ലൈം​ഗികത്തൊഴിലാളികളായ സ്ത്രീകളെ ലക്ഷ്യംവെച്ച ആ 'ലോംഗ് ഐലൻഡ് സീരിയൽ കില്ലർ' ആരാണ്?

By Web TeamFirst Published Sep 27, 2022, 10:02 AM IST
Highlights

2011 ഏപ്രിൽ 11 -ന്, അന്വേഷണം മറ്റൊരു ഇരയെ കണ്ടെത്തുന്നതിലേക്ക് നയിച്ചു, മൊത്തം ഇരകളുടെ എണ്ണം 10 ആയി. ഷാനൻ ഗിൽബെർട്ടിന്റെ തിരോധാനമാണ് അന്വേഷണം ആരംഭിക്കാൻ കാരണമായതെങ്കിലും അവളുടെ മൃതദേഹം കണ്ടെത്തിയില്ല.

1996 മുതലാണ്, ലോംഗ് ഐലൻഡിന്റെ സൗത്ത് ഷോറിലെ ഗിൽഗോ ബീച്ചിന് സമീപം പൊലീസ് ചില മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്താൻ തുടങ്ങിയത്. തുടർന്ന് വന്ന വർഷങ്ങളിലും കൃത്യമായ ഇടവേളകളിൽ അത് തുടർന്നു കൊണ്ടേയിരുന്നു. ആരാണ് ഈ കൊലപാതകങ്ങൾക്ക് പിന്നിൽ എന്ന് കണ്ടെത്താനാകാതെ പൊലീസ് വലഞ്ഞു. ഒരു കൊലയാളിയാണോ അതോ മറ്റനേകം കൊലയാളികൾ ഈ കൊലപാതകങ്ങൾക്കു പിന്നിൽ ഉണ്ടോ എന്നതായിരുന്നു പൊലീസിനെ കുഴക്കിയ ആദ്യ സംശയം. എന്നാൽ, എല്ലാ കൊലപാതകങ്ങൾക്ക് പിന്നിലും ഒരു കൊലപാതകി തന്നെയാണ് എന്ന് പൊലീസ് കണ്ടെത്തിയത് 2010 -ലാണ്.

ആ ഡിസംബറിൽ, സഫോൾക്ക് കൗണ്ടി ഓഫീസർ ജോൺ മല്ലിയയും അദ്ദേഹത്തിന്റെ സ്പെഷ്യലൈസ്ഡ് കാഡവർ നായയും ഏഴ് മാസം മുമ്പ് കാണാതായ അവിടുത്തെ താമസക്കാരിയായ ഷാനൻ ഗിൽബെർട്ടിനെ തിരയുകയായിരുന്നു. എന്നാൽ, നായ ഗിൽബെർട്ടിന്റെ മണം പിടിക്കാൻ ശ്രമിച്ചപ്പോൾ അവിടെ നിന്നും അവർ കണ്ടെത്തിയത് ഭയാനകമായ മറ്റൊരു കാഴ്ചയായിരുന്നു. മണ്ണിൽ കുഴിച്ചിട്ട നിലയിൽ നാല് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ.

ഗില്‍ഗോ ബീച്ചിൽ കണ്ടെത്തിയതുകൊണ്ട് അവശിഷ്ടങ്ങളെ 'ഗില്ഗോ ഫോർ' എന്നാണ് പൊലീസ് വിളിക്കുന്നത്. പൊലീസ് 'ഫോറി'നെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. എന്നാൽ,  2011 അവസാനത്തോടെ, ഗിൽഗോ ബീച്ചിനൊപ്പം ഓഷ്യൻ പാർക്ക്‌വേയുടെ അതേ ഭാഗത്തിന് സമീപം ആറ് സെറ്റ് മനുഷ്യ അവശിഷ്ടങ്ങൾ കൂടി അവർ കണ്ടെത്തി.  

എന്നാൽ, വർഷങ്ങൾ നീണ്ട അന്വേഷണത്തിനും എണ്ണമറ്റ ലീഡുകൾക്കും ശേഷവും കേസ് ഇപ്പോഴും ദുരൂഹമായി തന്നെ തുടരുന്നു. ലോംഗ് ഐലൻഡ് സീരിയൽ കില്ലറുടെ ഐഡന്റിറ്റി രണ്ട് പതിറ്റാണ്ടിലേറെയായി അജ്ഞാതമായി തന്നെ തുടരുകയാണ്. മുഖം വ്യക്തമല്ലാത്ത ആ കൊലയാളി ഇന്ന് അറിയപ്പെടുന്നത് 'ലോംഗ് ഐലൻഡ് സീരിയൽ കില്ലർ' എന്നാണ്. സീരിയൽ കില്ലർ എന്ന് സംശയിക്കുന്നയാൾ 10 -നും 16 -നും ഇടയിൽ ക്രൂരമായ കൊലപാതകങ്ങൾ നടത്തിയിട്ടുണ്ട്. അവരിൽ ഒരാളൊഴികെ എല്ലാവരും സ്ത്രീകളാണ്.

ഗിൽഗോ ഫോറിന് പൊതുവായ നിരവധി കാര്യങ്ങൾ ഉണ്ടെന്ന് അന്വേഷകർ കണ്ടെത്തി. അപ്രത്യക്ഷമാകുന്നതിന് മുമ്പ് ഓൺലൈനിൽ പരസ്യം ചെയ്യാൻ ക്രെയ്ഗ്‌സ്‌ലിസ്റ്റ് ഉപയോഗിച്ച ലൈംഗികത്തൊഴിലാളികളായിരുന്നു കൊല്ലപ്പെട്ടവരെല്ലാം.  ഓരോ സ്ത്രീയുടെയും മൃതദേഹം ഓരോ ബർലാപ്പ് ചാക്കുകളിലാണ് കണ്ടെത്തിയത്. കൂടാതെ പോസ്റ്റ്‌മോർട്ടത്തിൽ എല്ലാവരും കഴുത്ത് ഞെരിച്ചാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി.

ലോംഗ് ഐലൻഡ് സീരിയൽ കില്ലർ കേസിൽ ഏതാനും മാസങ്ങൾക്കുള്ളിൽ, ആദ്യത്തെ നാല് സ്ത്രീകളിൽ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് അവരുടെ തിരച്ചിൽ മേഖല വിപുലീകരിച്ചു. 2011 മാർച്ചോടെ അവർ നാല് സ്ത്രീകളെ കൂടി കണ്ടെത്തി. ഒരു മാസത്തിനുശേഷം, മറ്റ് മൂന്ന് ശരീരാവശിഷ്ടങ്ങൾ കൂടി കണ്ടെത്തി.

ഈ സ്ത്രീകളെ ആദ്യത്തെ നാലെണ്ണം പോലെ ബർലാപ്പിൽ പൊതിഞ്ഞിട്ടില്ലെങ്കിലും, കൂടുതൽ ഇരകൾ ഉണ്ടായേക്കാമെന്ന സംശയത്തിൽ പൊലീസ് അന്വേഷണത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. അവസാനം കണ്ടെത്തിയ മൃതദേഹങ്ങളിൽ ഒന്ന് മാത്രമാണ് തിരിച്ചറിഞ്ഞത്. ന്യൂയോർക്ക് സിറ്റിയിൽ താമസിക്കുന്ന ഇരുപതുകാരിയായ ജെസീക്ക ടെയ്‌ലറെ 2003 -ൽ കാണാതാവുകയായിരുന്നു. അവൾ അപ്രത്യക്ഷയായ സമയത്ത്  അവൾ ലൈംഗികത്തൊഴിലാളി ആയിരുന്നു. മറ്റൊരു സ്ത്രീയുടെയും ഒരു കുട്ടിയുടെയും ഒരു പുരുഷന്റെയും അടുത്താണ് അവളെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.

2011 ഏപ്രിൽ 11 -ന്, അന്വേഷണം മറ്റൊരു ഇരയെ കണ്ടെത്തുന്നതിലേക്ക് നയിച്ചു, മൊത്തം ഇരകളുടെ എണ്ണം 10 ആയി. ഷാനൻ ഗിൽബെർട്ടിന്റെ തിരോധാനമാണ് അന്വേഷണം ആരംഭിക്കാൻ കാരണമായതെങ്കിലും അവളുടെ മൃതദേഹം കണ്ടെത്തിയില്ല.

പതിനൊന്ന് ദിവസങ്ങൾക്ക് ശേഷം, ഓഷ്യൻ പാർക്ക് വേയിൽ  രണ്ട് പല്ലുകൾ പൊലീസ് കണ്ടെത്തി. എന്നാൽ അത് ആരുടേതാണ് എന്ന് കണ്ടെത്താനായില്ല. ലോംഗ് ഐലൻഡ് സീരിയൽ കില്ലറെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിക്കുന്ന ഏതൊരു വിവരത്തിനും സഫോക്ക് കൗണ്ടി പൊലീസ് $5,000 മുതൽ $25,000 വരെ പാരിതോഷികം പ്രഖ്യാപിച്ചു, പക്ഷേ ഒന്നും നടന്നില്ല. കൂടുതൽ തെളിവുകൾ ഇല്ലാതെയും ഇരകളെ തിരിച്ചറിയാൻ കഴിയാതെയും കേസ് വീണ്ടും തണുത്തു.

ലോംഗ് ഐലൻഡ് സീരിയൽ കില്ലറിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ അവസാനം, ഗിൽഗോ ഫോറിൽ നിന്ന് കുറച്ച് അകലെയുള്ള ഓക്ക് ബീച്ചിൽ ഷാനൻ ഗിൽബെർട്ടിന്റെ മൃതദേഹം കണ്ടെത്തി. നാല് സ്ത്രീകളെപ്പോലെ, ഗിൽബെർട്ടും ഒരു ലൈംഗികത്തൊഴിലാളിയായിരുന്നു, കൂടാതെ മറ്റ് ഇരകളുമായി അടുത്ത പ്രായമുണ്ടായിരുന്നു, 

2022 മെയ് മാസത്തിൽ, കേസിൽ ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിൽ ഷാനൻ ഗിൽബെർട്ടിന്റെ 911 കോളിൽ നിന്നുള്ള മുഴുവൻ ഓഡിയോയും പൊലീസ് പുറത്തുവിട്ടു. സിബിഎസ് ന്യൂസ് പറയുന്നതനുസരിച്ച്, ടേപ്പ് 21 മിനിറ്റ് നീണ്ടുനിൽക്കുന്നു. “എനിക്ക് പിന്നിൽ ആരോ ഉണ്ട്” എന്ന് അവൾ സംഭാഷണത്തിനിടയിൽ ഓപ്പറേറ്ററോട് പറയുന്നുണ്ട്.

എന്നാൽ, ഇപ്പോഴും നിശബ്ദമായി പിന്തുടരുന്ന ആ കൊലയാളി ആരാണെന്നത് നിഗൂഢമായി തന്നെ തുടരുന്നു. 

click me!