തൊട്ടടുത്ത് കിടന്നിട്ടും ഇറ്റലിയെക്കാളും സ്പെയിനിനെക്കാളും ജർമനിയിൽ മരണനിരക്ക് കുറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്

By Web TeamFirst Published Mar 29, 2020, 2:25 PM IST
Highlights

ജർമനിയുടെ മരണനിരക്കിന്റെ പതിനാലിരട്ടിയാണ് ഇറ്റലിയിൽ, സ്‌പെയിനിൽ പതിനൊന്നിരട്ടിയും. ഈ കുറവിന് പിന്നിലെ രഹസ്യമെന്താവും?

യൂറോപ്പിനെ തകർത്തു തരിപ്പണമാക്കിക്കൊണ്ട് കൊറോണാവൈറസിന്റെ തേരോട്ടമാണ്. ഇറ്റലിയും സ്പെയിനും കൊവിഡ് 19 എന്ന മഹാമാരിയുടെ ആക്രമണത്തിന് മുന്നിൽ അടിപതറി നിസ്സഹായരായി നിൽക്കുകയാണ്. പല രാജ്യങ്ങളും പൂർണ്ണമായും ലോക്ക് ഡൌൺ ചെയ്യപ്പെട്ട അവസ്ഥയിലാണ്. നിത്യവും നൂറുകണക്കിന് മരണമാണ് ഇറ്റലിയിൽ നിന്നും സ്‌പെയിനിൽ നിന്നുമൊക്കെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 

 

 

എന്നാൽ, അവിടന്ന് ഒരല്പം വടക്കോട്ട് നീങ്ങിയാൽ ജർമനി എന്നൊരു കുഞ്ഞുരാജ്യമുണ്ട്. നമ്മുടെ പഴയ മധ്യപ്രദേശിന്റെ അത്രയും വലിപ്പമുള്ള ഒരു രാജ്യം. ഏകദേശം മൂന്നരലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണ് ജർമനിക്ക് ആകെയുള്ളത്. കൊറോണയുടെ ആക്രമണമുണ്ടായതോടെ ജർമനിയിലും സാമ്പത്തികാവസ്ഥ തകിടംമറിഞ്ഞിരിക്കുകയാണ്. സ്‌കൂളുകളും, ഷോപ്പിംഗ് സെന്ററുകളും, റെസ്റ്റോറന്റുകളും , തിയേറ്ററുകളും ഒക്കെ അടച്ചിട്ടിരിക്കുകയാണ്. രണ്ടു പേരിൽ കൂടുതൽ ഒന്നിച്ചു കൂടുന്നതിന് വിലക്കുണ്ട്. പൂർണ്ണമായും ലോക്ക് ഡൌൺ എന്ന അവസ്ഥയിലേക്ക് രാജ്യം ഇതുവരെ പോയിട്ടില്ല എന്നേയുള്ളൂ. രാജ്യത്തെ സാമ്പത്തികരംഗം വല്ലാത്ത മാന്ദ്യത്തിലേക്കാണ് പോകുന്നത്. മിക്കവാറും പലർക്കും അവരുടെ തൊഴിലുകൾ നഷ്ടപ്പെടാനും സാധ്യതയുണ്ട്. കുടുംബ ഡോക്ടർക്ക് കൊവിഡ് ബാധയുണ്ട് എന്ന് കേട്ടപാടെ ചാൻസലർ ഏയ്ഞ്ചല മെർക്കൽ പോലും സ്വയം ഹോം ക്വാറന്റൈനിലേക്ക് മാറിയിരുന്നു. പിന്നീട് അവർക്ക് കൊറോണ ബാധ ഇല്ല എന്ന് സ്ഥിരീകരിക്കയുണ്ടായി എങ്കിലും. അത്രയ്ക്ക് ഗുരുതരം തന്നെയായിരുന്നു ജർമനിയിലെ അവസ്ഥയും എന്ന് സാരം. അവിടെ ചെറിയൊരു വ്യത്യാസമാണ് ഇറ്റലിയും സ്പെയിനുമായി താരതമ്യപ്പെടുത്തുമ്പോൾ ഉള്ളത്. അത് മരണനിരക്കിലുള്ള കുറവാണ്. അത് മനസ്സിലാക്കാൻ വേണ്ടി ചില കണക്കുകൾ സൂചിപ്പിക്കാം.
 


