വിശേഷിപ്പിച്ച പുടിൻ, പിന്നീട് 2021 -ൽ പ്രസിഡന്റായിരിക്കെ, റഷ്യൻ ജനതയെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ട ആ കെടുതിക്കിടെ തനിക്ക് ഉപജീവനത്തിനായി മോസ്കോയുടെ തെരുവുകളിൽ ടാക്സി ഓടിക്കേണ്ടി വന്ന കാലമൊക്കെ ഓർത്തെടുക്കുന്നുണ്ട്. ഒരായിരം വർഷങ്ങൾ കൊണ്ട് റഷ്യ കെട്ടിപ്പടുത്തതൊക്കെയും ഒരു സുപ്രഭാതത്തിൽ തകർന്നടിയുകയായിരുന്നു എന്നും പുടിൻ പറയുന്നുണ്ട്. യൂറേഷ്യൻ മേഖലയിലെ രാഷ്ട്രീയ നിരീക്ഷകർ പലപ്പോഴും പുടിന്റെ വിദേശ നയത്തിന്റെ ജനിതകം ചികയറുള്ളത് ഇത്തരത്തിൽ പലകാലങ്ങളിലായി പുടിൻ നടത്തിയിട്ടുള്ള പരാമർശങ്ങളിലാണ്. ആ വിശകലനങ്ങളാണ് യുക്രെയിനെ പുടിൻ ഇന്നല്ലെങ്കിൽ നാളെ ആക്രമിക്കും എന്നും, റഷ്യയുടെ പുനരേകീകരണത്തിനായുള്ള പുടിന്റെ ശ്രമങ്ങളുടെ ഭാഗമാകും അത് എന്നുമൊക്കെയുള്ള നിഗമനങ്ങളിൽ എത്തിച്ചേരാൻ അവരെ പ്രേരിപ്പിച്ചിരുന്നത്. ഇപ്പോൾ യുക്രെയിനു നേർക്ക് റഷ്യ നടത്തിയിട്ടുള്ള ഈ മിന്നലാക്രമണത്തിലൂടെ ആ നിഗമനങ്ങളിൽ ചിലതെങ്കിലും യാഥാർഥ്യമായിരിക്കുകയാണ്.
പഴയ സോവിയറ്റ് യൂണിയന്റെ പ്രതാപമൊക്കെ അസ്തമിച്ചു എങ്കിലും, റഷ്യ ഇന്നും ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ്. നോർവേ മുതൽ നോർത്ത് കൊറിയ വരെ നീണ്ടു നിവർന്നങ്ങനെ കിടക്കുന്ന ഈ മഹാരാജ്യത്തിന്റെ തലപ്പത്ത്, കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ഉള്ളത് വ്ലാദിമിർ പുടിൻ തന്നെയാണ്. ആദ്യം പ്രധാനമന്ത്രിയായി, പിന്നെ പ്രസിഡന്റായി. പിന്നീടങ്ങോട്ടും പ്രസിഡന്റും പ്രധാനമന്ത്രിയും ഒക്കെ മാറിമാറി ആയപ്പോഴും, രാജ്യത്തിന്റെ അധികാരത്തിന്റെ കേന്ദ്രവും പുട്ടിനൊപ്പം നീങ്ങിക്കൊണ്ടിരുന്നു. ജോസഫ് സ്റ്റാലിൻ കഴിഞ്ഞാൽ ഏറ്റവും അധികകാലം റഷ്യ ഭരിച്ചിട്ടുള്ള ജനനേതാവ് വ്ലാദിമിർ പുടിനാണ്. ക്രെംലിന്റെ ഇടനാഴികളിൽ അധികാരത്തിന്റെ സ്വാദ് നുണഞ്ഞു തുടങുന്നതിനൊക്കെ മുമ്പ്, പുട്ടിനൊരു ഭൂതകാലമുണ്ടായിരുന്നു. ഒരു പക്ഷേ, ഇന്ന് പലർക്കും വേണ്ടത്ര അറിവില്ലാത്ത, ഏറെ ദുരൂഹതകൾ നിറഞ്ഞ ഒരു ഭൂതകാലം.
