പെണ്ണുങ്ങളുടെ അടിവസ്ത്രങ്ങളെ മ്യാന്‍‌മര്‍ സൈന്യം ഇങ്ങനെ ഭയപ്പെടുന്നത് എന്തുകൊണ്ടാണ്?

By Web TeamFirst Published Mar 10, 2021, 1:00 PM IST
Highlights

അപ്പോൾ അവളുടെ ലിപ്സ്റ്റിക്കിട്ട ചുണ്ടുകൾ പൊട്ടി ചോര കട്ടപിടിച്ചു കിടപ്പുണ്ടായിരുന്നു. നെറ്റിയുടെ ഒത്ത നടുക്കായി വലിയൊരു ദ്വാരമുണ്ടായിരുന്നു. 

മ്യാന്മറിന്റെ  മധ്യത്തു കിടക്കുന്ന ഒരു നഗരമാണ് മാൻഡലേ. യാംഗോൺ കഴിഞ്ഞാൽ മ്യാൻമറിലെ ഏറ്റവും വലിയ രണ്ടാമത്തെ പട്ടണമാണ് ഇത്. ബ്രിട്ടീഷ് കൊളോണിയൽ കാലത്ത് ഇവിടെ കുഖ്യാതമായ ഒരു ജയിൽ ഉണ്ടായിരുന്നു എന്ന് നമ്മൾ ചരിത്ര പുസ്തകങ്ങളിൽ വായിച്ചു കാണും. ലോകമാന്യ തിലകൻ തന്റെ ഗീതാരഹസ്യം എന്ന പുസ്തകമൊക്കെ എഴുതുന്നത് ഇതേ  മാൻഡലേ കാരാഗൃഹത്തിൽ വെച്ചാണ്.  

ഈ മാൻഡലേയിൽ, എയ്ഞ്ചൽ എന്നുപേരായൊരു ഒരു പതിനെട്ടുകാരിയുണ്ടായിരുന്നു. എയ്ഞ്ചൽ എന്നത് അവൾ സ്വയം വിളിച്ചിരുന്ന പേരാണ്. അച്ഛനമ്മമാർ അവൾക്കിട്ടത് വിശുദ്ധതാരകം എന്നർത്ഥം വരുന്ന മാ ക്യാൽ സിൽ എന്ന പേരായിരുന്നു എങ്കിലും, അവൾക്ക് ഇഷ്ടം എയ്ഞ്ചൽ എന്ന വിളിപ്പേരായിരുന്നു.

അവൾക്ക് ഏറ്റവും ഇഷ്ടമുണ്ടായിരുന്നത് മൂന്നു കാര്യങ്ങളായിരുന്നു. ഒന്ന്, തൈക്വണ്ടോ, രണ്ട്, എരിവുള്ള ഭക്ഷണം, മൂന്ന്, നല്ല ചോരച്ചോപ്പുനിറമുള്ള ലിപ്സ്റ്റിക്ക്.

മാർച്ച് മൂന്നാം തീയതി നേരം വെളുത്തപ്പോൾ അവൾ പുറത്തേക്കിറങ്ങിയ അവളെ പിന്നിൽ നിന്ന്, അച്ഛൻ "എയ്ഞ്ചൽ" എന്ന വിളിയോടെ ഒരു നിമിഷം പിടിച്ചു നിർത്തി. അച്ഛനെ കണ്ടതും അവൾ തിരിച്ചു വന്നു. അച്ഛനെ ആശ്ലേഷിച്ചു. അച്ഛനോട് ബൈ ബൈ പറഞ്ഞിറങ്ങിപ്പോയ അവളെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹം വീണ്ടും കണ്ടു. അപ്പോൾ അവളുടെ ലിപ്സ്റ്റിക്കിട്ട ചുണ്ടുകൾ പൊട്ടി ചോര കട്ടപിടിച്ചു കിടപ്പുണ്ടായിരുന്നു. നെറ്റിയുടെ ഒത്ത നടുക്കായി വലിയൊരു ദ്വാരമുണ്ടായിരുന്നു. അവൾ മരിച്ചുപോയിട്ടുണ്ടായിരുന്നു. ചോരക്കറ പുരണ്ടു കിടന്ന അവളുടെ കറുത്ത ടീഷർട്ടിന്മേൽ വെള്ള അക്ഷരങ്ങളിൽ പതിച്ചിരുന്ന "എവരിതിങ് വിൽ ബി ഒകെ' എന്ന സ്ലോഗൻ ഒരു വിരോധാഭാസം പോലെ ആ ചോരപ്പാടുകൾക്കിടയിലും തെളിഞ്ഞു കാണാമായിരുന്നു.