 

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആകെ 57,695 പേർക്ക് ജർമനിയിൽ കൊറോണ സ്ഥിരീകരിച്ചിട്ടും മരിച്ചിട്ടുള്ളത് ആകെ 433 പേർ മാത്രമാണ്. അതായത് രാജ്യത്തെ കൊവിഡ് 19 മരണനിരക്ക് എന്നത് 0.75 % ആണ്. മരണനിരക്കിലുള്ള കുറവ് വ്യക്തമാക്കുക ഇതിനെ ഇറ്റലിയുടേതുമായി താരതമ്യം ചെയ്യുമ്പോഴാണ്. ഇറ്റലിയിൽ ഇതുവരെ രോഗം ബാധിച്ചത് 92,472 പേർക്കാണ്, അതിൽ മരണപ്പെട്ടിരിക്കുന്നത് 10,023 പേരും. അതായത് മരണനിരക്ക് 10.84 %. എന്നുവെച്ചാൽ ജർമനിയിലെ മരണനിരക്കിന്റെ പതിനാലിരട്ടിയോളം വരും ഇറ്റലിയിലേത് എന്നർത്ഥം. സ്പെയിനുമായി താരതമ്യം ചെയ്തു നോക്കിയാൽ, അവിടെ 73,235 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതിൽ 5,982 പേർ മരിച്ചു. അതായത് 8.2%. ജർമനിയിലെ മരണനിരക്കിന്റെ പതിനൊന്നിരട്ടിയോളം വരും അതും. ജർമനിയുടെ മരണനിരക്കിന്റെ പതിനാലിരട്ടിയാണ് ഇറ്റലിയിൽ, സ്‌പെയിനിൽ പതിനൊന്നിരട്ടിയും. ഈ കുറവിന് പിന്നിലെ രഹസ്യമെന്താവും/ കണക്കുകൾ പരിശോധിച്ചാൽ വല്ലാത്ത അത്ഭുതം തോന്നും അല്ലേ? ഇറ്റലിയുടെയും സ്പെയിനിന്റെയും ഒക്കെ ഇനിയും തീരാത്ത പ്രതിസന്ധികൾ, സത്യത്തിൽ ജർമനിയുടെ മരണനിരക്കിൽ വന്ന ഈ കുറവിന്റെ രഹസ്യം കണ്ടെത്തിയാൽ തീരുന്നതല്ലേയുള്ളൂ? അതെന്താവും? എന്തുകൊണ്ടാകും ജർമനിയിൽ മാത്രം മരണം ഇത്രകണ്ട് കുറഞ്ഞിരിക്കുന്നത്?

 

 

അത് കേവലം യാദൃച്ഛികതയല്ല. വളരെ കരുതിക്കൂട്ടിയുള്ള, ഏകോപനസ്വഭാവമുള്ള പല നടപടികളും രാജ്യം ഭരിക്കുന്ന ഗവൺമെന്റിന്റെ ഭാഗത്തുനിന്നുണ്ടായതിന്റെ ഫലമാണ് ഈ നേട്ടം. അതിന് കാരണങ്ങൾ പലതുണ്ട്.  ഏറ്റവും പ്രധാനപ്പെട്ട കാരണം വളരെ ഊർജിതമായി നടത്തപ്പെട്ട പരിശോധനകളാണ്. പരിശോധനകൾ സംക്രമണങ്ങൾ ഉണ്ടാകുന്ന മുറക്ക് അതേപ്പറ്റി ആരോഗ്യവകുപ്പ് അധികൃതർക്ക് വിവരം നൽകി. അവരെ തൽക്ഷണം ഐസൊലേറ്റ് ചെയ്യാൻ അവർക്കായി. അവരിൽ നിന്ന് തുടർ സംക്രമണങ്ങൾ ഉണ്ടാകാതെ നോക്കാൻ അവർക്ക് സാധിച്ചു. 

രാജ്യത്തെ ആദ്യത്തെ സംക്രമണം റിപ്പോർട്ട് ചെയ്യപ്പെടുന്നത് ജനുവരി 28 -നാണ്. ബവേറിയയിലെ ഒരു കാർ പാർട്സ് കമ്പനിയിലെ ജീവനക്കാരനാണ് ആദ്യമായി കൊവിഡ് 19 ബാധ സ്ഥിരീകരിക്കുന്നത്. ആ സ്ഥാപനത്തിന് വുഹാനിൽ രണ്ടു പ്ലാന്റുകൾ ഉണ്ടായിരുന്നു. അതുവഴിയാണ് വൈറസ് ജർമനിയിലേക്ക് കടന്നുവരുന്നത്. സംക്രമണം സംഭവിച്ച് രണ്ടേരണ്ടു ദിവസത്തിനുള്ളിൽ ആരോഗ്യവകുപ്പ് ആ രോഗിക്ക് അസുഖം പകർന്നുകൊടുത്ത ആളിനെ കണ്ടെത്തി. അയാളുടെ കോണ്ടാക്ടുകൾ ട്രാക്ക് ചെയ്ത് അവരെ ക്വാറന്റൈനിൽ ആക്കി. കമ്പനി ബവേറിയയിലെ പ്ലാന്റ് ഉടനടി അടച്ചു പൂട്ടി. ചൈനയിലേക്കുള്ള യാത്രകൾ നിരോധിക്കുകയും ചെയ്തു. ആ കമ്പനിയിലെ തന്നെ മറ്റു പല ജീവനക്കാർക്കും പിന്നീട് കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ടു എങ്കിലും, അത് ഫലപ്രദമായി നിയന്ത്രിക്കാൻ ജർമൻ ആരോഗ്യവകുപ്പിന് സാധിച്ചു. 

