
പത്താം ക്ലാസിനു ശേഷം പഠിത്തം നിര്‍ത്തി, ബീഡി തെറുപ്പു ജോലിയും ഹോട്ടല്‍ പണികളും ചെയ്ത മലയാളി ഇപ്പോള്‍ അമേരിക്കയില്‍ ഡിസ്ട്രിക്ട് ജഡ്ജ്. കാസര്‍കോഡ് സ്വദേശിയായ സുരേന്ദ്രന്‍ കെ പട്ടെല്‍ എന്ന 51-കാരനാണ്, ജീവിതസാഹചര്യങ്ങളില്‍ തളരാതെ പൊരുതി ഉന്നതങ്ങളില്‍ എത്തിയത്. ഇൗയടുത്താണ് അദ്ദേഹം ടെക്‌സസിലെ ഫോര്‍ട്ട് ബെന്റ് കൗണ്ടി ജുഡീഷ്യല്‍ ഡിസ്ട്രിക്ട് കോടതിയില്‍ ജഡ്ജായി സത്യപ്രതിജ്ഞ ചെയ്തത്.
കാസര്‍കോഡ് സ്വദേശിയായ സുരേന്ദ്രന്‍ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ സ്‌കൂള്‍ പഠനം നിര്‍ത്തുകയായിരുന്നു. വീട്ടിലെ ദരിദ്രമായ സാഹചര്യങ്ങളായിരുന്നു കാരണമെന്ന് അദ്ദേഹം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. പഠിത്തം തുടരാനാവാത്ത സാഹചര്യത്തിലാണ്, വീടിനടുത്തുള്ള ബീഡിക്കമ്പനിയില്‍ ജോലിക്കു പോയത്. ബീഡി തെറുപ്പുകാരനായി ജോലി ചെയ്ത ഒരു വര്‍ഷമാണ് തന്റെ ജീവിതത്തെ മാറ്റി മറിച്ചതെന്ന് അദ്ദേഹം പറയുന്നു.
ബീഡിക്കമ്പനിയില്‍ പരിചയപ്പെട്ട സുഹൃത്തുക്കളില്‍ ചിലരാണ് പഠിക്കാന്‍ മിടുക്കനായ സുരേന്ദ്രനെ വീണ്ടും പഠിക്കാന്‍ നിര്‍ബന്ധിച്ചത്. നാട്ടുകാരും സുഹൃത്തുക്കളുമെല്ലാം സഹായിച്ചതോടെ, സുരേന്ദ്രന്‍ പഠിത്തം തുടര്‍ന്നു. എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ആര്‍ട്‌സ് കോളജിലാണ് ചേര്‍ന്നത്. കൂലിപ്പണി ചെയ്ത് കിട്ടുന്ന കാശു കൊണ്ടായിരുന്നു ഈ സമയത്ത് കോളജില്‍ പോയിരുന്നത്. അതിനാല്‍ തന്നെ പലപ്പോഴും ക്ലാസില്‍ പോവാന്‍ കഴിഞ്ഞില്ല. ഹാജര്‍ കുറവായതിനാല്‍, പരീക്ഷയ്ക്ക് എഴുതാനാവാത്ത അവസ്ഥ വന്നു. തന്റെ അവസ്ഥ പ്രൊഫസറിനോട് പറഞ്ഞ സുരേന്ദ്രന്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും മാര്‍ക്ക് കുറഞ്ഞാല്‍, അടുത്ത വര്‍ഷം തന്നെ പരീക്ഷയ്ക്കിരിക്കാന്‍ അനുവദിക്കേണ്ടെന്നും പറഞ്ഞു. ആ പരീക്ഷയില്‍ കോളജിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് സുരേന്ദ്രനായിരുന്നു.
തുടര്‍ന്ന്, സുരേന്ദ്രന്‍ നിയമപഠനമാണ് തന്റെ വഴിയെന്ന് കണ്ടെത്തി. അദ്ദേഹം, കോഴിക്കോട് ഗവ. ലോ കോളജില്‍ ചേര്‍ന്നു. പഠിക്കുന്ന കാലത്ത്, ഹോട്ടലില്‍ പല തരം പണികള്‍ ചെയ്താണ് അത്യാവശ്യത്തിനുള്ള ചെലവ് കണ്ടെത്തിയതെന്നും അദ്ദേഹം പറയുന്നു. 1995-ല്‍ സുരേന്ദ്രന്‍ നിയമ ബിരുദം നേടി. അടുത്ത വര്‍ഷം മുതല്‍ ഹോസ്ദുര്‍ഗ് കോടതിയില്‍ അഭിഭാഷകനായി ചേര്‍ന്നു. മികച്ച അഭിഭാഷകനെന്ന് പേരെടുത്തു. 2005-ല്‍ ദില്ലിക്കു വണ്ടി കയറി. മൂന്ന് വര്‍ഷം സുപ്രീം കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു.
2007-ലാണ് സുരേന്ദ്രനും ഭാര്യയും അമേരിക്കയില്‍ എത്തുന്നത്. നഴ്‌സായ ഭാര്യയ്ക്ക് അമേരിക്കയിലെ പ്രശസ്തമായ ഒരു മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി കിട്ടിയതിനെ തുടര്‍ന്നായിരുന്നു അമേരിക്കയിലേക്കുള്ള പറിച്ചുനടല്‍. പിന്നീട് ടെക്‌സസിലെ ബാര്‍ എക്‌സാം എഴുതി. ആദ്യ അവസരത്തില്‍ തന്നെ സുരേന്ദ്രന്‍ പരീക്ഷ ജയിച്ചു. പിന്നീട്, ഹൂസ്റ്റണ്‍ യൂനിവേഴ്‌സിറ്റിയിലെ ലോ സെന്ററില്‍നിന്നും എല്‍ എല്‍ എം കോഴ്‌സ് പാസായി. അതിനിടെ, അമേരിക്കന്‍ പൗരത്വം കിട്ടിയിരുന്നു. ഭാര്യയും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം ഹൂസ്റ്റണിലും ടെക്‌സസിലുമായിട്ടായിരുന്നു പിന്നീടുള്ള ജീവിതം.
നിയമപഠനം പൂര്‍ത്തിയായ ശേഷം കേരളത്തിലെ കോടതികളില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ച വര്‍ഷങ്ങളാണ് അമേരിക്കയില്‍ പിടിച്ചു നില്‍ക്കാനുള്ള കരുത്തേകിയതെന്ന് അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. കേരള കോടതികളിലെ പരിചയവും പരിശീലനവുമാണ് അമേരിക്കയിലും പ്രാഗത്ഭ്യം തെളിയിക്കാന്‍ ധൈര്യം നല്‍കിയത്.
അേമരിക്കയിലേക്കുള്ള വഴികള്‍ ഒട്ടും എളുപ്പമായിരുന്നില്ല. ഏറെ കഷ്ടപ്പെട്ടാണ് അദ്ദേഹം നിയമവിദഗ്ധന്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടത്. ''ഈ തസ്തികയിലേക്ക് വരുന്ന സമയത്ത്, ഏറെ വിമര്‍ശനങ്ങള്‍ എനിക്കെതിരെ ഉയര്‍ന്നിരുന്നു. എന്റെ ഉച്ചാരണവും മറ്റും നെഗറ്റീവ് കാമ്പെയിനിന് കാരണമാവുകയും ചെയ്തു.'-അദ്ദേഹം പറയുന്നു.