വ്ലാദിമിർ പുടിൻ എന്ന വ്യക്തി ജനിച്ചത് 1952 ഒക്ടോബർ 7 നാണെങ്കിലും പുടിൻ എന്ന രാഷ്ട്രനേതാവിന്റെ ജനനം വീണ്ടും മൂന്നു വ്യാഴവട്ടക്കാലം കഴിഞ്ഞിട്ടാണ് ഉണ്ടാകുന്നത്, അദ്ദേഹത്തിന്റെ മുപ്പത്തിയേഴാമത്തെ വയസ്സിൽ. 1989 ഡിസംബർ അഞ്ചാം തീയതിയായിരുന്നു ആ നിർണായകമായ ദിവസം. '89 നവംബർ 9 എന്നത് ഈസ്റ്റ് - വെസ്റ്റ് ജർമനികളെ തമ്മിൽ വേർതിരിച്ചു നിർത്തിയിരുന്ന ജർമൻ മതിൽ ജനകീയ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ ഇടിഞ്ഞു നിലം പൊത്തിയ ദിവസമാണ്. ആ ചരിത്ര സംഭവം നടന്നു കഷ്ടി നാലാഴ്ച കഴിഞ്ഞിട്ടുള്ള ഒരു ദിവസം. കിഴക്കൻ ജർമനിയിലെ 'ഡ്രെസ്ഡൻ' എന്നുപറയുന്ന സ്ഥലം. 155 കിലോമീറ്റർ നീളമുണ്ടായിരുന്ന ജർമൻ മതിൽ പൊളിഞ്ഞു വീഴുന്നതിന് മുമ്പ്, കിഴക്കൻ ജർമനി കമ്മ്യൂണിസത്തിന്റെ പറുദീസയായിരുന്നു എങ്കിൽ, അതിനു ശേഷം ആ നാട് ഇടതുപക്ഷത്തിന്റെ ചാവുനിലമായി മാറികഴിഞ്ഞിരുന്നു. 'പീപ്പിൾസ് പവർ' ദിവസേന വർധിച്ചു വന്നകാലം. നാട്ടിലെ ജനങ്ങളിൽ കമ്യൂണിസത്തിനെതിരായ വികാരം കൊടുമ്പിരിക്കൊണ്ടിരുന്ന കാലം. തെരുവുകളിൽ തടിച്ചു കൂടിയിരുന്ന ജനങ്ങൾ, ആൾക്കൂട്ടങ്ങളായി മാറി നാട്ടിലെ കമ്യൂണിസത്തിന്റെ ചിഹ്നങ്ങളെ ഒന്നൊന്നായിട്ട് പൊളിച്ചടുക്കാൻ തുടങ്ങിയ ദിവസങ്ങളായിരുന്നു അത്. അങ്ങനെ, 1989 ഡിസംബർ അഞ്ചിലെ ആ തണുത്ത വെളുപ്പാൻ കാലത്ത്, അന്ന് സ്റ്റാസി എന്നറിയപ്പെട്ടിരുന്ന ഈസ്റ്റ് ജർമൻ രഹസ്യപൊലീസ് സേനയുടെ ഡ്രെസ്ഡനിലുള്ള ഹെഡ് ക്വാർട്ടേഴ്സിലേക്ക് ഒരു കൂട്ടം ആളുകൾ ഇരമ്പിക്കയറി വരുന്നു.