 

 

അതെ, ഇന്ന് മ്യാന്മർ കലാപത്തീയിൽ ആളിക്കത്തുകയാണ്. ഇവിടത്തെ സ്ത്രീകൾ രാജ്യത്തിന്റെ സൈന്യത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ജനാധിപത്യം പുനഃസ്ഥാപിച്ചു കിട്ടാൻ വേണ്ടി ലാത്തിയടിയും വെടിയുണ്ടകളും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്.  അക്കൂട്ടത്തിൽ ഒരു രക്തസാക്ഷിയായിരുന്നു എയ്ഞ്ചലും.  രാജ്യത്തെ പ്രകമ്പനം കൊള്ളിക്കുന്ന സൈന്യ വിരുദ്ധ പ്രതിഷേധങ്ങളുടെ മുൻനിരപ്പോരാളി ആയിരുന്നു എയ്ഞ്ചൽ. സമാധാനപൂർണമായ ആ റാലികളിൽ പങ്കെടുത്ത് അവൾ മുദ്രാവാക്യങ്ങൾ മുഴക്കിയും, നാടൻ പാട്ടുകൾ പാടി പോരാളികളുടെ മനോവീര്യം ഉയർത്തുകയും ഒക്കെ ചെയ്തിരുന്നു.

മാർച്ച് മൂന്നാം തീയതിയും അവൾ സ്വന്തം വീട്ടിൽ നിന്ന് ഇറങ്ങിപ്പോയത് ഒരു പ്രകടനത്തിൽ പങ്കെടുക്കാനാണ്. പ്രകടനം തുടങ്ങി, എയ്ഞ്ചൽ സഹ പ്രകടനക്കാർക്ക് വെള്ളത്തിന്റെ കുപ്പികൾ വിതരണം ചെയ്യുന്നതിനിടയ്ക്കാൻ പോലീസ് ടിയർ ഗ്യാസ് പൊട്ടിക്കുന്നത്. ആ പ്രകടനത്തിനിടെ റെക്കോർഡ് ചെയ്യപ്പെട്ട ഒരു വീഡിയോ ദൃശ്യത്തിൽ എയ്ഞ്ചൽ തന്റെ സഹ പ്രതിഷേധക്കാർക്ക് പ്രചോദനമേകുന്നതിന്റെ ശബ്ദരേഖയുണ്ട്. " ആരും ഓടരുത്. നിന്നിടത്തു തന്നെ നിൽക്കുന്നതാണ് സുരക്ഷിതം. നമ്മൾ ഇങ്ങനെ ഈ പോർമൈതാനം വിട്ട് ഒളിച്ചോടരുത്. ഇവിടെ നമ്മുടെ സ്നേഹിതരുടെ ചോര ചിന്താൻ അനുവദിക്കരുത്..."

 

ഇത് പറഞ്ഞു പൂർത്തിയാക്കും മുമ്പാണ് ഏതോ പോലീസുകാരന്റെ തോക്കിൽ നിന്ന് പുറപ്പെട്ട ഒരു വെടിയുണ്ട അവളുടെ നെറ്റിത്തടം തുളച്ചുകൊണ്ട് കടന്നുപോയത്. അത് അവളുടെ പ്രാണനെടുത്തത്.  എയ്ഞ്ചൽ ക്‌ളാസിൽ പറഞ്ഞിരുന്ന വർത്തമാനം അറം പറ്റിപ്പോയതാണ് എന്ന് അവളുടെ കൂട്ടുകാർ പറയുന്നു."നിങ്ങൾ ഏത് നക്ഷത്രം കണ്ടാലും അപ്പോൾ എന്നെ ഓർക്കണം. പറഞ്ഞപോലെ അവൾ വിപ്ലവകാശത്ത് ജ്വലിച്ചുയർന്ന ഒരു ശുഭ്രതാരകമായി അവസാനിച്ചു. വരും തലമുറകൾ എയ്ഞ്ചൽ അഥവാ  മാ ക്യാൽ സിലിനെ ഓർക്കുക നാടിനുവേണ്ടി പോരാടി പ്രാണൻ വെടിഞ്ഞ ഒരു സ്വാതന്ത്ര്യ സമര സേനാനി എന്ന നിലയ്ക്കാവും. 

പതിനെട്ടുകാരിയായ എയ്ഞ്ചൽ മ്യാൻമറിലെ  പുതുതലമുറയിൽ പെട്ട ഒരു മിടുക്കിപ്പെണ്ണായിരുന്നു. അവളെപ്പോലെ യുവതലമുറകളിലെ പതിനായിരക്കണക്കിന് പെൺകുട്ടികൾ ഇത്തവണ സൈന്യത്തിനെതിരായ സമരങ്ങളുടെ പോർമുഖത്തുണ്ട്. യുവജനങ്ങൾ മാത്രമല്ല, പ്രായ ഭേദമെന്യേ, മ്യാൻ മാർ സ്വദേശികളായ നിരവധി സ്ത്രീകൾ  തുറന്ന പ്രതിഷേധത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞു. 


എന്തുകൊണ്ടാണ് എയ്ഞ്ചൽ വധിക്കപ്പെട്ടത് ?

