ട്രോളിബാ​ഗുകളുമായി ചെന്നാൽ ഈ ന​ഗരത്തിലിനി പിഴയൊടുക്കേണ്ടി വരിക 20000 -ത്തിലധികം രൂപ!

Published : Jul 03, 2023, 12:24 PM IST
ട്രോളിബാ​ഗുകളുമായി ചെന്നാൽ ഈ ന​ഗരത്തിലിനി പിഴയൊടുക്കേണ്ടി വരിക 20000 -ത്തിലധികം രൂപ!

Synopsis

വളരെ സുന്ദരമായ ന​ഗരമാണ് ഡുബ്രോവ്നിക്. അവിടെ എപ്പോഴും വിനോദസഞ്ചാരികളുണ്ടാവും. എന്നാൽ, ഇവിടുത്തെ ന​ഗരവീഥികളെല്ലാം കല്ലു പാകിയതാണ്. ഇവിടുത്തെ നിവാസികൾ പറയുന്നത് വിനോദസഞ്ചാരികൾ കൊണ്ടുവരുന്ന ട്രോളി ബാ​ഗുകളുടെ വീലുകൾ ഉരുളുന്ന ഒച്ച കാരണം രാവും പകലും ഇവിടെ ശബ്ദമലിനീകരണം ആണെന്നാണ്.

ആർക്കിടെക്ചർ കൊണ്ടാണെങ്കിലും പ്രകൃതിസൗന്ദര്യം കൊണ്ടാണെങ്കിലും ആരുടേയും കണ്ണും മനസും നിറയ്ക്കുന്ന ഒന്നാണ് ഡുബ്രോവ്നിക് ന​ഗരം. യൂറോപ്പിലെ പ്രധാന വിനോദസഞ്ചാര ആകർഷണകേന്ദ്രം കൂടിയാണ് ഈ ന​ഗരം. എന്താ അങ്ങോട്ട് പോകാൻ ഉള്ളിലൊരു പ്ലാൻ ഉണ്ടോ? എന്നാൽ ഇക്കാര്യം കൂടി മനസിൽ കുറിച്ചിട്ടേക്കൂ, ട്രോളി ബാ​ഗുമായി ആ വഴി പോകണ്ട. കാരണം വേറൊന്നുമല്ല ഡുബ്രോവ്നിക് ന​ഗരം ട്രോളി ബാ​ഗുകൾ നിരോധിച്ചിരിക്കുകയാണ്. 

വർഷം തോറും ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന ന​ഗരത്തിലെ ഈ പരിഷ്കരണം ശരിക്കും ആളുകളെ ഞെട്ടിച്ചിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? എന്നാൽ, നൈസായി ട്രോളി ബാ​ഗുമായി അതുവഴി പോകാം എന്നൊന്നും കരുതണ്ട. കനത്ത പിഴ തന്നെ ഒടുക്കേണ്ടി വരും. എന്നാലും, എന്തായിരിക്കും ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ അവിടുത്തെ അധികൃതരെ പ്രേരിപ്പിച്ചിരിക്കുക? 

ന​ഗരത്തിലെ മേയർ മാറ്റോ ഫ്രാങ്കോവിക് ഇങ്ങനെ കേട്ടാൽ തികച്ചും വ്യത്യസ്തം എന്ന് തോന്നുന്ന ഒരു നിയമം കൊണ്ടുവന്നതിന് പിന്നിൽ കൃത്യമായ കാരണം തന്നെയുണ്ട്. വളരെ സുന്ദരമായ ന​ഗരമാണ് ഡുബ്രോവ്നിക്. അവിടെ എപ്പോഴും വിനോദസഞ്ചാരികളുണ്ടാവും. എന്നാൽ, ഇവിടുത്തെ ന​ഗരവീഥികളെല്ലാം കല്ലു പാകിയതാണ്. ഇവിടുത്തെ നിവാസികൾ പറയുന്നത് വിനോദസഞ്ചാരികൾ കൊണ്ടുവരുന്ന ട്രോളി ബാ​ഗുകളുടെ വീലുകൾ ഉരുളുന്ന ഒച്ച കാരണം രാവും പകലും ഇവിടെ ശബ്ദമലിനീകരണം ആണെന്നാണ്. അതുകൊണ്ട് തന്നെ തങ്ങൾക്ക് ശരിയായ രീതിയിൽ ഒന്ന് ഉറങ്ങാൻ പോലും സാധിക്കുന്നില്ല എന്നും ന​ഗരവാസികൾ വ്യക്തമാക്കി. 

ഇവരുടെ പരാതിയു‌ടെ അടിസ്ഥാനത്തിലാണ് ഈ പുതിയ നിയമം ന​ഗരത്തിൽ നടപ്പിലാക്കിയിരിക്കുന്നത്. ആരെങ്കിലും ട്രോളി ബാ​ഗുമായി പോയാൽ പിഴയായി ഒടുക്കേണ്ടി വരുന്ന തുകയും ചെറുതല്ല, ഏകദേശം 23630 രൂപയാണ് പിഴയിനത്തിൽ അടക്കേണ്ടി വരിക. അതുകൊണ്ട്, അങ്ങോട്ട് പെട്ടിയൊരുക്കുന്നവരുണ്ടെങ്കിൽ ട്രോളി ബാ​ഗുകൾ ഒഴിവാക്കിയേക്കൂ. 

PREV
Read more Articles on
click me!

Recommended Stories

ചോറും പരിപ്പുകറിയും വച്ചു കഴിച്ചാണ് ജീവിക്കുന്നത്, കാനഡയിൽ നിങ്ങൾ വിചാരിക്കുന്നതുപോലല്ല കാര്യങ്ങളെന്ന് യുവാവ്
ഇന്ത്യയുടെ 'ജിമിക്കി' എവിടെ? സോഷ്യൽ മീഡിയയിൽ പ്രതിഷേധം, ചർച്ചയായി പാരീസ് ഫാഷൻ വീക്കിലെ റാൽഫ് ലോറൻ ബ്രാൻഡ്