"
ജർമൻ മതിൽ പൊളിഞ്ഞതോടെതന്നെ ഈസ്റ്റ് ജർമനിയിലെ ക്രമസമാധാനനില തകിടം മറിഞ്ഞിട്ടുണ്ടായിരുന്നു. അധികം താമസിയാതെ ജനങ്ങൾ പ്രതിഷേധങ്ങളുമായി ഇറങ്ങും എന്നും, തങ്ങളുടെ ജീവൻ അപകടത്തിലാകും എന്നുമൊക്കെ മനസ്സിലാക്കിയ ഹെഡ് ക്വാർട്ടേഴ്സിലെ മിക്കവാറും സ്റ്റാസി ഏജന്റുമാരും അപ്പോഴേക്കും സ്ഥലം വിട്ടിട്ടുണ്ടായിരുന്നു. അവിടെ ആകെ അവശേഷിച്ചിരുന്നത് ചുരുക്കം ചില സുരക്ഷാ ജീവനക്കാർ മാത്രമായിരുന്നു. അവർക്കാണെങ്കിൽ, ജനക്കൂട്ടത്തിന്റെ ഇരച്ചു കയറ്റത്തിന് മുന്നിൽ നിസ്സഹായരായി നോക്കി നിൽക്കാനേ അന്ന് കഴിഞ്ഞുള്ളു. അതുവരെ ജനങ്ങൾ ഭയഭക്തി ബഹുമാനങ്ങളോടെ മാത്രം കണ്ടിരുന്ന ആ സീക്രട് സർവീസസ് ഹെഡ് ക്വാർട്ടേഴ്സിൽ, അന്ന് അതേ ജനങ്ങളുടെ അഴിഞ്ഞാട്ടമായിരുന്നു. സ്റ്റാസിയുടെ ഉള്ളിലുള്ളതൊക്കെ നശിപ്പിച്ച ശേഷം പുറത്തിറങ്ങിയ പ്രതിഷേധക്കാരുടെ കണ്ണിൽ അടുത്തതായി പെട്ടത്, ആ ബിൽഡിങ് നിന്നിരുന്ന റോഡിന്റെ മറുവശത്തുണ്ടായിരുന്ന സോവിയറ്റ് സീക്രട്ട് സർവീസസ് ഏജൻസി - കെജിബി-യുടെ ഓഫീസാണ്. മുദ്രാവാക്യങ്ങളും വിളിച്ചുകൊണ്ട് അവർ കെജിബിയുടെ ഗേറ്റിനു നേരെ ഒരു ജാഥയായിട്ട് നീങ്ങാൻ തുടങ്ങി. ആ വരവ് ദൂരെ നിന്ന് തന്നെ കണ്ട കെജിബിയിലെ പാറാവുകാരൻ, അവർ ഗേറ്റിലേക്ക് എത്തും മുമ്പുതന്നെ അകത്തേക്ക് ഓടിച്ചെന്ന് തന്റെ ബോസിനെ വിവരമറിയിക്കുന്നു.
ഈ അക്രമികൾ ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് കടന്ന് ലോബിക്കടുത്ത് എത്താറായപ്പോഴേക്കും, അകത്തുനിന്ന് അധികം ഉയരമൊന്നും ഇല്ലാത്ത, എന്നാൽ വല്ലാതെ ക്ഷുഭിതനായ ഒരു ഓഫീസർ പുറത്തേക്കിറങ്ങി വന്നു. അദ്ദേഹം ആ അക്രമി സംഘത്തെ കൈനീട്ടി തടഞ്ഞുകൊണ്ട്, ഉറച്ച ശബ്ദത്തിൽ പറഞ്ഞു, " ഈ കെട്ടിടത്തിനുള്ളിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നവർ നിങ്ങളിൽ ആരുതന്നെ ആയാലും ശരി, ഒരൊറ്റ കാര്യം ഓർക്കണം. അകത്ത് എന്റെ സഖാക്കളായ കെജിബി ഏജന്റുമാർ ലോഡ് ചെയ്ത മെഷീൻ ഗണ്ണുകളുമായിട്ടാണ് നിൽക്കുന്നത്. പരിചയമില്ലാത്ത ആര് അകത്തേക്ക് വന്നാലും, ഒന്നും നോക്കാതെ വെടിവെച്ചു വീഴ്ത്തിക്കൊള്ളാൻ അവർക്ക് ഓർഡറും കൊടുത്തിട്ടാണ് ഞാൻ ഇപ്പോൾ ഈ പുറത്തേക്ക് വന്നിരിക്കുന്നത്. നിങ്ങളിൽ ആർക്കാണ് ധൈര്യമുള്ളത് എന്നുവെച്ചാൽ നേരെ അകത്തേക്ക് പൊക്കോളൂ..."
