പതിനേഴ് വർഷങ്ങൾക്ക് മുമ്പ് കളഞ്ഞുപോയ വിവാഹമോതിരം, യാതൊരു കേടുപാടും കൂടാതെ ഉടമയ്ക്കരികിൽ

By Web TeamFirst Published Sep 12, 2022, 1:07 PM IST
Highlights

വാർത്ത കണ്ട നോയൽ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. വർഷങ്ങൾക്ക് മുമ്പ് തന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ടുപോയ അതേ മോതിരം. വർഷങ്ങൾക്ക് മുമ്പ് കൃത്യമായി പറഞ്ഞാൽ പതിനേഴ് വർഷങ്ങൾക്ക് മുമ്പാണ് സുഹൃത്തുക്കളുമായി പെന്റിക്‌ടൺ ചാനലിൽ അവധി ആഘോഷത്തിനായി പോയ നോയലിന്റെ വിവാഹമോതിരം നഷ്ടമാകുന്നത്.

ചില കാര്യങ്ങൾ കേട്ടാൽ നമുക്ക് കൗതുകവും അതിശയവും ഒരുപോലെ തോന്നും. അത്തരത്തിൽ ഒരു സംഭവം കഴിഞ്ഞ ദിവസം ഇംഗ്ലീഷ് ന്യൂസ് പോർട്ടലായ യുപിഐ റിപ്പോർട്ട് ചെയ്തു. 17 വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷ് കൊളംബിയ ചാനലിൽ വീണുപോയ ഒരു വിവാഹമോതിരം ഇപ്പോഴിതാ ഒരു നീന്തൽക്കാരന് തിരികെ ലഭിച്ചിരിക്കുന്നു. യാതൊരു കേടും കൂടാതെ.

ഒരു പ്രാദേശിക നീന്തൽക്കാരനാണ് പെന്റിക്‌ടൺ ചാനലിൽ നിന്ന് മോതിരം കിട്ടിയത്. ഏതായാലും ആളൊരു സത്യസന്ധനായിരുന്നു. കണ്ടെത്തിയ മോതിരത്തിന്റെ ഉടമയെ തേടി ആയാൾ ആദ്യം പോയത് പെന്റിക്‌ടൺ പൊലീസ് ഉദ്യോ​ഗസ്ഥരുടെ അരികിലേക്കാണ്. മോതിരത്തിൽ സ്റ്റെഫാനി, നോയൽ എന്നീ പേരുകൾ കൊത്തിവച്ചിരുന്നു. ഉടൻ തന്നെ ഉടമസ്ഥരെ കണ്ടെത്താൻ മോതിരം കണ്ടെത്തിയ വിവരം അറിയിച്ച് പൊലീസ് പ്രസ്താവന ഇറക്കി.

പൊലീസ് പ്രസ്താവന നോയലിന്റെ അമ്മായി അച്ഛൻ കാണാൻ ഇടയായി. ഉടൻ തന്നെ അദ്ദേഹം ആ വാർത്ത നോയലിന് അയച്ചുകൊടുത്ത് കിട്ടിയ മോതിരം അയാളുടേത് ആണോ എന്ന് അന്വേഷിച്ചു. വർഷങ്ങൾക്ക് മുമ്പ് നോയലിന്റെ മോതിരം നഷ്ടപ്പെട്ട വിവരം അമ്മായിഅച്ഛന് അറിയാമായിരുന്നു. വാർത്ത കണ്ട നോയൽ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. വർഷങ്ങൾക്ക് മുമ്പ് തന്റെ കയ്യിൽ നിന്നും നഷ്ടപ്പെട്ടുപോയ അതേ മോതിരം. വർഷങ്ങൾക്ക് മുമ്പ് കൃത്യമായി പറഞ്ഞാൽ പതിനേഴ് വർഷങ്ങൾക്ക് മുമ്പാണ് സുഹൃത്തുക്കളുമായി പെന്റിക്‌ടൺ ചാനലിൽ അവധി ആഘോഷത്തിനായി പോയ നോയലിന്റെ വിവാഹമോതിരം നഷ്ടമാകുന്നത്. പക്ഷെ അത് എവിടെയാണ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. കാരണം തിരികെ കാറിലെത്തിയപ്പോഴാണ് വിരലിൽ മോതിരമില്ലെന്ന് നോയൽ അറിയുന്നത്.

അന്ന് താൻ ഏറെ വിഷമിച്ചുവെന്നും ഇപ്പോൾ തന്റെ 20 -ാം വിവാഹവാർഷിക വർഷത്തിലാണ് മോതിരം തിരികെ കിട്ടുന്നതെന്നും അത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും നോയൽ പറയുന്നു. 17 വർഷം വെള്ളത്തിനടിയിൽ കിടന്നിട്ടും തന്റെ മോതിരത്തിന് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

click me!