ജർമൻ ആരോഗ്യ വകുപ്പ് പിന്നീട് ചെയ്തത് അവരുടെ മുതിർന്നവരെ അസുഖം ബാധിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് സംരക്ഷിച്ച്, ഐസൊലേറ്റ് ചെയ്‌ത് നിർത്തുക എന്നതാണ്. മുതിർന്നവരുടെ പ്രതിരോധശേഷി കുറവായതിനാൽ അവരിൽ മരണനിരക്ക് കൂടാൻ സാധ്യതയുണ്ട് എന്ന തിരിച്ചറിവായിരുന്നു ഇത്തരമൊരു നീക്കത്തിന് പിന്നിൽ. മുതിർന്നവരെ സന്ദർശിക്കുന്നതിന് മറ്റുള്ളവർക്ക് കർശനമായ നിയന്ത്രണങ്ങളാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ആ നടപടിക്ക് കൃത്യമായ ഫലവുമുണ്ടായി. ജർമൻ ജനതയുടെ ഏഴു ശതമാനവും മുതിർന്ന പൗരന്മാർ ആയിരുന്നിട്ടും രോഗബാധിതരുടെ എണ്ണം മൂന്നു ശതമാനം മാത്രമായിരുന്നു. രോഗബാധിതരുടെ ശരാശരി പ്രായം ഇറ്റലിയിൽ 63 ആയിരുന്നു എങ്കിൽ, അത് ജർമനിയിൽ 46 വയസ്സ് മാത്രമായിരുന്നു. മറ്റുരാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ജർമനിയിൽ നിരവധി ചെറുപ്പക്കാർക്ക് രോഗബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട് എങ്കിലും അതിനുള്ള പ്രധാന കാരണം ജർമനിയിൽ നടന്ന ടെസ്റ്റുകളുടെ എണ്ണക്കൂടുതലാണ്. മറ്റൊരു കാരണം അവിടത്തെ സ്കീയിങ് കൾച്ചർ ആണ്. വർഷാവർഷം ഓസ്ട്രിയൻ, ഇറ്റാലിയൻ ആൽപ്സ് പർവ്വതനിരകളിലെ മഞ്ഞിൽ സ്കീയിങ് നടത്താൻ വേണ്ടി പോകുന്നത് ഏതാണ്ട് ഒന്നരക്കോടിയോളം ജർമൻകാരാണ്. അവിടെ നിന്ന് രോഗവുമായി തിരികെ വന്നവരാണ് ജർമനിയിൽ ഇത്രകണ്ട് രോഗം പടരാൻ ഒരു കാരണം. മറ്റൊരു പ്രധാനകാരണം ജർമനിയുടെ കാർണിവൽ സ്വഭാവമാണ്. അവിടെ നടന്ന സുപ്രധാന വാർഷിക കാർണിവലുകളിൽ ഒന്നായിരുന്നു മറ്റൊരു രോഗപ്രജനന കേന്ദ്രം. അങ്ങനെ പടർന്നു പിടിച്ച കേസുകളിൽ മിക്കതും ചെറുപ്പക്കാർക്കായിരുന്നു എന്നത് ശരാശരി രോഗബാധിത പ്രായം കുറച്ചു.

ടെസ്റ്റുകൾ കുറച്ചു മാത്രം നടത്തുന്ന രാജ്യങ്ങൾ നിരവധി സംക്രമണങ്ങൾ തിരിച്ചറിയാതെ പോവുകയും, രോഗം നിയന്ത്രണവിധേയമാക്കുന്നതിൽ നിന്ന് അകന്നുപോവുകയുമാണ് ചെയ്യുക എന്ന് മാർട്ടിൻ സ്റ്റ്യൂമര്‍ എന്ന ഫ്രാങ്ക്ഫുർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മേധാവി പറഞ്ഞു. അവിടെ ഭാവിയിൽ നിരവധി മരണങ്ങൾ രേഖപ്പെടുത്തപ്പെടും എന്നും അദ്ദേഹം പറഞ്ഞു. ആഴ്ചയിൽ 1,20,000 ടെസ്റ്റുകളാണ് ജർമനിയിൽ തുടക്കം മുതൽ നടത്തപ്പെട്ടിരുന്നത്. അത് ആഴ്ചയിൽ അഞ്ചു ലക്ഷ്യമെങ്കിലും ആക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണാധീനമാണ് എങ്കിലും ആരോഗ്യ സംവിധാനത്തിന് ഒരു ഓവർ ലോഡ് ഉണ്ടായാൽ അതിനെ നേരിടാൻ രാജ്യത്തെ ഗവൺമെന്റിന് സാധിക്കുമോ എന്നുള്ള ആശങ്കയാണ് ഇപ്പോൾ ജനങ്ങൾ പങ്കുവെക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉണ്ടായിക്കൊണ്ടിരിക്കുന്ന മരണ നിരക്കിലെ വർധനവും അവരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഏതിനും, രണ്ടും കല്പിച്ചുള്ള പോരാട്ടത്തിൽ തന്നെയാണ് ഗവൺമെന്റും ജനങ്ങളും ഒറ്റക്കെട്ടായി, ജർമനിയിൽ.

 

click me!