ആ മുന്നറിയിപ്പ് ഫലിക്കുന്നു. തങ്ങളുടെ മുന്നിലേക്ക് നിരായുധനായി, കയ്യും വീശി നടന്നുവന്ന്, തികഞ്ഞ ആജ്ഞാശക്തിയോടെ ആ ഓഫീസർ അങ്ങനെ പറഞ്ഞത് കേട്ടപ്പോൾ പിന്നെ ഉള്ളിലേക്ക് ഒരടി വെക്കാൻ ധൈര്യമുള്ള ഒരുത്തനും ആ അക്രമികൾക്കിടയിൽ ഉണ്ടായിരുന്നില്ല. അടുത്ത ഒരു മിനിറ്റിനുള്ളിൽ കെജിബി കോമ്പൗണ്ടിൽ നിന്ന് അവസാനത്തെ അക്രമിയും സ്ഥലം കാലിയാക്കുന്നു. പക്ഷേ, ആ കെജിബി ഓഫീസർക്ക് , ഈസ്റ്റ് ജർമനിയിലെ പ്രശ്നങ്ങളുടെ ഗുരുതരാവസ്ഥ നല്ലപോലെ ബോധ്യപ്പെട്ടിട്ടുണ്ടായിരുന്നു. ഇപ്പോൾ തന്റെ ഭീഷണി കേട്ട് ഭയന്ന് തിരിച്ചുപോയ ആ ചെറിയ ആൾക്കൂട്ടം, കൂടുതൽ അംഗബലത്തോടെ അധികം താമസിയാതെ തന്നെ തിരികെ വന്നേക്കാം എന്ന് അദ്ദേഹത്തിന് തോന്നി. തന്റെ ക്യാബിനിലേക്ക് തിരിച്ചു പോയ അദ്ദേഹം, അന്ന് ഈസ്റ്റ് ജർമനിയിൽ സ്റ്റേഷൻഡ് ആയിരുന്ന റെഡ് ആർമിയുടെ ടാങ്ക് യൂണിറ്റിനെ വിളിച്ച്, ഡ്രെസ്ഡൻ കെജിബി ബേസിന് മിലിറ്ററി ടാങ്കുകളുടെ പ്രൊട്ടക്ഷൻ ആവശ്യമുണ്ട് എന്നറിയിച്ചു.
ആ ഫോൺ കോളിന്റെ മറുതലക്കൽ നിന്ന് അദ്ദേഹത്തിന് അപ്പോൾ കിട്ടിയ മറുപടിയാണ്,പിന്നീട് റഷ്യയുടെ തലവര തന്നെ മാറ്റിമറിച്ചത് എന്ന് വേണമെങ്കിൽ പറയാം. എന്തായിരുന്നു ആ മറുപടി എന്നല്ലേ. അതിങ്ങനെയായിരുന്നു. "കോമ്രേഡ്. ഞങ്ങൾ അവിടത്തെ സാഹചര്യം മനസിലാക്കുന്നു പക്ഷെ, മോസ്‌കോയിൽ നിന്ന് കൃത്യമായ ഒരു നിർദ്ദേശമില്ലാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ല ആൻഡ്, മോസ്‌കോ ഈസ് സൈലന്റ്" എന്നായിരുന്നു ടാങ്ക് യൂണിറ്റ് ഇൻ ചാർജിന്റെ തണുപ്പൻ മട്ടിലുള്ള മറുപടി.
അന്ന് കേട്ട ആ ഉദാസീനമായ മറുപടി, "മോസ്‌കോ ഈസ് സൈലന്റ്"എന്ന ആ കയ്യൊഴിയൽ, അത് കേട്ട നിമിഷം തൊട്ട്, ഇന്നുവരെയും ആ കെജിബി ഓഫീസറുടെ കാതുകളിൽ നിർത്താതെ പ്രതിധ്വനിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ്. തന്റെയും മറ്റു സഖാക്കളുടെയും ജീവൻ അപകടത്തിലാണ് എന്നുള്ള അവസ്ഥയിൽ, കെജിബിയിലെ ലെഫ്റ്റനന്റ് കേണലായ താൻ പുറപ്പെടുവിച്ച ഒരു ബാക്കപ്പ് റിക്വസ്റ്റിനോട് അത്രയും നിസ്സംഗമായി പ്രതികരിക്കാൻ ആ റെഡ് ആർമി ടാങ്ക് യൂണിറ്റ് ചീഫ് പറഞ്ഞ കാരണം, "മോസ്‌കോ ഈസ് സൈലന്റ്" എന്നതായിരുന്നു. അന്ന് ആ കെജിബി ഓഫീസർ മനസ്സിൽ ഉറപ്പിച്ച ഒരു കാര്യമുണ്ട്. തന്റെ ഒരപേക്ഷയോടും, ഒരാജ്ഞയോടും, റഷ്യയുടെ പരമാധികാരത്തിന് കീഴിൽ പുലരുന്ന ഒറ്റക്കുഞ്ഞും ഇനി ഒരക്ഷരം മറുത്തു പറയരുത്. തന്റെ നിർദേശങ്ങൾക്കുമുന്നിൽ, ഇനിയൊരിക്കലും മോസ്‌കോ 'നിശ്ശബ്ദമായി', നിസ്സംഗമായി' ഇരിക്കരുത്. അതിനുവേണ്ടിയുള്ള കണക്കുകൂട്ടിയുള്ള പ്രവർത്തനങ്ങളായിരുന്നു അവിടന്നങ്ങോട്ട് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇന്ന് ആ കെജിബി ഓഫീസർ തന്നെയായി പിന്നീട് മോസ്‌കോ.
അങ്ങനെ, എൺപതുകളുടെ തുടക്കത്തിൽ അന്നത്തെ കിഴക്കൻ ജർമനിയിൽ വെറുമൊരു കെജിബി ഏജൻറ് മാത്രമായി എത്തിപ്പെട്ടതാണ് പുടിൻ. ഒരു 'കെജിബി ചാരൻ' എന്നുള്ള ആ ജോലി കുഞ്ഞുന്നാൾ തൊട്ടേയുള്ള പുട്ടിന്റെ സ്വപ്നങ്ങളുടെ സാക്ഷാത്കാരമായിരുന്നു. ഈയൊരു 'സ്പൈ ആവാൻ വേണ്ടിയാണ് പുടിൻ ചെറുപ്പം തൊട്ടേ തന്നെ ശാരീരികമായും മാനസികമായും ഒക്കെ അവനവനെ ശക്തനാക്കി കൊണ്ടുവന്നത്. പതിനാലു വയസ്സുമുതൽ റഷ്യൻ മാർഷ്യൽ ആർട്ടായ സാംബോ പഠിച്ചു. പിന്നെ ജൂഡോയിലേക്ക് ചുവടുമാറി. ക്യോകുഷിൻ എന്നൊരു കരാട്ടെ മുറയിലും പുടിൻ വിദഗ്ധനാണ്. എല്ലാറ്റിലും അഡ്വാൻസ്ഡ് ഡിഗ്രി ബ്ലാക്ക് ബെൽറ്റ് ഉള്ള ആളാണ് പുടിൻ. ഒരു സ്പൈ ആകണം എന്നത് കുട്ടിക്കാലം തൊട്ടുള്ള പുടിന്റെ ആഗ്രഹമായിരുന്നു. "ഒരു ബറ്റാലിയൻ ജവാന്മാർക്ക് സാധിക്കാത്ത കാര്യം ഒരൊറ്റ ചാരനെക്കൊണ്ട് സാധിക്കും " എന്ന് പുടിൻ ഇടക്കിടക്ക് പറയുമായിരുന്നു . അങ്ങനെ ഡ്രെസ്ഡനിലെ കെജിബിക്കാലത്തിനിടയിലാണ് പുട്ടിന്റെ ജീവിതം മാറ്റിമറിച്ച, നേരത്തെ പറഞ്ഞ ആ സംഭവം ഉണ്ടാകുന്നത്.
അന്ന് പുടിനെ ഏറെ സങ്കടപ്പെടുത്തിയ മറുപടി 'മോസ്‌കോ ഈസ് സൈലന്റ്' എന്നതായിരുന്നല്ലോ. മോസ്‌കോയുടെ ആ മൗനത്തിനു പിന്നിലെ മുഖത്തിന്റെ പേര് മിഖായിൽ ഗോർബച്ചേവ് എന്നായിരുന്നു. ബ്രെഷ്നേവിന്റെ ഇരുണ്ടയുഗത്തിൽ നിന്ന് സോവിയറ്റു യൂണിയനെ മോചിപ്പിക്കാൻ പെരിസ്‌ട്രോയിക്കയും ഗ്ലാസ്‌നോസ്റ്റും ഒക്കെയായി കച്ചകെട്ടിയിറങ്ങിയ റഷ്യൻ പ്രസിഡന്റായിരുന്നു ഗോർബച്ചേവ്. ഏറെ വിപ്ലകരമായിരുന്ന ആ ആശയങ്ങൾ ഒന്നും തന്നെ പ്രാവർത്തികമാക്കാൻ സ്വന്തം പാർട്ടിക്കാർ പോലും അദ്ദേഹത്തെ അനുവദിച്ചില്ല. ഒടുവിൽ1991 ഓഗസ്റ്റ് 18 -ന് സൈന്യവും കെജിബിയും ഒക്കെ ചേർന്നുകൊണ്ട് നടത്തിയ ഒരു അട്ടിമറിയിലൂടെ ഗോർബച്ചേവ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുറത്താകുന്നു. പിന്നാലെ ബോറിസ് യെൽത്സിൻ റഷ്യയുടെ പ്രസിഡന്റാകുന്നു. അതിനിടക്ക്, 1991 -ൽ ലോ കോളേജിൽ തന്റെ സീനിയർ ആയിരുന്ന അനറ്റോളി സൊബ്ചാക് എന്ന രാഷ്ട്രീയക്കാരന്റെ അഡ്വൈസർ ആയി പുടിൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നു. അനറ്റോളി അന്ന് ലെനിൻഗ്രാഡിന്റെ മേയർ സ്ഥാനത്തേക്ക് മത്സരിക്കുകയായിരുന്നു. അനറ്റോളി മേയർ ആകുന്നതോടെ പുടിൻ കെജിബിയിൽ നിന്ന് രാജിവെച്ച് ഫുൾ ടൈം പൊളിറ്റിക്സിലേക്ക് ഇറങ്ങുന്നു.
1997 -ൽ യെൽത്സിൻ പ്രസിഡന്റായിരിക്കെ, പുടിനെ റഷ്യയുടെ അധികാര കേന്ദ്രമായിരുന്ന ക്രെംലിന്റെ ഡെപ്യൂട്ടി ചീഫ് അഡ്മിനിസ്ട്രേറ്റർ പദവിയിലേക്ക് ഉയർത്തുന്നു. അപ്പോഴേക്കും സോവിയറ്റ് യൂണിയൻ കാലത്തെ KGB'ക്ക് പകരം FSB എന്ന പേരിൽ ഒരു സംവിധാനം റഷ്യയിൽ നിലവിൽ വന്നിരുന്നു. 1998 -ൽ ആ FSB യുടെ ചീഫ് ആയി മാറുന്നു പുടിൻ. അടുത്ത കൊല്ലം പുടിൻ റഷ്യൻ സെക്യൂരിറ്റി കൗൺസിലിന്റെ സെക്രട്ടറി ആകുന്നു. അക്കൊല്ലം തന്നെ ഓഗസ്റ്റ് 9 -ന് പുടിനെ യെൽത്സിൻ റഷ്യയുടെ പ്രധാനമന്ത്രി ആയി നിയമിക്കുന്നു. 1999 ഡിസംബർ 31 -ന് കടുത്ത രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് യെൽത്സിന് രാജിവെച്ചിറങ്ങിപ്പോകേണ്ടി വരുന്നു. അന്ന് ക്രെംലിനിൽ നിന്നും ഇറങ്ങിപ്പോകാൻ നേരത്ത് താല്കാലികമായിട്ടാണ് യെൽത്സിൻ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന പുടിനെ പിടിച്ച് പ്രസിഡന്റാക്കുന്നത്. പാർട്ടിക്കുള്ളിലെയും, ക്രെംലിനിലെയും ഒക്കെ രാഷ്ട്രീയ തൊഴുത്തിൽകുത്തുകൾ തനിക്ക് മടുത്തു എന്നും താൻ ആകെ ക്ഷീണിച്ചു എന്നും, ഇനി വയ്യ എന്നുമൊക്കെ പറഞ്ഞ് വളരെ വികാരനിർഭരമായ ഒരു ഇറങ്ങിപ്പോക്കായിരുന്നു യെൽത്സിന്റേത്. അന്ന് യെൽത്സിൻ പുട്ടിന്റെ തോളത്ത് പിടിച്ചമർത്തി, വിതുമ്പിക്കൊണ്ട് പറഞ്ഞത് ഏറെ പ്രസിദ്ധമായ ഒരു വാചകമായിരുന്നു, "റഷ്യയെ കൈ വിടാതെ നോക്കണം, നല്ല പോലെ നോക്കണം..."
