
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് ഏകദേശം പത്ത് വർഷം മുൻപത്തെ കാലം. അന്ന്, മുഖ്യധാരയിലേക്ക് കടന്ന് വരാൻ സ്ത്രീകൾക്ക് ഒരുപാട് പരിമിതികളുണ്ടായിരുന്നു. പുരുഷാധിപത്യം പുലർത്തുന്ന തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നാമമാത്രമായ സാന്നിധ്യമേ ഉണ്ടായിരുന്നുള്ളൂ. പഠിക്കാനും, ജോലി ചെയ്യാനും ഒക്കെ ഉള്ള അവസരം നന്നേ കുറവായിരുന്നു. എന്നാൽ, സമൂഹത്തിലെ അത്തരം മുരടിച്ച ചിന്താഗതികൾക്ക് ഒരു വെല്ലുവിളിയായി മാറിയ സ്ത്രീയായിരുന്നു സരള ഠക്രാൽ(Sarla Thukral). തനിച്ച് പുറത്ത് പോകാൻ പോലും അനുവാദമില്ലാതിരുന്ന ആ കാലത്ത് എല്ലാവരെയും അമ്പരിപ്പിച്ച് കൊണ്ട് അവൾ ആകാശത്ത് ഒറ്റയ്ക്ക് പറന്നു, ഉയരങ്ങൾ കീഴടക്കി. ആദ്യമായി രാജ്യത്ത് വിമാനം പറത്തിയ വനിതയാണ് സരള ഠക്രാൽ. അഭിലാഷങ്ങളെ പിന്തുടരുന്ന, ആകാശത്തെ പ്രണയിച്ചിരുന്ന, തന്റേടിയായ അവളുടെ യാത്രകൾക്ക് യാതൊന്നും തടസ്സമായിരുന്നില്ല.
1914 ഓഗസ്റ്റ് എട്ടിന് ബ്രിട്ടീഷ് ഇന്ത്യയിലെ ഡൽഹിയിലാണ് സരള ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടൻ, സരള തന്റെ ഉന്നത പഠനത്തിനായി ഇന്നത്തെ പാകിസ്ഥാനിലെ ലാഹോറിലേക്ക് താമസം മാറി. പതിനാറാം വയസ്സിൽ എയർമെയിൽ പൈലറ്റായ പി ഡി ശർമ്മയെ വിവാഹം കഴിച്ചു. ഭർത്താവിൽ നിന്നാണ് പറക്കാനുള്ള മോഹം അവൾക്ക് ലഭിക്കുന്നത്. പൈലറ്റുമാരുടെ കുടുംബത്തിൽ നിന്നുള്ള ശർമ്മ, ആകാശത്തെ യാത്രകൾ നന്നായി ആസ്വദിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു. എയർമെയിൽ പൈലറ്റ് ലൈസൻസ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ വ്യക്തിയും കൂടിയാണ് അദ്ദേഹം.
ഭർത്താവിന്റെ പിന്തുണയോടെ അവൾ പറക്കാനുള്ള പരിശീലനത്തിൽ ഏർപ്പെട്ടു. ലാഹോർ ഫ്ലൈയിംഗ് ക്ലബിലെ അംഗമായ സരള ആകാശത്ത് 1000 മണിക്കൂർ പരിശീലനം പൂർത്തിയാക്കി ‘എ’ ഗ്രേഡ് സർട്ടിഫിക്കേഷനോടെ കോഴ്സ് പാസ്സായി. വ്യോമയാന ലൈസൻസ് ലഭിക്കുമ്പോൾ അവൾക്ക് പ്രായം വെറും 21. ഒരു ചെറിയ ഇരട്ടച്ചിറകുള്ള വിമാനത്തിൽ സാരി ധരിച്ച് അവൾ തന്റെ ഒറ്റയ്ക്കുള്ള ആദ്യത്തെ യാത്ര നടത്തി. വിമാനം ആകാശത്തിലേക്ക് ഉയർത്തി നിമിഷം അവൾ ചരിത്രം സൃഷ്ടിക്കുകയായിരുന്നു. ആകാശം ഇനി പുരുഷന്മാർക്ക് മാത്രമുള്ളതല്ലെന്നായിരുന്നു അന്നത്തെ പത്രങ്ങൾ ഇതിനെ കുറിച്ച് റിപ്പോർട്ട് ചെയ്തത്.
എന്നാൽ 1939-ൽ ദാരുണമായ ഒരു വിമാനാപകടത്തിൽ അവൾക്ക് ഭർത്താവിനെ നഷ്ടമായി. അവളും പറക്കമുറ്റാത്ത രണ്ട് പെൺമക്കളും മാത്രം ബാക്കിയായി. എന്നാലും പൈലറ്റ് പരിശീലനം നിർത്താൻ അവൾ ആഗ്രഹിച്ചില്ല. ഇതിനായി സരള ജോധ്പൂരിലേക്ക് പോയി. പക്ഷേ അപ്പോഴാണ് രണ്ടാം ലോകമഹായുദ്ധത്തിന്റെ പ്രഖ്യാപനം ഉണ്ടാകുന്നത്. ഇതോടെ അവൾക്ക് ലാഹോറിലേക്ക് തിരികെ വരേണ്ടി വന്നു. ഒരു കൊമേർഷ്യൽ പൈലറ്റാകാനുള്ള സരളയുടെ മോഹം അവൾ എന്നെന്നേക്കുമായി ഉപേക്ഷിക്കുകയായിരുന്നു.
പിന്നീട് 1948 -ൽ അവൾ ആർ.പി ഠക്രാലിനെ വിവാഹം കഴിക്കുകയുണ്ടായി. തുടർന്ന്, അവൾ ചിത്രകലയുടെ ലോകത്തേയ്ക്ക് തിരിഞ്ഞു. പിന്നീട് ഡൽഹിയിൽ തിരിച്ചെത്തിയ അവൾ ദൃശ്യകലയുടെയും ചിത്രകലയുടെയും ലോകത്ത് തന്റെ പുതിയ യാത്ര ആരംഭിച്ചു. സരള ടെക്സ്റ്റൈൽ പ്രിന്റിംഗ്, ജ്വല്ലറി എന്നിവയുടെ ബിസിനസ്സ് ആരംഭിച്ചു. അത് വലിയ വിജയമായി. വിജയലക്ഷ്മി പണ്ഡിറ്റിനെപ്പോലുള്ള വിശിഷ്ട വ്യക്തികൾക്കായി അവൾ ആഭരണങ്ങളും വസ്ത്രങ്ങളും രൂപകൽപ്പന ചെയ്തു. ഒടുവിൽ 2008 -ൽ, 91-ാം വയസ്സിൽ, അവൾ അന്തരിച്ചു. ധൈര്യത്തിന്റെയും, സ്വപ്നങ്ങളെ പിന്തുടരാനുള്ള അഭിനിവേശത്തിന്റെയും പേരിൽ അവൾ ഇന്നും ഓർമ്മിക്കപ്പെടുന്നു. കൂടാതെ, സരളയുടെ പൈതൃകം ഇന്ത്യൻ വനിതകൾക്ക് വ്യോമയാനരംഗത്ത് ജോലി ചെയ്യാൻ ഒരു വലിയ പ്രചോദനമായി. ഇപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ വനിതാ പൈലറ്റുമാരുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.