35 വർഷത്തിനുശേഷം ജനിച്ച വീട് സന്ദർശിക്കുമ്പോൾ, ചെർണോബിൽ ദുരന്തത്തെ തുടർന്ന് പലായനം ചെയ്യേണ്ടി വന്ന മനുഷ്യർ

By Web TeamFirst Published Apr 26, 2021, 10:10 AM IST
Highlights

ദുരന്തത്തിന് മുമ്പ് ഈ സ്ഥലം വളരെ നല്ലതായിരുന്നു എന്ന് അച്ഛനും അമ്മയും എപ്പോഴും പറയാറുണ്ടായിരുന്നു. അവര്‍ പറയുന്ന കാര്യത്തില്‍ ഒരു സംശയവും എനിക്കില്ല. ഇതാണ് എന്‍റെ വീട് എന്ന് എനിക്ക് തോന്നുന്നു. 

ജനിച്ചു വളർന്ന, എല്ലാം ഒന്നൊന്നായി കെട്ടിപ്പൊക്കി ജീവിതം തുടങ്ങിയ ഒരിടത്തുനിന്നും കുടിയിറങ്ങേണ്ടി വരിക എന്നത് ഒരു മനുഷ്യനും ഇഷ്‍ടമുള്ള കാര്യമായിരിക്കില്ല. എന്നാൽ, ലോകത്തിന്റെ പല ഭാ​ഗങ്ങളിൽ നിന്നും പല കാരണങ്ങൾ കൊണ്ടും ആളുകൾക്ക് പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരാറുണ്ട്. പ്രിപ്യാറ്റിലെ ജനങ്ങളുടെ കാര്യവും വ്യത്യസ്‍തമായിരുന്നില്ല. ചെർണോബിൽ ആണവോർജ്ജ ദുരന്തമുണ്ടായ ശേഷം പലായനം ചെയ്യേണ്ടി വന്ന അനേകങ്ങളുണ്ടായിരുന്നു. അത് മാത്രമായിരുന്നില്ല, ആ റേഡിയേഷൻ അവരിൽ പലവിധ രോ​ഗങ്ങളും ഉണ്ടാക്കി. പലരും അതേ തുടർന്ന് മരിച്ചു. ഇപ്പോഴിതാ, നാലാം വയസിൽ ഉപേക്ഷിക്കേണ്ടി വന്ന തന്റെ ജന്മ​ഗൃ​ഹത്തിലേക്ക് 35 വർഷങ്ങൾക്ക് ശേഷം തിരികെ വന്നിരിക്കുകയാണ് ഒരു യുവതി. (ബിബിസി പ്രസിദ്ധീകരിച്ചത്.) 

ല്യുഡ്‍മില ഹോംകര്‍- ചിത്രം ബിബിസി

അത്യാഹ്ളാദത്തിന്‍റെ ശബ്ദത്തോടെയാണ് അവള്‍ ആ സ്ഥലത്തേക്ക് മടങ്ങിയത്. 'അതേ, അത് 89 ആണ്. ഞങ്ങളുടെ അപാര്‍ട്മെന്‍റിന്‍റെ നമ്പര്‍. യേഹ്, ഞാനത് കണ്ടുപിടിച്ചു...' പൊട്ടിച്ചിരിച്ചു കൊണ്ടാണ് അവളത് പറഞ്ഞത്. ഉക്രെയിനിലെ പ്രിപ്യാറ്റിലെ ഈ അപാര്‍ട്മെന്‍റിലാണ് കുഞ്ഞായിരിക്കുമ്പോള്‍ ല്യുഡ്‍മില ഹോംകര്‍ താമസിച്ചിരുന്നത്. അവസാനമായി അവളിവിടം കാണുന്നത് 35 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, അവളുടെ നാലാമത്തെ വയസില്‍. ഇപ്പോള്‍, ആ ഓര്‍മ്മകളെ തിരിച്ചെടുക്കുകയാണ് അവള്‍. 'അതാ, അതാണ് എന്‍റെ കിന്‍ഡര്‍ ഗാര്‍ട്ടന്‍...' അങ്ങനെ ഓരോ ഇടങ്ങളും അവൾ ഓർമ്മകൾ കൊണ്ട് തൊട്ടെടുക്കുന്നു.  