യെത്സിൻ തന്നെ വിശ്വസിച്ചേല്പിച്ച റഷ്യയെ പുടിൻ നല്ലപോലെ തന്നെ നോക്കി. ജനങ്ങൾക്ക് പുടിൻ സ്റ്റൈൽ, ഒരുപാടിഷ്ടപ്പെട്ടു. അതുകൊണ്ട് 2000 മാർച്ചിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് അവർ പുടിനെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കുന്നു. 2004 -ൽ ആ കസേരയിൽ ഒരു രണ്ടാമൂഴം കൂടി പുടിന് കിട്ടുന്നു. റഷ്യയിലെ ഭരണഘടന പ്രകാരം രണ്ടു വട്ടമേ ഒരാൾക്ക് തുടർച്ചയായി പ്രസിഡന്റാകാനാകൂ, അതുകൊണ്ട് 2008 -ൽ മൂന്നാം ഊഴത്തിൽ ദിമിത്രി മെദ്‌വെദേവ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നു. സ്ഥാനമേറ്റെടുത്ത് മണിക്കൂറുകൾക്കകം പുടിനെ മെദ്‌വെദേവ് പ്രധാനമന്ത്രി ആയി നിയമിക്കുന്നു. 2012 -ൽ പുടിൻ വീണ്ടും പ്രസിഡന്റാകുന്നു. അഞ്ചാറുമാസം മുമ്പ്, 2036 വരെ, അതായത് തനിക്ക് 83 വയസ്സാകുന്നതുവരെ രാജ്യത്തിന്റെ പരിപൂർണ നിയന്ത്രണം തന്റെ കയ്യിൽ തന്നെ നിലനിർത്താൻ വേണ്ട ഭരണഘടനാ ഭേദഗതി വരെ നടത്തിക്കഴിഞ്ഞു പുടിൻ.
ഒരു കാര്യം പറയണമല്ലോ, രാജ്യത്ത് സാമ്പത്തിക പുരോഗതി ഒരുപാട് ഉണ്ടായിട്ടുണ്ട്. പുട്ടിന്റെ നേതൃത്വത്തിലാണ് റഷ്യ പോസ്റ്റ് കമ്യൂണിസ്റ്റ് ഡിപ്രഷനിൽ നിന്ന് പുറത്തു കടക്കുന്നത്. അക്കാലത്ത് രാജ്യത്തെ ജിഡിപി വർധിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവു വലിയ വിദേശ നാണ്യ ശിഖരങ്ങളിൽ ഒന്ന് റഷ്യയുടേതാണ്. ഏകദേശം 630 ബില്യൺ ഡോളർ ആണ് റഷ്യയുടെ കരുതൽ ശേഖരം. അതുകൊണ്ടുതന്നെ യുദ്ധമുണ്ടാകുന്ന സാഹചര്യത്തിൽ പോലും ഉപരോധങ്ങൾ നേരിടാൻ റഷ്യക്ക് അനായാസം സാധിക്കുമെന്ന ധൈര്യം പുടിനുണ്ട്. പുട്ടിന്റെ ഭരണകാലത്ത് റഷ്യയിൽ തൊഴിലില്ലായ്മ കുറഞ്ഞു. രാജ്യത്തെ സൈനികരംഗവും പൊലീസിങ്ങും ഒക്കെ പുരോഗതി കൈവരിച്ചു. ആരോഗ്യപരിപാലന രംഗത്തും കാര്യമായ പുരോഗതി ഉണ്ടായി.
