
കുടുംബത്തില്‍ ഒരു കുഞ്ഞിന്‍റെ ജനനമുണ്ടാവുകയെന്നാല്‍, അത് ഏത് സമൂഹത്തിലും ആഘോഷമാണ്. എന്നാല്‍, ജപ്പാനില്‍ ഇന്ന് ഓരോ കുഞ്ഞിന്‍റെ ജനനവും ആഘോഷത്തെ അതിന്‍റെ മൂര്‍ദ്ധന്യത്തില്‍ നിര്‍ത്തുന്നു. കാരണം രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ ജനനനിരക്കിലെ കുറവ് തന്നെ. ജപ്പാനിലെ ഓഡോ നദീതീര നഗരമായ ഒസാക്കയുടെ വടക്കുള്ള ഇച്ചിനോനോ എന്ന ചെറിയ ഗ്രാമത്തിൽ കുറനോസുകെ കാടോ (Kuranosuke Kato) എന്ന കുഞ്ഞിന്‍റെ ജനനം ഇന്ന് ഗ്രാമത്തിലെ തന്നെ ഏറ്റവും വലിയ ആഘോഷമായി മാറുന്നതും അങ്ങനെയാണ്. ഇന്ന് കാടോയ്ക്ക് ഒരു വയസായി. എങ്കിലും അവനെ കുറിച്ച് ഗ്രാമവാസികള്‍ കവിതകളെഴുതുകയാണെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഓടുന്ന കാറിലേക്ക് അതിശക്തമായ മിന്നല്‍; യാത്രക്കാരുടെ അത്ഭുതകരമായ രക്ഷപ്പെടല്‍, വൈറലായി വീഡിയോ !
ഗ്രാമത്തിലെ ആകെ താമസക്കാര്‍ 53 പേരാണ്. കുറനോസുകെ കാടോയുടെ മാതാപിതാക്കളായ തോഷിക്കും റൈയും ഏതാനും വര്‍ഷം മുമ്പാണ് നഗരത്തില്‍ നിന്നും ഇച്ചിനോനോയിലെത്തിയത്. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗ്രാമത്തിലേക്ക് ആദ്യ കുഞ്ഞായി കഴിഞ്ഞ വര്‍ഷം കുറനോസുകെ കാടോയുടെ ജനനം. അതിനാല്‍ തന്നെ അവന്‍റെ ഒന്നാം പിറന്നാളും ഗ്രാമവാസികള്‍ക്ക് ആഘോഷിക്കാനുള്ള അവസരമാണ്. കാടോയ്ക്ക് ഗ്രാമത്തില്‍ സമപ്രായക്കാരില്ല. ഇത് കുട്ടിയുടെ മാനസികവളര്‍ച്ചയെ ബാധിക്കരുതെന്ന് ഗ്രാമവാസികള്‍ക്ക് നിര്‍ബന്ധമുണ്ട്. അതിനാല്‍ ഗ്രാമത്തിലെ കളിസ്ഥലങ്ങളില്‍ കുട്ടികളുടെ വലിപ്പമുള്ള പാവകളെ സ്ഥാപിച്ചിരിക്കുകയാണ് ഗ്രാമവാസികള്‍. കാടോയുടെ ഒറ്റപ്പെടലിന് അറുതിവരുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് അച്ഛന്‍ തോഷിക്കിയും അമ്മ റൈയും. അവനൊരു സഹോദരിയോ സഹോദരനോ വേണം. അതിനുള്ള തയ്യാറെടുപ്പിലാണ് ഇരുവരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. "എനിക്ക് ഗ്രാമപ്രദേശങ്ങൾ ഇഷ്ടമാണ്. ഗ്രാമപ്രദേശങ്ങളിൽ നമുക്ക് ഒരു സ്വത്വം കണ്ടെത്താനാകും. നഗരത്തിൽ ധാരാളം നിയമങ്ങളുണ്ട്, പക്ഷേ, ഇത് കൂടുതൽ അയഞ്ഞതാണ്," ഐടി കമ്പനികളുടെ കൺസൾട്ടന്‍റായി ജോലി ചെയ്യുന്ന തോഷിക്കി ഫിനാൻഷ്യൽ ടൈംസിനോട് പറയുന്നു.
കുട്ടികളുടെ ജനനത്തില്‍ ഇത്രയേറെ കുറവുണ്ടാകാനുള്ള പ്രധാന കാരണം ജപ്പാനില്‍ വിവാഹങ്ങള്‍ വളരെ കുറവാണെന്നതാണ്. 32 ശതമാനം പുരുഷന്മാരും 24 ശതമാനം സ്ത്രീകളും ഒരിക്കല്‍ പോലും വിവാഹം കഴിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. വാർഷിക വിവാഹങ്ങളുടെ എണ്ണം 1970 കളിൽ ഉണ്ടായിരുന്നതിന്‍റെ നേര്‍ പകുതിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വിവാഹിതരായ ജപ്പാനിലെ ചുരുക്കം ചില കുടുംബങ്ങളിലൊന്നാണ് തോഷിക്കിയുടെ കുടുംബം എന്ന് കൂട്ടിചേര്‍ത്ത് വായിക്കുമ്പോഴാണ് പ്രശ്നത്തിന്‍റെ ഗൗരവം മനസിലാകുക. 2022 ല്‍ ജപ്പാനില്‍ ആകെ ജനിച്ചത് എട്ട് ലക്ഷത്തില്‍ താഴെ കുട്ടികള്‍ മാത്രം. തദ്ദേശീയ ജനസംഖ്യ അര ദശലക്ഷത്തിലധികം ചുരുങ്ങി. സർക്കാർ ജനസംഖ്യാ സർവേ ആരംഭിച്ച 1968 ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുത്തനെയുള്ള ഇടിവാണ് ഇതെന്ന് സര്‍ക്കാര്‍ പറയുന്നു. മൊണാക്കോയ്ക്ക് പിന്നില്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ന് ജപ്പാന്‍. 'നമുക്ക് ഒരു സമൂഹമായി പ്രവർത്തിക്കാൻ കഴിയുമോ എന്ന സംശയത്തിന്‍റെ വക്കിലാ'ണ് രാജ്യമെന്ന് ജനുവരിയില്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ രാജ്യത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക