Latest Videos

ഒരച്ഛന്‍ കാമുകിക്കെഴുതിയ കത്തുകള്‍, ആ കത്തുകള്‍ തേടി വര്‍ഷങ്ങള്‍ക്കു ശേഷം മകന്റെ യാത്ര!

By My beloved SongFirst Published Oct 3, 2023, 6:02 PM IST
Highlights

'അതു പോലൊരു കാമുകി, ഏതൊരാണിന്റേയും സ്വപ്‌നമാണത്...' പിതാവിന്റെ പ്രണയത്തെക്കുറിച്ച് ഒരു മകന്‍. ഓര്‍മ്മയും പാട്ടും കൂടിക്കുഴയുന്ന വാക്കുകളുടെ മധുരാനുഭവം. പാട്ടോര്‍മ്മ. 

പാട്ടോര്‍മ്മ. ഒരൊറ്റ പാട്ടിനാല്‍ ചെന്നെത്തുന്ന ഓര്‍മ്മയുടെ മുറികള്‍, മുറിവുകള്‍. ഷര്‍മിള സി നായര്‍ എഴുതുന്ന കോളം

 Also Read: പഞ്ചാഗ്‌നിയിലെ ഗീത, ബത്‌ലഹേമിലെ ആമി, നക്ഷത്രങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടവരെ തിരയുന്ന ഷെമി...
 

''ഒരു പാട്ടില്‍ തുടങ്ങുന്നു, ബാപ്പയെ കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍. ഒരു പഴയ ഗ്രാമഫോണും, ചാരുകസേരയും,  ഡയറിയും, പിന്നെ ഭാസ്‌ക്കരന്‍ മാഷിന്റെ പാട്ടും ചേര്‍ന്നാല്‍ ഓന്റെ ബാപ്പയായിന്ന് അടുക്കളേന്ന് ഉമ്മ പറയുന്നത് ഇന്നലെയെന്ന പോലെ ചെവിയില്‍ മുഴങ്ങുന്നു. പി. ഭാസ്‌ക്കരന്‍ എന്ന പേര് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് ഉമ്മയില്‍ നിന്നാണ്. ഒരഞ്ചു വയസുകാരന് മനസിലാക്കാവുന്ന അര്‍ത്ഥതലങ്ങളല്ല ആ വരികളില്‍ എങ്കിലും, ബാപ്പയുടെ പ്രിയ ഗാനം ഞങ്ങള്‍ക്ക് കാണാപ്പാഠമായിരുന്നു.''-ഓളങ്ങളിലേക്ക് കണ്ണുനട്ട്, ഏതോ കാലത്തില്‍ ഓര്‍മ്മ നട്ട്, റെജി പതുക്കെ പറയുന്നു. ഞങ്ങള്‍ റെജിയുടെ മുഖത്തേക്ക് നോക്കി, പഴയൊരു കാലം തൊട്ടെടുക്കുന്നു.  പഴയ ചങ്ങാതിമാരുടെ വല്ലപ്പോഴുമുള്ള ഒത്തുകൂടലിന്റെ ഭാഗമായ ബോട്ട് യാത്രയിലായിരുന്നു ഞങ്ങള്‍.

അന്നേരം, റെജിയുടെ ഓര്‍മ്മകളില്‍ ആ വീടകം തെളിഞ്ഞു. ഗ്രാമഫോണിലൂടെ ഒഴുകിയെത്തുന്ന സുശീലാമ്മയുടെ മധുര ശബ്ദം. ചാരു കസേരയില്‍ കണ്ണടച്ചു കിടന്ന് പാട്ടുകേള്‍ക്കുന്ന ബാപ്പ. നദി മുറിച്ചു കടക്കുന്ന ബോട്ടിനൊപ്പം, ആ കണ്ണുകളിലൂടെ നിന്ന് ഞങ്ങളും പഴമ മണക്കുന്ന ആ മുറിയിലേക്ക് അലസം നടന്നു)െന്നു. സംഗീതം നിറഞ്ഞ തളങ്ങളില്‍ സ്വയം നഷ്ടപ്പെട്ടു. നദി അനാദിയായി ഞങ്ങള്‍ക്കു ചുറ്റുമൊഴുകി. 

'വിരഹവും ശോകവും കരുണയും പ്രതിഫലിപ്പിക്കാന്‍ സിന്ധു ഭൈരവിയോളം മറ്റേത് രാഗത്തിനാണാവുക എന്ന് ബാപ്പ പറയുന്നത് എത്ര ശരിയാണല്ലേ' എന്നു കൂട്ടിച്ചേര്‍ത്ത് റെജി അന്നേരം ബാപ്പയുടെ പ്രിയ ഗാനത്തിന്റെ പല്ലവി മൂളി. 

'സ്മരിക്കാന്‍ പഠിപ്പിച്ച മനസ്സേ നീയെന്നെ
മറക്കാന്‍ പഠിപ്പിക്കുമോ - സര്‍വവും
മറക്കാന്‍ പഠിപ്പിക്കുമോ ...'

വിന്‍സന്റ് സംവിധാനം നിര്‍വ്വഹിച്ച 'ധര്‍മ്മയുദ്ധം ' എന്ന സിനിമയില്‍ പി സുശീല ആലപിച്ച മനോഹരഗാനം. ഭാസ്‌ക്കരന്‍ മാഷിന്റെ അര്‍ത്ഥഗംഭീര വരികള്‍. ദേവരാജ സംഗീതം. സിന്ധു ഭൈരവിയുടെ അഴലത്രയും ആലാപനത്തില്‍ കൊരുത്ത് സുശീലാമ്മ പാടുമ്പോള്‍ അകമുറിവുകളില്‍ ഓര്‍മ്മ പൊടിയും.  

1973 -ല്‍ ഈ വരികള്‍ കുറിക്കുമ്പോള്‍ പില്‍ക്കാലത്ത്, തന്റെ മനസ്സ് മറവിയിലേക്ക് മാഞ്ഞുപോവുമെന്ന് ഭാസ്‌ക്കരന്‍ മാഷ് കരുതിയിട്ടുണ്ടാവില്ലല്ലോ! കുട്ടിക്കാലത്ത് എന്തെങ്കിലുമൊക്കെ കുസൃതിത്തരം പറയുമ്പോള്‍,  'അറം പറ്റുന്ന കാര്യങ്ങള്‍ പറയാതിരിക്കൂ, കുട്ടി' എന്ന് അമ്മൂമ്മ എവിടെ നിന്നോ പറയുന്നതുപോലെ. 

എത്ര കരകയറിയാലും പിന്നെയും രക്തം പൊടിയുന്ന നദികളിലേക്ക് ഇറങ്ങിപ്പോവുന്ന കാലടികളാണ് ഓര്‍മ്മ, പലപ്പോഴും. വര്‍ത്തമാന കാലത്തിന്റെ അക്ഷാംശരേഖാംശങ്ങളില്‍ ഭൂതകാലം തേടിയലയുന്ന നമ്മുടെ മനസ്സ് പലപ്പോഴും ആഗ്രഹിച്ചു പോവാറില്ലേ, നോവുന്ന ഇന്നലെകള്‍ മറക്കാനായെങ്കില്‍ എന്ന്. ഇനിയും പിറക്കാത്ത നാളെകള്‍ നോവു തരാതിരുന്നെങ്കിലെന്ന്...പക്ഷേ, മറക്കാന്‍ അത്ര എളുപ്പമല്ലല്ലോ, പ്രത്യേകിച്ചും നോവുകള്‍. ഭാസ്‌ക്കരന്‍ മാഷ് തന്നെ എഴുതിയിട്ടുണ്ടല്ലോ അത്...

'മറക്കുവാന്‍ പറയാനെന്തെളുപ്പം
മന്നില്‍ പിറക്കാതിരിക്കലാണതിലെളുപ്പം...'

അയ്യപ്പപ്പണിക്കരുടെ വരികളിലത് ഇങ്ങനെയാണ്: 

'ഓര്‍മ്മകളില്‍ നോവുന്നത് 
മറക്കാന്‍ കഴിഞ്ഞെങ്കില്‍
ഓര്‍മ്മകള്‍ ഇനിമേല്‍
പിറക്കാതിരുന്നെങ്കില്‍...'

യൂസഫലി കേച്ചേരിയും വരച്ചിട്ടിട്ടുണ്ട്, മറവിക്കു മുന്നില്‍ നിസ്സഹായമാവുന്ന അവസ്ഥയുടെ വാങ്മയ ചിത്രം. 