അതേസമയം, പുടിനെയോ അദ്ദേഹത്തിന്റെ നയങ്ങളെയോ ഒക്കെ എതിർത്ത് നിൽക്കുന്നവർ ഒന്നൊന്നായി ഈ ഭൂമുഖത്തുനിന്നുതന്നെ അപ്രത്യക്ഷമാകുന്ന സാഹചര്യവും റഷ്യയിൽ ഉണ്ട് എന്നത് നിഷേധിക്കാനാവില്ല. തന്റെ നേർക്ക് സംശയത്തിന്റെ മുൾമുനകളും ചോദ്യങ്ങളും ഉയർന്നപ്പോഴൊക്കെ, ആ മരണങ്ങളിൽ മിക്കതും സ്വാഭാവികമാണ് എന്നോ, അല്ലെങ്കിൽ ആത്മഹത്യകൾ ആണെന്നോ ഒക്കെ പുടിൻ പറഞ്ഞതു. കൊലപാതകങ്ങളുടെ കേസിലൊക്കെ, 'സംഭവത്തിൽ ക്രെംലിൻറെ അറിവോ ഉത്തരവാദിത്വമോ ഇല്ല' എന്ന് വിശദീകരണകുറിപ്പിറക്കി. വല്ലാതെ തന്നെ ശല്യം ചെയ്തവരോട്, 'റഷ്യൻ സർക്കാരിനെ കരിവാരിതേക്കാനുള്ള പാശ്ചാത്യ അജണ്ടയുടെ ഭാഗമാവുകയാണ് നിങ്ങൾ' എന്നുവരെ പുടിൻ ആരോപിച്ചു. കാലാകാലങ്ങളിൽ പുടിനെതിരെ ശബ്ദിച്ച നിരവധി രാഷ്ട്രീയ എതിരാളികൾ ഇങ്ങനെ ദുരൂഹമായ സാഹചര്യങ്ങളിൽ ആത്മഹത്യ ചെയ്ത നിലയിലും, വിഷബാധയേറ്റും, വെടികൊണ്ടും ഒക്കെ മരിച്ചുപോയിട്ടുണ്ട്. ഇങ്ങനെ ദുർമരണപ്പെട്ടിട്ടുള്ളവരുടെ ആകെ എണ്ണം നൂറിലധികം വരും. ലോകത്തിൽ മറ്റൊരു രാഷ്ട്രീയ നേതാവിന്റെയും എതിരാളികൾ ഇങ്ങനെ ഒന്നിന് പിറകെ ഒന്നായി ദുരൂഹ മരണങ്ങൾക്ക് ഇരയായിട്ടുണ്ടാവില്ല എന്നുറപ്പാണ്. ഇത്രയധികം പേർ ദുരുഹമായി കൊല്ലപ്പെട്ടിട്ടും, അതിൽ ഒന്നിന്റെ പോലും 'എവിഡൻസ് ട്രെയിൽ' വ്ലാദിമിർ പുടിനിലേക്ക് നീളുന്ന സാഹചര്യമുണ്ടായിട്ടില്ല ഇതുവരെ എങ്കിലും, 'ചത്തത് കീചകനെങ്കിൽ, കൊന്നത് ഭീമൻ തന്നെ' എന്ന ന്യായത്തിന്റെ പുറത്ത്, എന്നും മാധ്യമങ്ങൾ പ്രതിസ്ഥാനത്ത് കൊണ്ടുനിർത്തിയിട്ടുളളത് പുടിൻ അഡ്മിനിസ്ട്രേഷനെ തന്നെ ആണ്.
"
പരമാധികാരസ്ഥാനത്തേക്ക് ആദ്യമായി 2000 -ൽ എത്തിയ അന്നുതൊട്ടുതന്നെ, റഷ്യയുടെ ശക്തി ലോകത്തിനുമുന്നിൽ തെളിയിക്കണം എന്ന് പുടിന് നിര്ബന്ധമുണ്ടായിരുന്നു. 2014 -ൽ ക്രിമിയയെ അനെക്സ് ചെയ്യാനും, സിറിയയിലെ ഗവണ്മെന്റ് വിരുദ്ധ പോരാളികൾക്കുനേരെ ബോംബിങ് നടത്താനും എല്ലാം വേണ്ട ആലോചനകൾക്ക് പിന്നിലും പുടിൻ തന്നെ ആയിരുന്നു. "He sees himself as a man on a mission," എന്നാണ് പ്രസിദ്ധ പൊളിറ്റിക്കൽ അനലിസ്റ്റ് ആയ കോൺസ്റ്റന്റൈൻ കലാഷേവ് എഎഫ്പിയോട് പറഞ്ഞത്. കഴിഞ്ഞ കുറെ വർഷങ്ങളായി പാശ്ചാത്യശക്തികളുമായുള്ള പുടിന്റെ ബന്ധങ്ങൾക്ക് കാര്യമായ ഉലച്ചിൽ നേരിട്ടുകൊണ്ടിരിക്കുക തന്നെയായിരുന്നു. റഷ്യയെ ഒരു ആഗോള ശക്തികേന്ദ്രമാക്കി ഉയർത്തിക്കാട്ടാനുള്ള പുടിന്റെ ശ്രമങ്ങളെ ഇനിയും ലോകത്തിന് അവഗണിക്കാനാവില്ല എന്നുതന്നെയാണ് പുതുതായി ഉരുത്തിരിഞ്ഞിട്ടുള്ള യുദ്ധ സാഹചര്യം നമ്മെ ഓർമിപ്പിക്കുന്നത്.