ഒരുകാലത്ത് അതിമനോഹരം, ഇന്നിത് പ്രേതനഗരങ്ങള്‍! കാരണമെന്താണ്?

By Web TeamFirst Published Jan 23, 2020, 2:56 PM IST
Highlights

അന്താരാഷ്ട്ര ന്യൂക്ലിയർ ഇവന്റ് സ്കെയിലിൽ പരമാവധി തീവ്രത ഏഴ് എന്ന് റേറ്റുചെയ്ത രണ്ട് ആണവോർജ്ജ ദുരന്തങ്ങളിൽ ഒന്നാണ് ഇത്. മറ്റൊന്ന് 2011 ജപ്പാനിലെ ഫുകുഷിമ ഡൈച്ചി ആണവ ദുരന്തമാണ്. ഒരുകാലത്ത് 50,000 ആളുകൾ താമസിച്ചിരുന്ന ഇത് ഇപ്പോൾ പൂർണമായും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

ജോർദാനിലെ പെട്രയും, കംബോഡിയയിലെ അങ്കോർ വാട്ടും, പെറുവിലെ മച്ചു പിച്ചുവുമെല്ലാം വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളാണ്. ഒരിക്കൽ ഒരു വലിയ സംസ്കാരത്തിൻ്റെ പാതയിൽ തലയുയർത്തി നിന്ന ഇതിഹാസ നഗരങ്ങളാണ് അവ. ലോകത്തിലെ ഏറ്റവും നിഗൂഢത നിറഞ്ഞ ഉപേക്ഷിക്കപ്പെട്ട സ്ഥലങ്ങള്‍.. പക്ഷേ, അവ മാത്രമല്ല കാലത്തിൻ്റെ കുത്തൊഴുക്കിൽ ഒലിച്ചുപോയിട്ടുള്ള നഗരങ്ങൾ. ലോകത്തിൽ നഷ്ടമായ പ്രതാപത്തിൻ്റെ അവശേഷിപ്പായി നിലനിൽക്കുന്ന മറ്റനേകം നഗരങ്ങളുമുണ്ട്. ഭൂപടത്തിൽ അവ മാഞ്ഞുപോയെങ്കിലും, അതിൻ്റെ അവശിഷ്ടങ്ങൾ ഇന്നും കഴിഞ്ഞുപോയ കാലത്തെ ഓർമിപ്പിച്ചുകൊണ്ട് നിലനിൽക്കുന്നു.  

ഹാഷിമ ദ്വീപ്: ജപ്പാൻ

നാഗസാക്കിക്ക് പുറത്ത് സ്ഥിതിചെയ്യുന്ന 16 ഏക്കർ വിസ്തൃതിയുള്ള ഈ ദ്വീപ് ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഒന്നായിരുന്നു. നാഷണൽ ജിയോഗ്രഫിക്കിൻ്റെ കണക്കനുസരിച്ച്, ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിൽ അയ്യായിരത്തിലധികം ആളുകളാണ് ഈ ദ്വീപിൽ താമസിച്ചിരുന്നത്. കടലിനടിയിലെ കൽക്കരി ഖനനം ചെയ്യാനായി മിത്സുബിഷി കോർപ്പറേഷനാണ് ഹാഷിമ എന്ന ഈ നഗരം  വികസിപ്പിച്ചെടുത്തത്. 1974 വരെ ഇത് വളരെ തിരക്കേറിയ ഒരു ദ്വീപായിരുന്നു. കൽക്കരിയെ മറികടന്ന്, ലോകത്തിലെ പ്രിയപ്പെട്ട ഊർജ്ജ സ്രോതസ്സായി പെട്രോളിയം മാറിയപ്പോൾ നഗരത്തിൻ്റെ നാശം ആരംഭിച്ചു. പതിയെ, നഗരവാസികളെല്ലാം അവിടം വിടാൻ തുടങ്ങി. അവസാനം ദ്വീപ് സ്ഥിരമായി അടച്ചു പൂട്ടുകയായിരുന്നു.  ഒരുപക്ഷേ നിങ്ങൾ ഇത് കണ്ടിട്ടുണ്ടാകും.  2012 ജെയിംസ് ബോണ്ട് ചിത്രമായ “സ്കൈഫാൾ” പശ്ചാത്തലമായി ഉപയോഗിച്ചത് ഈ പ്രേത നഗരമായിരുന്നു. 

ഉർ: ഇറാഖ്

3800 ബി.സിയിൽ സ്ഥാപിതമായ ഉർ ഒരു കാലത്ത് സുമേറിയൻ സാമ്രാജ്യത്തിലെ ഏറ്റവും ശക്തവും ജനസംഖ്യയുള്ളതുമായ നഗരമായിരുന്നു. കനാനിലേക്കു പോയ അബ്രഹാമിൻ്റെ വസതിയായി ഇത് ബൈബിളിൽ പരാമർശിക്കപ്പെടുന്നുണ്ട്. എന്നാൽ, അത് ഇപ്പോഴും നിലവിലുണ്ടെന്ന് പലർക്കും അറിയില്ല. ഒരുകാലത്ത് 80,000 പേർ താമസിച്ചിരുന്ന ആ മഹാനഗരത്തിൽ ഇപ്പോൾ ആകെ അവശേഷിക്കുന്നത് ഒരു മഹാ  സംസ്കാരത്തിൻ്റെ അവശിഷ്ടങ്ങൾ മാത്രം. 

ചാൻ ചാൻ: പെറു

അറുനൂറ് വർഷം മുമ്പ്, അമേരിക്കയിലെ ഏറ്റവും വലിയ മഹാനഗരമായിരുന്നു വടക്കൻ പെറുവിലെ ചാൻ ചാൻ. സങ്കീർണ്ണമായ രൂപകൽപ്പനകളോടെ നിർമ്മിച്ച ഇത് സ്മിത്‌സോണിയൻ മാസിക പറയുന്നതനുസരിച്ച്, ചിമോ നാഗരികതയുടെ തലസ്ഥാനമായിരുന്നു. എ ഡി 850 മുതൽ 1470 വരെ നീണ്ടുനിന്ന ചാൻ ചാൻ,  പുതുയുഗത്തിലെ ആദ്യത്തെ യഥാർത്ഥ എഞ്ചിനീയറിംഗ് സൊസൈറ്റിയായി കരുതപ്പെടുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ ചിമു ഇങ്ക പിടിച്ചടക്കിയതിനുശേഷം അത് നാമാവശേഷമായി. ഇന്ന് കാലാവസ്ഥ വ്യതിയാനവും, മഴയും കാരണം മണ്ണുകൊണ്ട് നിർമ്മിച്ച ആ അത്ഭുത നിർമ്മിതികൾ നാശത്തിൻ്റെ വക്കിലാണ്.  

കോൾമാൻസ്‌കോപ്പ്: നമീബിയ

നമീബ് മരുഭൂമിയുടെ നടുവിലാണ് ഈ മഹത്തായ പ്രേതനഗരം സ്ഥിതിചെയ്യുന്നത്. ഇവിടെ വജ്രങ്ങൾ കണ്ടെത്തിയതിനുശേഷം ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലാണ് ഈ നഗരം നിർമ്മിച്ചത്. അതിനെ തുടർന്ന് കോൾമാൻസ്‌കോപ്പ് ലോകത്തിലെ 10% വജ്രങ്ങളും ഉത്പാദിപ്പിക്കുന്ന നഗരമായിത്തീർന്നു. അവിടെ വികസനത്തിൻ്റെ ഭാഗമായി വീടുകളും ആശുപത്രികളും സ്കൂളുകളും നിർമ്മിക്കപ്പെട്ടു, 1930 -കൾ വരെ എല്ലാം മികച്ചതായിരുന്നു, എന്നാൽ, അതിനുശേഷം തെക്ക് ഭാഗത്ത് എളുപ്പത്തിൽ ഖനനം ചെയ്തെടുക്കാൻ സാധിക്കുന്ന വജ്രങ്ങൾ കണ്ടെത്തി. ഇത് ലോകശ്രദ്ധ അവിടേക്ക് തിരിയാൻ കാരണമായി. 1956 ആയപ്പോഴേക്കും നഗരം വിജനമായി. 

പ്രിപ്യറ്റ്: ഉക്രെയ്ൻ

1986 -ലെ ചെർണോബിൽ ആണവ സ്ഫോടനത്തിൽ പ്രീപ്യാത്ത് പട്ടണം നശിച്ചു. കാറ്റ് അതിൻ്റെ ആഘാതം രൂക്ഷമാക്കി. ചെർണോബിലെ ന്യൂക്ലിയർ പവർ പ്ലാന്റിലെ നാലാം നമ്പർ ആണവ റിയാക്ടറിൽ നടന്ന ഒരു ആണവ അപകടമാണത്. ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആണവ ദുരന്തമായി ഇത് കണക്കാക്കപ്പെടുന്നു. അന്താരാഷ്ട്ര ന്യൂക്ലിയർ ഇവന്റ് സ്കെയിലിൽ പരമാവധി തീവ്രത ഏഴ് എന്ന് റേറ്റുചെയ്ത രണ്ട് ആണവോർജ്ജ ദുരന്തങ്ങളിൽ ഒന്നാണ് ഇത്. മറ്റൊന്ന് 2011 ജപ്പാനിലെ ഫുകുഷിമ ഡൈചി ആണവ ദുരന്തമാണ്. ഒരുകാലത്ത് 50,000 ആളുകൾ താമസിച്ചിരുന്ന ഇത് ഇപ്പോൾ പൂർണമായും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

click me!