'മറക്കാന്‍ കഴിഞ്ഞെങ്കില്‍
മനക്കണ്ണടയ്ക്കാന്‍
കഴിഞ്ഞെങ്കില്‍,
ചൂടിയെറിഞ്ഞൊരു പൂവിന്‍ നോവും
ചുടുനെടുവീര്‍പ്പുകളും...
ഒന്നു മറക്കാന്‍ കഴിഞ്ഞെങ്കില്‍'

സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന ഒരു നാട്ടിന്‍പുറത്തുകാരന്റെ കഥ പറയുന്ന, സ്‌നേഹത്തിന്റെ അതീന്ദ്രിയ തലങ്ങള്‍ സുന്ദരമായി വരച്ചിട്ട ജയരാജ് ചിത്രം 'സ്‌നേഹം.' റ്റോക്‌സിക് പാരന്റിംഗ് എന്ന് വിമര്‍ശിക്കുമ്പോഴും, പപ്പേട്ടന്‍ എന്ന ആ വല്യേട്ടന്റെ സ്‌നേഹം മലയാളിയുടെ കണ്ണ് നനയിക്കുന്നു, അന്നും ഇന്നും. 

 

Also Read : 'മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍', പ്രണയത്തിന്റെ സിംഫണി, വിരഹത്തിന്റെയും


 

Also Read: സ്വപ്നം പോലെ മനോഹരമായ ഒരു പാട്ട്, രാത്രിയില്‍ കൂട്ടിനെത്തുമ്പോള്‍!

 

ബോട്ടില്‍ ഒരു പ്രണയകഥയുടെ ഇളംകാറ്റ് 

ഓര്‍മ്മകള്‍ക്കും ഓര്‍മ്മ പറച്ചിലിനുമിടയില്‍ ഞങ്ങളെ കൊരുത്തിട്ട്, ബോട്ടിപ്പോഴും ജലമര്‍മ്മരങ്ങളിലാണ്. ജലത്തിനു മാത്രമാവുന്ന വിധം ഒരു രേഖയില്‍നിന്ന് മറുരേഖയിലേക്ക് ഇളകിയൊഴുകുന്നു. ജലത്തിന്റെ അന്നനട മുറിച്ച്, ചാറ്റല്‍മഴയുടെ മൃദുചലനം. 

റെജി ആ പാട്ടിന്റെ ചരണത്തിലെത്തിയിരുന്നു.

'പായുന്ന സമയത്തിന്‍ കുളമ്പുകള്‍ ജീവിത
പാതയില്‍ നിശ്ചലം നിന്നെങ്കില്‍
മരിച്ചൊരിന്നലെയും പിറക്കാത്ത നാളെയും
മനസ്സിനെ നോവിക്കാതിരുന്നെങ്കില്‍ ..

ഞങ്ങളപ്പോഴും ഓളപരപ്പിലായിരുന്നു. പഠിച്ചിരുന്ന കാലത്ത് പരസ്പരം മിണ്ടിയിട്ടു കൂടിയില്ലാത്തവര്‍. ലാല്‍ ജോസ് 'ക്ലാസ് മേറ്റ്‌സ്'  എന്നൊരു സിനിമ ചെയ്തില്ലായിരുന്നെങ്കില്‍, ഞങ്ങളില്‍ പലരും പിന്നെയും  കാണുമായിരുന്നോ എന്ന് ഒരു നിമിഷം ചിന്തിച്ചു പോയി. 

അന്നേരം തന്നെ ആ ചിന്ത മുറിച്ച്, അകലങ്ങളില്‍നിന്നും സുശീലാമ്മയുടെ ശബ്ദം ഒഴുകിയെത്തി. കേട്ടുമറന്ന പല്ലവി. എങ്കിലും അത് മനസ്സില്‍ നിന്ന് മാഞ്ഞിരുന്നില്ല. റെജിയുടെ ബാപ്പയ്‌ക്കെന്നപോലെ, അപ്പച്ചിയ്ക്കും ഏറെ പ്രിയമായിരുന്നല്ലോ ഭാസ്‌ക്കരന്‍ മാഷിന്റെ ഈ വരികള്‍.

നന്ദിതാ ബോസും, പ്രേം നസീറുമായിരുന്നു ആ ഗാനരംഗത്ത്. എഴുപതുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന മലയാളിത്തമുള്ള ബംഗാളി നടി, നന്ദിത..

റെജി അപ്പോഴേക്കും പാട്ട് നിര്‍ത്തി കഥയുടെ ചുരുളഴിക്കാന്‍ തുടങ്ങിയിരുന്നു. സിനിമാക്കഥ കേള്‍ക്കുന്ന രസത്തില്‍ ഞങ്ങള്‍ കാതോര്‍ത്തിരുന്നു. 

''റിസീവര്‍ കൈയ്യിലെടുക്കുമ്പോള്‍ എന്റെ മനസില്‍ ഒരു കടലിരമ്പുന്നുണ്ടായിരുന്നു. അങ്ങേത്തലയ്ക്കല്‍ രാജിയമ്മയാണെങ്കില്‍ എന്താ പറയേണ്ടത്. തറവാട്ട് വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഹാഷിമിനെ ഓര്‍മ്മയുണ്ടോന്നോ? അതോ കാട്ടുതുളസിയിലെ 'സൂര്യകാന്തി സൂര്യകാന്തി സ്വപ്നം കാണുവതാരെ' എന്ന പാട്ട് മൂളിക്കൊടുക്കണോ? അതോ ബാപ്പച്ചിയുടെ പ്രിയപ്പെട്ട ഈ ഗാനം പാടണോ. ബാപ്പച്ചി ഒരു സുന്ദരസ്വപ്നമായി മനസ്സില്‍ കൊണ്ടു നടന്നിരുന്ന ഒരാളാണ് അങ്ങേത്തലയ്ക്കല്‍. മനസുകൊണ്ട് ഉമ്മയുടെ സ്ഥാനത്ത് പ്രതിഷ്ഠിച്ചു കഴിഞ്ഞു. ഉമ്മയും അമ്മയും. എന്താ ഒരു ചേല്!'' 

വല്ലാത്തൊരു കഥയുടെ അസാധാരണമായ ഞരമ്പുകളിലൂടെ നടക്കുകയായിരുന്നു റെജി അപ്പോള്‍. കൂടെ ഞങ്ങളും. 

''പക്ഷേ ഫോണെടുത്തത് രാജിയമ്മയുടെ മകനായിരുന്നു. 'രാജിയമ്മ?' എന്ന എന്റെ ചോദ്യത്തിന് 'അമ്മ പോയി. ഇന്നലെ ആയിരുന്നു. പ്രത്യേകിച്ച് വയ്യായ്കയൊന്നുമുണ്ടായിരുന്നില്ല' എന്ന മറുപടി. റിസീവറും പിടിച്ച് എത്ര നേരമാണ് ഞാന്‍ നിന്നത്. ഓര്‍മ്മയുടെ ചിറകുകളൊതുക്കി നിതാന്ത നിദ്രയില്‍ ലയിച്ചു പോയിരിക്കുന്നു, രാജിയമ്മയെന്ന് വിശ്വസിക്കാനായില്ല. എന്റെ കാതുകളില്‍ ബാപ്പയുടെ പ്രിയ ഗാനത്തിന്റെ  വരികള്‍ മുഴങ്ങി.''


'ഓര്‍മ്മതന്‍ ചിറകുകളൊതുക്കിയെന്‍ 
രാക്കിളി 
ഒടുങ്ങാത്ത നിദ്രയില്‍ ലയിക്കട്ടെ 
നീലമനോഹരമാം സ്വപ്നനഭസ്സില്‍ 
ലീലാലാലസനായ് ചിരിക്കട്ടേ...' 

റെജി കണ്ണടഞ്ഞിരുന്നു. ആ മുഖത്ത് അന്നനുഭവിച്ച അതേ ഭാവതീവ്രത.

 

Also Read: ആരോമലേ നിനക്കേകുവാന്‍ ഞാനെത്ര പ്രേമോപഹാരങ്ങള്‍ തീര്‍ത്തു...

Also Read : ഇരുളിന്‍ മഹാനിദ്രയില്‍ നിന്നുണര്‍ത്തി നീ...

 

''അതു പോലൊരു കാമുകി! ഏതൊരാണിന്റേയും സ്വപ്‌നമാണത്...''

ആരോഗ്യ വകുപ്പിലായിരുന്ന ബാപ്പയുടെ മരണശേഷമാണ് അദ്ദേഹം സൂക്ഷിച്ചിരുന്ന ഒരു കെട്ട് കത്തുകളും ഡയറിയും റെജി കാണുന്നത്. 66-71  കാലഘട്ടങ്ങളിലെഴുതപ്പെട്ട കത്തുകളും ഡയറിക്കുറിപ്പുകളും.  അതിലൂടെയാണ് രാജിയെന്ന വിളിപ്പേരുള്ള ഒരു സ്ത്രീയുമായി തന്റെ ബാപ്പയ്ക്കുണ്ടായിരുന്ന അടുപ്പം അവനറിയുന്നത്. പ്രണയ ലേഖനങ്ങള്‍ക്കപ്പുറം, സര്‍ഗ്ഗാത്മകമായ കത്തുകള്‍. വെറും പൈങ്കിളി പ്രണയമായിരുന്നില്ലത്. ബൗദ്ധികതയുടെ ആഴവും പരപ്പുമുള്ള, അദൃശ്യവലയങ്ങളാല്‍ അടുത്തു പോയ രണ്ടു മനുഷ്യര്‍. 

''അതു പോലൊരു കാമുകി! ഏതൊരാണിന്റേയും സ്വപ്‌നമാണത്...''-റെജി കഥ തുടരുകയാണ്.

''ബാപ്പയുടെ  കത്തുകള്‍ക്കുള്ള മറുപടിയാണല്ലോ രാജിയമ്മയുടെ കവിത തുളുമ്പുന്ന മറുപടികള്‍. അപ്പോള്‍, ബാപ്പയെന്താവും എഴുതിയിട്ടുണ്ടാവുക? ആ കത്തുകള്‍ സൂക്ഷിച്ചു വച്ചിട്ടുണ്ടാവുമോ, രാജിയമ്മ? ഈ ചോദ്യങ്ങളാണ് എന്നെ ബാപ്പ ആദ്യമായി ജോലി ചെയ്ത ആ ഗ്രാമത്തിലെത്തിച്ചത്. വേരുകള്‍ തേടിയുള്ള യാത്രപോലെ, എന്തിനോ ഒരു യാത്ര. സെമി സ്ലീപ്പറില്‍, ഉറക്കമില്ലാണ്ട് കണ്ണടച്ചിരിക്കുമ്പോള്‍ എനിയ്ക്ക് വട്ടാണെന്ന്  തോന്നിയിരുന്നു. യാത്ര വെറുതേ ആയില്ല. ഹാഷിമിനെ ഓര്‍മ്മയുള്ള കുറച്ചു പേരുണ്ടായിരുന്നു, ആ നാട്ടിന്‍പുറത്ത്. രാജിയെന്ന അന്നത്തെ അയല്‍ക്കാരി വിവാഹിതയായി, റെയില്‍വേ ഉദ്യോഗസ്ഥനായ ഭര്‍ത്താവിനൊപ്പം തിരുവനന്തപുരം പോയെന്ന് നാട്ടുകാരില്‍ നിന്ന് ഞാനറിഞ്ഞു.''-റെജിയുടെ വാക്കുകള്‍ക്കൊപ്പം, ഊയലാടുന്ന ഞങ്ങളുടെ കണ്ണുകള്‍. ഇളകിമറിയുന്ന അലകളില്‍ ഞങ്ങളുടെ ബോട്ടും! 

''ഔദ്യോഗിക ബന്ധങ്ങള്‍ ഉപയോഗിച്ച് ഞാന്‍, രാജിയമ്മയുടെ ഭര്‍ത്താവിന്റെ വിവരങ്ങള്‍ കണ്ടുപിടിച്ചു. അദ്ദേഹം വളരെ മുമ്പ്  മരിച്ചു പോയിരുന്നു. മകന്‍ ആ വകുപ്പില്‍ ജോലി ചെയ്യുന്നുണ്ട്. മകന്റെ ലാന്‍ഡ് ലൈന്‍ നമ്പര്‍  സംഘടിപ്പിച്ചുവെങ്കിലും വിളിക്കാന്‍  ഞാന്‍ രണ്ട് ദിനം വൈകിപ്പോയി.  അതൊരു വലിയ നഷ്ടത്തിന് കാരണമായി. എന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ബാക്കിയാക്കി രാജിയമ്മ പോയി. ഒന്നു കാണാന്‍ കൂടി കഴിഞ്ഞില്ല, എനിക്ക്.''-

ഒരു ദീര്‍ഘ നിശ്വാസത്തോടെ റെജി നിര്‍ത്തുമ്പോള്‍, ഞാനോര്‍ത്തത് അങ്ങേ തലയ്ക്കല്‍ മകന് പകരം ആ അമ്മയായിരുന്നെങ്കില്‍ എന്താവുമായിരുന്നു ആ മനസില്‍ എന്നാണ്. ഹാഷിമിനെ മറക്കാന്‍ രാജലക്ഷ്മിക്കാവുമോ? രാജലക്ഷ്മി എന്ന പേരില്‍നിന്നു തന്നെയാവില്ലേ കടിഞ്ഞൂല്‍ സന്തതിക്ക് അദ്ദേഹം റെജിയെന്ന പേര് കണ്ടെത്തിയിട്ടുണ്ടാവുക? ഹാഷിം പതിവായി പാടിയിരുന്ന ആ ഗാനം മറക്കാന്‍ കഴിയുമോ, രാജലക്ഷ്മിക്ക്?    അതോ, രാജലക്ഷ്മി വിട്ടുപോയതിനുശേഷമാവുമോ അദ്ദേഹം, 'ഓര്‍ക്കാന്‍ പഠിപ്പിച്ച മനസ്സിനോട് മറക്കാന്‍ പഠിപ്പിക്കാന്‍' ആവശ്യപ്പെട്ടു തുടങ്ങിയത്? 

റെജിയുടെ കഥ അവിടെ തീര്‍ന്നിരുന്നു. ആ കഥകളിലേക്ക് മനസ്സ് നട്ട കൂട്ടുകാരെല്ലാം, ആ അനുഭവങ്ങള്‍ സൃഷ്ടിച്ച മര്‍മ്മരങ്ങളില്‍നിന്നും പുറത്തുകടന്നിരുന്നു. എങ്കിലും, എന്റെ ഉള്ളില്‍ രാജലക്ഷ്മിയും അവര്‍ക്കുള്ളില്‍ കാലങ്ങളോളം അലയടിച്ചുകൊണ്ടിരുന്ന ആ ഗാനവും തുളുമ്പിക്കൊണ്ടിരുന്നു. 

 

 

എണ്‍പതുകളിലായിരുന്നെങ്കില്‍...

എണ്‍പതുകളിലായിരുന്നെങ്കില്‍ റെജിയുടെ അച്ഛന്‍ ഏത് പാട്ടാവും പാടുക? എനിക്കങ്ങനെ ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. 

എന്റെ മനസ്സ് വായിച്ചതു പോലായിരുന്നു, ആ ചോദ്യത്തിന് റെജിയുടെ ഉത്തരം. ലോഹിതദാസ് സംവിധാനം ചെയ്ത 'കാരുണ്യം ' എന്ന ചിത്രത്തിലെ ആ  വിഷാദാര്‍ദ്രമായ ഗാനം. കൈതപ്രം രചനയും സംവിധാനവും നിര്‍വ്വഹിച്ച സിന്ധു ഭൈരവിയുടെ ശോകഭാവങ്ങള്‍ അകനൂലായികിടക്കുന്ന ആ ഗാനം.

'മറക്കുമോ നീയെന്റെ മൗനഗാനം
ഒരു നാളും നിലയ്ക്കാത്ത വേണുഗാനം
കാണാതിരുന്നാല്‍ കരയുന്ന മിഴികളേ
കാണുമ്പോള്‍ എല്ലാം മറക്കുന്ന
ഹൃദയമേ...'

കാണാതിരിക്കുമ്പോള്‍ മനസ്സില്‍ കരയുകയും, കാണുമ്പോള്‍ എല്ലാം മറക്കുകയും ചെയ്യുന്നവരാണല്ലോ പ്രണയികള്‍. അത് തന്നെയല്ലേ കെ.ആര്‍ മീരയുടെ, മീരാ സാധുവിലെ മാധവന്‍, തുളസിയോട് ചോദിക്കുന്നത്:

'കാണാതിരിക്കുമ്പോള്‍ കാണണമെന്ന് തോന്നാറുണ്ടോ? തനിച്ചിരിക്കുമ്പോള്‍ സംസാരിക്കണമെന്ന് തോന്നാറുണ്ടോ? കാണുമ്പോള്‍ നെഞ്ചോട് ചേര്‍ത്ത് പിടിക്കണമെന്ന് തോന്നാറുണ്ടോ? ഹൃദയം നിറഞ്ഞത് പോലെ തോന്നാറുണ്ടോ? പിരിയുമ്പോള്‍ ലോകം ശൂന്യമായതു പോലെ തോന്നാറുണ്ടോ?

ഞാന്‍ പൈങ്കിളിയല്ല എന്നു മറുപടി പറയുന്ന തുളസിയോട് മാധവന്‍ തുടര്‍ന്നു പറയുന്നു- 'അത് യഥാര്‍ത്ഥ പ്രേമം അറിയാഞ്ഞിട്ടാണ്. '

ലോഹിതദാസ് ഒരുക്കിയ 'കാരുണ്യത്തില്‍' ജയറാം, മുരളി, നെടുമുടി വേണു, ദിവ്യാ ഉണ്ണി എന്നിവരായിരുന്നു മുഖ്യ കഥാപാത്രങ്ങള്‍. തെളിയാത്ത പേന കൊണ്ട് കൈവെള്ളയില്‍ ചിത്രങ്ങളും വിഷു വിളക്കുപോലുമറിയാതെ നല്‍കിയ ആ കൈനീട്ടവും, പ്രണയിനി വിട പറഞ്ഞാലും മായാത്ത ചിത്രങ്ങളായി ജയറാം അവതരിപ്പിച്ച സതീശന്റെ മനസില്‍ തെളിയുന്നു. 

'തെളിയാത്ത പേന കൊണ്ടെന്റെ കൈവെള്ളയില്‍
എഴുതിയ ചിത്രങ്ങള്‍ മറന്നു പോയോ
വടക്കിനിക്കോലായില്‍ വിഷുവിളക്കറിയാതെ
ഞാന്‍ തന്ന കൈനീട്ടം ഓര്‍മ്മയില്ലേ
വിട പറഞ്ഞകന്നാലും മാടി മാടി വിളിക്കുന്നു
മനസ്സിലെ നൂറു നൂറു മയില്‍പ്പീലികള്‍..'

ഇന്നേറെ പറഞ്ഞുകേള്‍ക്കുന്ന റ്റോക്‌സിക് പ്രണയങ്ങളില്‍ നിന്ന് വഴിയകലമേറെ ഉണ്ടായിരുന്നു അന്നത്തെ സിനിമകളിലും ജീവിതങ്ങളിലും ഉള്‍ച്ചേര്‍ന്ന പ്രണയാനുഭവങ്ങള്‍. 'കാരുണ്യം' സിനിമയില്‍ സതീഷനും ഇന്ദുവും പിന്നീട് യോജിക്കുന്നുണ്ടെങ്കിലും ആ പാട്ടിലെ വരികളുടെ തലവിധി അതായിരുന്നില്ല. അന്നുമിന്നും  പിരിയാന്‍ വിധിക്കപ്പെട്ട മനസുകള്‍ വിഷാദാര്‍ദ്രമായി കൈപ്രത്തിന്റെ ആ വരികള്‍ ഏറ്റുപാടുന്നു. പ്രണയികളെപ്പോലാണ് വിരഹികളും. അവര്‍ക്ക് എക്കാലത്തും ഒരേ ഭാവം.  

 

Also Read : നോവിന്‍റെ തീരങ്ങളില്‍ ഞാന്‍ മാത്രമായി...


 

Also Read: അര്‍ബുദം കൊണ്ടുപോയ ഉമ്മയുടെ, ഏറ്റവും പ്രിയപ്പെട്ട പാട്ട് അതായിരുന്നു

 

ബോട്ടിപ്പോള്‍ പതിയെ കരയ്ക്കടുക്കുന്നു

'അവള്‍ വിശ്വസ്തയായിരുന്നു' എന്ന ചിത്രം എടുക്കാം. പഴയ കാമുകിയായ പത്മിനിയെ ഉറ്റചങ്ങാതിയുടെ ഭാര്യയായി കാണുമ്പോള്‍ ആ സിനിമയിലെ ജയിംസിന്റെ കാമുക ഹൃദയം പാടുന്നു:  

'കടലിന്റെ കൈകളാല്‍
നഖക്ഷതമേല്‍ക്കുമ്പോള്‍
തീരങ്ങളെ നീ ഓര്‍ക്കുമോ,
തിരയുടെ വേദന മറക്കുമോ?

