ചൈനയിലെ ഒരു യുവാവിന് ക്യൂട്ടിസ് വെർട്ടിസിസ് ഗൈറാറ്റ എന്ന അപൂർവ രോഗം കാരണം തലയോട്ടിയിലെ ചർമ്മം മസ്തിഷ്കത്തിന്‍റെ രൂപത്തിലായി. ഇത് വലിയ മാനസിക ബുദ്ധിമുട്ടുകൾക്ക് കാരണമായി. വർഷങ്ങൾ നീണ്ട ചികിത്സകൾക്ക് ശേഷം, 11 മാസം നീണ്ട ശസ്ത്രക്രിയയിലൂടെ അദ്ദേഹത്തിന് സാധാരണ രൂപം തിരികെ ലഭിച്ചു.

ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ നിന്നുള്ള 23 -കാരന് അപൂർവ രോഗാവസ്ഥയെ തുടർന്ന് തലയോട്ടിയിലെ ചർമ്മം അസാധാരണമായ രീതിൽ മനുഷ്യന്‍റെ മസ്തിഷ്കത്തിന്‍റെ രൂപത്തിലാവുകയും ചെയ്തെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഈയൊരു അവസ്ഥ കാരണം യുവാവ്, ശാരീരിക ബുദ്ധിമുട്ടുകളെക്കാൾ കൂടുതൽ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. വർഷങ്ങളുടെ ചികിത്സയിലൂടെ യുവാവിന് പഴ അവസ്ഥയിലേക്ക് മടങ്ങാൻ കഴിഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു.

കൗമാരക്കാലത്തെ രോഗാവസ്ഥ

ലി എന്ന കുടുംബപ്പേരുള്ള യുവാവിന് കൗമാരപ്രായത്തിലാണ് ആദ്യമായി തലയോട്ടിയിലെ ചർമ്മം പ്രത്യേക രീതിയിൽ കട്ടിയാകുന്നതായി ശ്രദ്ധിച്ചത്. പിന്നീട് ചർമ്മം ക്രമേണ വളർന്ന് വലിയ മടക്കുകളായി മാറി. 14 -ാം വയസ്സാകുമ്പോഴേക്കും തലയോട്ടിയുടെ ഏകദേശം പകുതിയോളം ഇത്തരത്തിൽ മാറിക്കഴിഞ്ഞിരുന്നു. ചികിത്സയ്ക്കായി നിരവധി ആശുപത്രികളെ സമീപിച്ചെങ്കിലും ആദ്യഘട്ടത്തിലെ ശസ്ത്രക്രിയകൾ പരാജയപ്പെട്ടതിനെ തുടർന്ന് തലയിൽ മുറിവുകൾ രൂപപ്പെടുകയും ആരോഗ്യകരമായ ചർമ്മം കുറവായതിനാൽ മറ്റ് ആശുപത്രികൾ ശസ്ത്രക്രിയ ചെയ്യാൻ മടിക്കുകയും ചെയ്തു.

Scroll to load tweet…

ക്യൂട്ടിസ് വെർട്ടിസിസ് ഗൈറാറ്റ

പിന്നീട് വുഹാൻ സർവകലാശാലയുടെ ഷോങ്‌നാൻ ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ വിദഗ്ധരെ ലി ചികിത്സയ്ക്കായി സമീപിച്ചു. ക്യൂട്ടിസ് വെർട്ടിസിസ് ഗൈറാറ്റ (Cutis Verticis Gyrata) എന്ന അപൂർവ രോഗാവസ്ഥയാണ് യുവാവിനുള്ളതെന്ന് ഇവിടുത്തെ ഡോക്ടർമാർ കണ്ടെത്തി. ഈ രോഗത്തിൽ തലയോട്ടിയിലെ ചർമ്മം അസാധാരണമായി കട്ടിയാവുകയും ആഴത്തിലുള്ള മടക്കുകൾ രൂപപ്പെടുകയും ചെയ്യുന്നു. എന്നാൽ, ഇത്തരമൊരു രോഗാവസ്ഥയുടെ കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും ഇത് ജന്മനാ ഉണ്ടാകുന്ന രോഗമാണ് എന്നതിന് തെളിവില്ലെന്നും ഡോക്ടർമാർ പറയുന്നു

11 മാസം നീണ്ട രണ്ട് ഘട്ടങ്ങളായുള്ള ചികിത്സ

ഏതാണ്ട് 11 മാസം നീണ്ട രണ്ട് ഘട്ടങ്ങളുളഅള ചികിത്സാ പദ്ധതിയാണ് ഡോക്ടർമാർ തയ്യാറാക്കിയത്. തലയോട്ടിക്കടിയിൽ പ്രത്യേക ടിഷ്യു എക്സ്പാൻഡറുകൾ സ്ഥാപിച്ച് ക്രമേണ അതിൽ പ്രത്യേക ദ്രാവകം നിറച്ച് ആരോഗ്യകരമായ ചർമ്മം വികസിപ്പിച്ചു. ആവശ്യമായ ചർമ്മം രൂപപ്പെട്ടതിന് ശേഷം മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ രോഗബാധിതമായ ഭാഗം നീക്കം ചെയ്ത് പുതിയ ചർമ്മം റീപ്ലാന്‍റ് ചെയ്തു. ശസ്ത്രക്രിയ വിജയകരമായതോടെ യുവാവിന്‍റെ തലയോട്ടിക്ക് സാധാരണ രൂപം ലഭിക്കുകയും വീണ്ടും സ്വാഭാവികമായി മുടി വളരാൻ തുടങ്ങുകയും ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു.