
അനധികൃതമായി വളർത്തുമൃഗമായി വളർത്തുന്ന ഒരു കടുവക്കുട്ടിയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ വന്യജീവി ഉദ്യോഗസ്ഥർ ഇപ്പോഴും തുടരുകയാണ്. കടുവക്കുട്ടിയെ അനധികൃതമായി കൈവശം വച്ചിരിക്കുന്നു എന്ന സംശയത്തെ തുടർന്ന് കഴിഞ്ഞ ദിവസം അൽബുക്കർക്കിയിലെ രണ്ട് വീടുകളിൽ നടത്തിയ റെയ്ഡിനിടെ ഒരു ചീങ്കണ്ണി, മയക്കുമരുന്ന്, തോക്കുകൾ, പണം എന്നിവ പിടിച്ചെടുത്തു, എന്നാൽ അനധികൃതമായി വളർത്തുമൃഗമായി വളർത്തിയതായി കരുതുന്ന ഒരു കടുവയെ ഇപ്പോഴും തിരയുകയാണ്.
ഈ മൃഗത്തിന് ഒരു വയസ്സിൽ താഴെ പ്രായമുണ്ടെന്നും 60 പൗണ്ടിൽ താഴെ (27 കിലോഗ്രാം) ഭാരമുണ്ടെന്നുമാണ് ഉദ്യോഗസ്ഥർ കരുതുന്നത്. എന്നാൽ, കടുവകൾക്ക് 600 പൗണ്ട് (272 കിലോഗ്രാം) വരെ വളരാൻ കഴിയുമെന്ന് വന്യജീവി വകുപ്പ് പറഞ്ഞു. ഇത് അപകടമാണ്. കടുവകളും ചീങ്കണ്ണികളും പോലുള്ള വലിയ മാംസം ഭക്ഷിക്കുന്ന മൃഗങ്ങളെ വളർത്തുന്നത് സ്വയം അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്ല്യമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഓർമ്മിപ്പിക്കുന്നു.
നിലവിൽ കാണാതായ കടുവക്കുട്ടി ന്യൂ മെക്സിക്കോയിലോ അടുത്തുള്ള സംസ്ഥാനത്തിലോ ആരുടെയെങ്കിലും കൂടെ ഉണ്ടെന്നാണ് കരുതുന്നതെന്ന് ന്യൂ മെക്സിക്കോ ഡിപ്പാർട്ട്മെന്റ് ഓഫ് ഗെയിം ആൻഡ് ഫിഷ് കൺസർവേഷൻ ഓഫീസർമാർ പ്രസ്താവനയിൽ പറഞ്ഞു. കാട്ടു കടുവകൾ ആഗോളതലത്തിൽ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിലാണ്. 1967 മുതൽ 1987 വരെ യുഎസിൽ വംശനാശഭീഷണി നേരിടുന്നവയായി ചീങ്കണ്ണികളെയും പട്ടികപ്പെടുത്തിയിരുന്നു, എന്നാൽ ഇന്ന് ഇത് കാട്ടിൽ സുലഭമാണ്.
അധികൃതർ പിടികൂടിയ ചീങ്കണ്ണിക്ക് ഏകദേശം 3 അടി (ഏകദേശം 1 മീറ്റർ) നീളമുണ്ട്. സ്റ്റേറ്റ് കൺസർവേഷൻ ഓഫീസർമാരും ഫെഡറൽ, സ്റ്റേറ്റ്, ലോക്കൽ പൊലീസും സെർച്ച് വാറണ്ടുകൾ നൽകിയതിന് ശേഷം ഇതിനെ വന്യജീവി കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
സംഭവത്തിൽ 26 -കാരനായ ഒരാളെ അറസ്റ്റ് ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളിൽ നിന്ന് 2 പൗണ്ട് (0.9 കിലോഗ്രാം) ഹെറോയിൻ, 10.5 പൗണ്ട് (4.75 കിലോഗ്രാം) കൊക്കെയ്ൻ, 49 പൗണ്ട് (22 കിലോഗ്രാം) കഞ്ചാവ്, 17 റൈഫിളുകൾ, പിസ്റ്റളുകൾ, ഫെന്റാനൈൽ, എന്നിവയും ഏകദേശം 42,000 ഡോളറും പിടിച്ചെടുത്തതായി അൽബുക്കർക് പൊലീസ് അറിയിച്ചു.