
തമിഴ്നാട്ടിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ആദ്യമായി ഒരു ട്രാൻസ്‌ജെൻഡർ സ്ഥാനാർത്ഥി(Transgender Candidate) വിജയിച്ചിരിക്കുന്നു. ഡിഎംകെയുടെ സ്ഥാനാർത്ഥിയായ ഗംഗാ നായക്കാ(Ganga Nayak)ണ് വിജയിച്ചത്. ഇനി മുതൽ വെല്ലൂർ കോർപ്പറേഷനിലെ 37 -ാം വാർഡിന്റെ കൗൺസിലറാണ് ഈ 49 -കാരി. ഗംഗ ഡിഎംകെ -യിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടുകൾ പിന്നിട്ടു. നിലവിൽ സൗത്ത് ഇന്ത്യ ട്രാൻസ്‌ജെൻഡർ അസോസിയേഷന്റെ സെക്രട്ടറിയായ അവർ മാനുഷിക പ്രവർത്തനങ്ങളുടെ പേരിൽ അറിയപ്പെടുന്നു.
തെരഞ്ഞെടുപ്പിൽ അവർ 15 വോട്ടിന്റെ വ്യത്യാസത്തിലാണ് വിജയിച്ചതെങ്കിലും, ട്രാൻസ് കമ്മ്യൂണിറ്റിയെ സംബന്ധിച്ചിടത്തോളം ഇതൊരു സുപ്രധാന നേട്ടമാണ്. വെല്ലൂരിൽ ദിവസ വേതനക്കാരായി ജോലി ചെയ്യുന്നവരായിരുന്നു ഗംഗയുടെ മാതാപിതാക്കൾ. അവർ ഗംഗയെ ഒരു മകനായി വളർത്താൻ ആഗ്രഹിച്ചു. എന്നാൽ മാതാപിതാക്കളുടെ പ്രതീക്ഷയ്ക്ക് ഒത്ത് ജീവിക്കാൻ ഗംഗയ്ക്ക് കഴിഞ്ഞില്ല. താൻ വ്യത്യസ്തയാണ് എന്ന് വളരെ വേഗം തന്നെ അവൾ തിരിച്ചറിഞ്ഞു. എന്നാൽ, വീട്ടുകാർക്കും നാട്ടുകാർക്കും അത് ഉൾക്കൊള്ളാനായില്ല. ഒടുവിൽ ഗംഗ വീട് വിട്ടിറങ്ങി. തന്നെ പോലുള്ളവരുടെ കൂട്ടത്തിൽ ചേർന്നു. എന്നാൽ, സമൂഹവും അവളെ പൂർണ്ണമായും തഴഞ്ഞു. അവർക്ക് വീടുകൾ വാടകയ്ക്കു നല്കാൻ ആരും തയ്യാറായില്ല. കയറി കിടക്കാൻ ഒരിടമില്ലാതെ ഗംഗയും സംഘവും കഷ്ടപ്പെട്ടു. ഒടുവിൽ 2003 -ൽ ഗംഗ എസി മോഹൻദാസ് എന്ന് പേരുള്ള ഒരു കളക്ടറെ കണ്ട് തങ്ങളുടെ സങ്കടങ്ങൾ പറഞ്ഞു.
തുടർന്ന് കളക്ടർ ഇടപെട്ട് അവർക്ക് അടുത്തുള്ള ഗ്രാമത്തിൽ വീടുകൾ കെട്ടി കൊടുത്തു. ഓരോ വീട്ടിലും നാല് പേർക്ക് തങ്ങാൻ പാകത്തിന് ഓരോ മുറികൾ വീതം ഉണ്ടായിരുന്നു. എന്നാൽ, അവിടെ ബാത്റൂമോ, വൈദ്യുതിയോ, വെള്ളമോ ഒന്നും ഉണ്ടായിരുന്നില്ല. അവർ ഇരുപത് പേരായിരുന്നു സംഘത്തിൽ ആദ്യം. എന്നാൽ, പിന്നീട് സ്വയം അധ്വാനിച്ചും, ചെറിയ ജോലികൾ ചെയ്തും ബാക്കി സൗകര്യങ്ങൾ അവർ നേടിയെടുത്തു. ഇപ്പോൾ ആ ക്വാർട്ടേസിൽ 37 പേരോളം താമസിക്കുന്നു. അവർക്കായി നിരവധി സ്വയം തൊഴിൽ പദ്ധതികൾ അവൾ നടപ്പിലാക്കുന്നു.
കൂടാതെ, 30 ട്രാൻസ്‌ജെൻഡേഴ്‌സ് ഉൾപ്പെടെ 50 അംഗങ്ങളുള്ള നാടക ട്രൂപ്പിന്റെ സ്ഥാപക അംഗം കൂടിയാണ് അവർ. നാടകത്തിലൂടെ ബോധവൽക്കരണ സന്ദേശങ്ങൾ അവർ സമൂഹത്തിൽ പ്രചരിപ്പിക്കുന്നു. കൊവിഡ് മഹാമാരി സമയത്ത്, ഗംഗയും അവളുടെ നാടകസംഘവും സാമൂഹിക അകലം പാലിക്കുന്നതിനെക്കുറിച്ചും മാസ്‌ക് ധരിക്കുന്നതിനെക്കുറിച്ചും ബോധവൽക്കരണ പ്രചാരണങ്ങൾ നടത്തിയിരുന്നു. “എന്റെ ഈ രാഷ്ട്രീയ യാത്ര തീർച്ചയായും ട്രാൻസ്‌ജെൻഡർ സമൂഹത്തിന് പ്രതീക്ഷ നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സാധാരണക്കാരെ സേവിക്കാൻ ഞാൻ പരമാവധി ശ്രമിക്കും" അവർ പറഞ്ഞു.
വെല്ലൂർ ഓൾഡ് ടൗണിന് ശരിയായ ഒരു അഴുക്കുചാൽ പദ്ധതി വേണമെന്നും അവർ പറഞ്ഞു. "സ്ത്രീകൾക്കായി പൊതു ടോയ്‌ലറ്റുകളും, യുവാക്കൾക്കായി ഒരു കളിസ്ഥലവും ഞാൻ നിർമ്മിക്കും. മദ്യക്കുപ്പികളും മറ്റ് മാലിന്യങ്ങളും നിറഞ്ഞ ടാങ്കിൽ നിന്ന് വിതരണം ചെയ്യുന്ന വെള്ളമാണ് താമസക്കാർ ഇപ്പോൾ ഉപയോഗിക്കുന്നത്. അതിനാൽ അവർക്ക് ശുദ്ധമായ കുടിവെള്ളം ഞാൻ ഉറപ്പാക്കും" ഗംഗ വ്യക്തമാക്കി.