Latest Videos

1947 ഓഗസ്റ്റ് 15 -ന് ഗാന്ധിജി  എന്തു ചെയ്യുകയായിരുന്നു?

By Web TeamFirst Published Aug 14, 2021, 3:54 PM IST
Highlights

പോരാട്ടങ്ങളുടെ ആള്‍രൂപമായിരുന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാ ഗാന്ധി ആ ആഘോഷപ്പകലില്‍ എന്തുചെയ്യുകയായിരുന്നു?
 

2021 ഓഗസ്റ്റ് 15 സ്വതന്ത്ര ഇന്ത്യയുടെ എഴുപത്തഞ്ചാം വര്‍ഷമാണ്. 1947 -ല്‍ ഇതേ ദിവസമാണ് ഏതാണ്ട് ഒരു നൂറ്റാണ്ടു കാലം നീണ്ടുനിന്ന സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ക്കൊടുവില്‍ നമ്മുടെ നാട്ടിലെ പൗരന്മാര്‍ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ഉള്ളിലേക്കെടുക്കുന്നത്. അന്നേ ദിവസം സ്വതന്ത്ര ഇന്ത്യയിലെ പൗരന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് നിയുക്ത പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഒരു ഗംഭീര പ്രഭാഷണം നടത്തുകയുണ്ടായി. ഈ പോരാട്ടങ്ങളുടെ എല്ലാം ആള്‍ രൂപമായിരുന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാ ഗാന്ധി ആ ആഘോഷപ്പകലില്‍ എന്തുചെയ്യുകയായിരുന്നു?

അദ്ദേഹം ആ സന്തോഷത്തിന്റെ ദിവസം ആഘോഷിക്കുകയല്ലായിരുന്നു. അദ്ദേഹം ആ ശുഭദിനത്തില്‍, ദില്ലിയിലെ അധികാരത്തിന്റെ ഇടനാഴികളില്‍ നിന്നൊക്കെ എത്രയോ കാതം അകലെ ബംഗാളിന്റെ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ ഉപവാസം അനുഷ്ഠിക്കുകയായിരുന്നു. അന്നേദിവസം അദ്ദേഹം അവിടേക്ക് പോയത് ബംഗാളിലെയും ബിഹാറിലെയും വര്‍ഗീയ ലഹളകള്‍ക്ക് ശമനമുണ്ടാക്കാന്‍ വേണ്ടിയായിരുന്നു. അവിടങ്ങളില്‍ ഹിന്ദുക്കളും മുസ്ലിംകളും തമ്മില്‍ മാസങ്ങളായി കലാപത്തിലായിരുന്നു. 

 

 

'എനിക്ക് ഈ ഓഗസ്റ്റ് 15 ആഘോഷത്തിന്റെ ദിനമല്ല. എന്റെ മനസ്സില്‍ സന്തോഷം തെല്ലുമില്ല. നിങ്ങളെ വഞ്ചിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നമുക്ക് ഇന്ന് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യത്തില്‍ ഇന്ത്യക്കും പാകിസ്ഥാനും ആജീവനാന്തം കലഹിക്കാനുള്ള വകയുമുണ്ട്. അപ്പോള്‍ പിന്നെ എങ്ങനെയാണ് സ്വാതന്ത്ര്യ ലബ്ധിയുടെ പേരില്‍ പ്രതീക്ഷയുടെ നാളങ്ങള്‍ തെളിയിക്കുക? ' അദ്ദേഹം പറഞ്ഞു.

ബംഗാളിലെ കലാപം പ്രധാനമായും കിഴക്കന്‍ പാകിസ്ഥാന്‍ എന്ന പേരില്‍ ഒരു ഭാഗം അടര്‍ത്തിമാറ്റിക്കൊണ്ട് വിഭജനം നടന്നു എന്നതായിരുന്നു. 1946  അവസാനത്തോടെ കിഴക്കന്‍ പാകിസ്താനിലെ നവഖാലിയില്‍ ഹിന്ദുക്കളുടെ ഭവനങ്ങള്‍ അവരുടെ മുസ്ലിം അയല്‍ക്കാരാല്‍ ചുട്ടെരിക്കപ്പെട്ടിരുന്നു. ഗാന്ധിജി ഈ അനിഷ്ടസംഭവങ്ങളുടെ പേരില്‍ ആകെ പരിഭ്രാന്തനായിരുന്നു. പരസ്പരം കലഹിച്ചുകൊണ്ടിരുന്ന ഈ രണ്ടു സമുദായങ്ങള്‍ തമ്മില്‍ സമാധാനം പുലര്‍ന്നുകാണാന്‍ വേണ്ടിയാണ് അദ്ദേഹം അങ്ങോട്ട് ചെന്നത് തന്നെ.

ഗാന്ധിജിയുടെ ഉപവാസത്തിനു പിന്നില്‍ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. അത് അന്നേദിവസം പട്ടിണി കിടക്കാന്‍ സാധ്യതയുള്ള പാവങ്ങള്‍ അന്നും അരപ്പട്ടിണിയാവും എന്നുള്ള തോന്നല്‍ ആയിരുന്നു. ഇന്ത്യ സ്വതന്ത്രമായി എങ്കിലും, രാജ്യത്ത് നിലനിന്നിരുന്ന ദാരിദ്ര്യത്തെക്കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടി ആയിരുന്നു ഗാന്ധിജിയുടെ ഉപവാസവും. സ്വാതന്ത്ര്യ ദിനത്തിലെ ലാളിത്യം ഗാന്ധിജിയുടെ വാക്കുകളും പ്രവൃത്തിയും ഒരുപോലെയാണ് എന്നതിന്റെ മറ്റൊരു തെളിവുകൂടിയായിരുന്നു.

click me!