1986 -ലെ ചെര്‍ണോബില്‍ ആണവദുരന്തത്തെ തുടര്‍ന്ന് ഒഴിപ്പിക്കുന്നത് വരെ ഏകദേശം 50,000 -ത്തോളം ആളുകളാണ് പ്രിപ്യാറ്റില്‍ ജീവിച്ചിരുന്നത്. ഇപ്പോള്‍ 35 വര്‍ഷത്തിന് ശേഷം ല്യുഡ്‍മില തന്‍റെ വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. അവള്‍ ആ യാത്ര ആരംഭിച്ചത് 120 കിലോമീറ്റര്‍ ദൂരത്തുള്ള കസിന്‍ പെട്രോയുടെ പഴയ വീട്ടില്‍ നിന്നുമാണ്. ഒഴിപ്പിക്കല്‍ സമയത്ത് ല്യുഡ്‍മില കഴിഞ്ഞത് ഇവിടെയാണ്. അത് 1986 -ലെ വേനല്‍ക്കാലമായിരുന്നു. 'അതിനുശേഷം ഞങ്ങള്‍ ക്യിവിലേക്ക് മാറി. മുറിവുകളില്‍ നിന്നും ഓരോന്നായി ഉണ്ടാക്കിയെടുത്ത് തുടങ്ങി. കുറേക്കാലം എന്‍റെ മാതാപിതാക്കള്‍ പറഞ്ഞുകൊണ്ടിരുന്നത് നമുക്ക് ഉടനെത്തന്നെ പ്രിപ്യാറ്റിലേക്ക് മടങ്ങാനാവും എന്നാണ്. എല്ലാം ശരിയാകും എന്ന് തന്നെ അവര്‍ വിശ്വസിച്ചു. പക്ഷേ, പെട്ടെന്ന് അവര്‍ അസുഖബാധിതരായി. എന്‍റെ മനസിലൂടെ ഒരുപാട് ചിന്തകള്‍ കടന്നുപോയി. ഇങ്ങോട്ടുള്ള യാത്രക്ക് മുമ്പുള്ള ഒരാഴ്ച മുഴുവനും ഞാനോര്‍മ്മകളിലായിരുന്നു. ഞാന്‍ വളര്‍ന്ന ആ സ്ഥലം എങ്ങനെ ആയിരിക്കും എന്ന് ഞാന്‍ ചിന്തിച്ചുകൊണ്ടേയിരുന്നു' -അവൾ പറയുന്നു.

കഴിഞ്ഞ 35 വര്‍ഷങ്ങളായി ചെര്‍ണോബില്ലിലെ റേഡിയേഷന്‍ ലെവല്‍ കുറഞ്ഞു വരികയാണ്. ഒഴിഞ്ഞു കിടന്ന ആ നഗരം ടൂറിസം മേഖല കയ്യടക്കി. 'എന്നെ സംബന്ധിച്ച് ഈ യാത്ര വളരെ സെന്‍സിറ്റീവാണ്, വളരെ വളരെ അധികം വേദനാജനകമാണ്. എങ്ങനെയാണ് ആ ഓര്‍മ്മകള്‍ വില്‍ക്കാനും വാങ്ങാനും ആളുകള്‍ക്ക് കഴിയുന്നത് എന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്' ടൂറിസത്തെ കുറിച്ച് ല്യുഡ്‍മില പറയുന്നു.  

പ്രിപ്യറ്റിൽ ജീവിച്ചിരുന്ന പല മനുഷ്യരും മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ചെര്‍ണോബില്‍ ന്യൂക്ലിയര്‍ പവര്‍ സ്റ്റേഷനില്‍ ജോലി ചെയ്തവരായിരുന്നു. ല്യുഡ്‍മിലയുടെ അച്ഛനും കെട്ടിടം പണിയുന്ന സമയത്ത് അവിടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ജോലി ചെയ്തിരുന്നു. ജനങ്ങളോട് അന്നും ആരും ഒരു ന്യൂക്ലിയര്‍ സ്റ്റേഷന്‍ എത്രത്തോളം അപകടകാരിയാണ് എന്നതിനെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല എന്ന് ല്യുഡ്‍മില പറയുന്നു. 'അവിടെ എല്ലാവര്‍ക്കും സണ്‍ഗ്ലാസ് നല്‍കിയിരുന്നു എന്ന് അച്ഛന്‍ പറഞ്ഞിരുന്നു. ജോലി ചെയ്യാന്‍ നേരത്ത് തീര്‍ച്ചയായും അത് ധരിക്കാന്‍ പറഞ്ഞിരിക്കാം. പക്ഷേ, ആരും ധരിച്ചിരുന്നില്ല. അച്ഛന്‍റെ കണ്ണിന്‍റെ ലെന്‍സ് കരിഞ്ഞിരുന്നു. വളരെ വൈകിയാണ് ഞങ്ങളത് റേഡിയേഷന്‍ കാരണമാണ് എന്ന് കണ്ടെത്തിയത്.' 

1986 ഏപ്രിൽ 26 -ന് രാത്രിയിലാണത് നടന്നത്... ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആണവോര്‍ജ്ജ ദുരന്തം. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നതും ഇപ്പോൾ ഉക്രെയിനിന്റെ ഭാഗമായി നിലനിൽക്കുന്നതുമായ പ്രിപ്യാറ്റ് എന്ന പ്രദേശത്ത്... ചെർണോബിൽ ആണവോർജ്ജ പ്ലാന്റിലെ നാലാം നമ്പർ റിയാക്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടമായിരുന്നു അത്. ഒരു പ്രദേശത്തെയാകെ റേഡിയോ ആക്റ്റീവ് വികിരണത്താൽ മലിനപ്പെടുത്തുകയും അവിടെയുള്ള മനുഷ്യരെ പലതരത്തിലും ഇല്ലാതാക്കുകയും ചെയ്തു ചെര്‍ണോബില്‍ ദുരന്തം. ല്യുഡ്‍മിലയുടെ മാതാപിതാക്കള്‍ രണ്ടുപേരും മരിച്ചത് ഇവിടെ നിന്നുള്ള റേഡിയേഷനെ തുടര്‍ന്നുണ്ടായ അസുഖത്താലാണ്. 

'ദുരന്തത്തിന് മുമ്പ് ഈ സ്ഥലം വളരെ നല്ലതായിരുന്നു എന്ന് അച്ഛനും അമ്മയും എപ്പോഴും പറയാറുണ്ടായിരുന്നു. അവര്‍ പറയുന്ന കാര്യത്തില്‍ ഒരു സംശയവും എനിക്കില്ല. ഇതാണ് എന്‍റെ വീട് എന്ന് എനിക്ക് തോന്നുന്നു. പക്ഷേ, ഇവിടം സന്ദര്‍ശിച്ചശേഷം എനിക്ക് തോന്നുന്നത് ഇതിപ്പോള്‍ എന്‍റെ വീടല്ല എന്നാണ്. ചിലപ്പോള്‍ ഈ അനുഭവം എന്നൊയൊരു കരുത്തുള്ള സ്ത്രീയാക്കി തീര്‍ത്തത് കൊണ്ടായിരിക്കാം. ഞാന്‍ വളരെ സന്തോഷമുള്ളൊരു വ്യക്തിയാണ്. ചെര്‍ണോബിലാണ് എന്നെ ഞാനാക്കിത്തീര്‍ത്തത് എന്നെനിക്ക് പറയാനാവില്ല. പക്ഷേ, അതിലൂടെയാണ് എന്‍റെ മാതാപിതാക്കള്‍ ഒരിക്കലും ഒന്നിനോടും വിട്ടുകൊടുക്കരുത് എന്നെന്നെ പഠിപ്പിച്ചത് -ല്യുഡ്‍മില പറയുന്നു. 

click me!