തിരയും തീരവും ചുംബിച്ചുറങ്ങി
തൂമണി കാറ്റിനാല്‍ നൂപുരം കുലുങ്ങി
താളമുണര്‍ത്തും തരംഗിണി
സാഗരശയ്യയില്‍ രതിസുഖമാടുമ്പോള്‍
തീരങ്ങളെ നീ ഓര്‍ക്കുമോ?'

   
ജേസിയുടെ സംവിധാനത്തില്‍ 1973 -ലാണ് അവള്‍ വിശ്വസ്തയായിരുന്നു' എന്ന ചിത്രം പുറത്തിറങ്ങിയത്.  കടലിനും നദിയ്ക്കുമിടയിലെ പ്രണയഭാവങ്ങള്‍ തുളുമ്പി അതിലെ പാട്ടുറവകള്‍ക്ക്. കാനം ഇ.ജെ-യുടെ ഭാവസാന്ദ്രമാത വരികള്‍ക്ക് അര്‍ജ്ജുനന്‍ മാഷിന്റെ വിഷാദാര്‍ദ്രമായ ഈണം. വരികളിലെ അഴലത്രയും ആവാഹിച്ച ഗാനഗന്ധര്‍വ്വന്റെ ആലാപനം. നഷ്ടപ്രണയത്തിന്റെ നിതാന്ത നൊമ്പരമായി സംഗീത പ്രേമികള്‍ നെഞ്ചോട് ചേര്‍ത്ത മറ്റൊരു ഗാനം. 

ഞങ്ങളുടെ ബോട്ട് യാത്രയ്ക്കിടയിലും വന്നൊഴുകി അതിലെ ആ ഗാനം. നഷ്ട പ്രണയത്തെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു സന്ദര്‍ഭം. ജയഭാരതിയും സോമനും, പുഴയുടെ ഓളവും, കറുപ്പും വെളുപ്പും തീര്‍ക്കുന്ന കാഴ്ചയുടെ ഗൃഹാതുരതയും. 

ആ ബോട്ട് പിന്നെ കരയ്ക്കടുത്തു. അതിലെ യാത്രക്കാരായ ഞങ്ങള്‍ കൂട്ടുകാര്‍, യാത്രയ്ക്കിടെ തോരാതെ പെയ്ത പാട്ടുകളിലും തീരാതൊഴുകിയ കഥകളിലും നിര്‍ത്താതുയര്‍ന്ന പറച്ചിലുകളിലും നിന്ന്, കാലുകള്‍ കരയിലേക്ക് എടുത്തുവെച്ച് ഞങ്ങളുടെ ജീവിതങ്ങളിലേക്ക് നടന്നടുത്തു. 

അപ്പോഴും എനിക്കറിയാനാവുന്നുണ്ടായിരുന്നു, ആ നേരങ്ങള്‍ കൊെണ്ടത്തിച്ച കാല്‍പനിക ലോകത്തിന്റെ ചാരുത. ഓര്‍മ്മയ്ക്കും മറവിക്കുമിടയില്‍ സ്വയം നഷ്ടപ്പെട്ടങ്ങനെ നിര്‍ത്തി, ആ പാട്ടുകളും കഥകളും. മറവി മായ്ച്ച ഓര്‍മ്മകള്‍ വീണ്ടും പൊട്ടിമുളയ്ക്കാന്‍ പൊടുന്നനെ എത്തുന്ന ഒരു പാട്ടോര്‍മ്മ മതിയാവും. അതുപോലൊരു ദിവസം, അതിനേക്കാള്‍ തരളിതമായ നിമിഷങ്ങള്‍. മറവി പതുക്കെ മാഞ്ഞു. ഓര്‍മ്മയുടെ മഞ്ഞുവാതിലില്‍ ഒരു പാട്ടുവന്നു തൊട്ടു. അന്നേരം, നിന്റെ ഓര്‍മ്മകള്‍ നിലനിന്നിരുന്ന മസ്തിഷ്‌ക കോശങ്ങളപ്പാടെ നശിച്ചിട്ടും നിന്നിലേക്ക് മാത്രം ഒഴുകുന്നൊരു പുഴയായി, ഞാന്‍. സ്വയം ഒരു ഹാര്‍മോണിയമായി. 

click me!