മ്യാന്മർ സേന ഇന്ന് ആകെമൊത്തം കടുത്ത സ്ത്രീവിരുദ്ധരുടെ ഒരു സങ്കേതമാണ്. അവിടെ സീനിയർ റാങ്കുകളിൽ ഒരു സ്ത്രീ പോലും നിയുക്തയല്ല. പട്ടാളം രാജ്യത്തെ സ്ത്രീകളെ ദുർബലരെന്നും കളങ്കിതരെന്നും കണക്കാക്കി അകറ്റി നിർത്തുന്നതാണ് എന്നതുതന്നെയാണ് കാരണം. ആങ് സാൻ സ്യൂച്ചിയെ അധികാരത്തിൽ നിന്ന് മാറ്റുക വഴി സൈന്യം കഴുത്തു ഞെരിച്ചു കൊന്നുകളഞ്ഞിട്ടുള്ളത് രാജ്യത്തിന്റെ ജനാധിപത്യത്തെ മാത്രമല്ല, സ്ത്രീ പ്രതിനിധ്യത്തെ കൂടിയാണ്. മ്യാൻമറിലെ നിരവധി സ്ത്രീകൾ ഇതിനകം തന്നെ പട്ടാളത്താൽ വധിക്കപ്പെട്ടുകഴിഞ്ഞു. 

 


മ്യാൻമർ സൈന്യത്തിന്റെ 'റ്റാമിൻ' ഭീതി

'റ്റാമിൻ' എന്നത് മ്യാൻമറിലെ വനിതകൾ ധരിക്കുന്ന ലുങ്കി പോലെ തോന്നിക്കുന്ന ഒരു ഗ്രാമീണ അടിവസ്ത്രമാണ്. സ്ത്രീകൾ പ്രതിഷേധിക്കാനെത്തിയത് കുറെയധികം  റ്റാമിനും കൊണ്ടാണ്. പ്രതിഷേധിക്കുന്ന തെരുവുകളിൽ എല്ലാം കയറുകൾ കെട്ടി ഈ റ്റാമിനുകൾ ചിക്കി വിരിച്ചുകൊണ്ടായിരുന്നു സ്ത്രീകളുടെ വ്യത്യസ്തമായ പ്രതിഷേധം. ഇങ്ങനെ തൂക്കുന്ന തുണികൾ തന്നെയാണ് ഈ ദിനങ്ങളിലെ ഈ സ്ത്രീകളുടെ സംരക്ഷണ കവചങ്ങളും. 

ഇങ്ങനെ റ്റാമിനുകളും അടിവസ്ത്രങ്ങളും തൂക്കിയ അയകൾക്കിടയിലൂടെ നൂണ്ടുവന്നു വേണം പട്ടാളത്തിന് സമരമുഖത്തുള്ള സ്ത്രീകളുടെ അടുത്തെത്താൻ. ഇങ്ങനെ അടിവസ്ത്രങ്ങൾക്കിടയിലൂടെ കടന്നു ചെല്ലാൻ പട്ടാളം മടിച്ചിരുന്നു. അങ്ങനെ ഈ റ്റാമിൻ മൂവ്മെന്റിന് കാറ്റു പിടിച്ചതോടെ അവർ ഒന്നുകൂടി പോരാട്ടം കടുപ്പിച്ചു. ഇങ്ങനെ തൂക്കുന്ന റ്റാമിനുകളെ സമരക്കാർ കത്തിക്കും. അന്ധവിശ്വാസങ്ങളിൽ വിശ്വസിക്കുന്ന സൈന്യം ഇപ്പോൾ എന്തായാലും ഈ റ്റാമിൻ ലൈൻ മുറിച്ചു കടക്കുന്നതിനു മുമ്പ്, രണ്ടുവട്ടം ആലോചിക്കുന്നുണ്ട്. 

പുതിയ തലമുറക്ക് ഭയലേശമില്ല എന്നും, അവർ സൈന്യം മുട്ടുമടക്കും വരെ പോരാടും എന്നാണ് എയ്ഞ്ചലിന്റെ കൂട്ടുകാരും സഹ പ്രതിഷേധക്കാരും പറയുന്നത്. പെൺകുട്ടികൾ ഇങ്ങനെ അരയും തലയും മുറുക്കി പ്രശ്നങ്ങളുമായി  മുന്നോട്ട് ചെന്നിട്ടും, രാജ്യം ഇപ്പോൾ ഭരിക്കുന്ന സൈനിക മേധാവി മിൻ ഓങ്ങ് ലൈങ് തന്റെ സുരക്ഷിമായ കൊട്ടാരങ്ങളിൽവിശ്രമിക്കുകയാണ്. ഈ സാഹചര്യത്തിലും മിൻ ഓങ്ങിന്റെ വിമർശനം സമരം ചെയ്യുന്നവരുടെ കുട്ടി ഉടുപ്പുകൾക്കിടയിലൂടെ വെളിപ്പെടുന്ന അവരുടെ ശരീരങ്ങളെ കുറിച്ചാണ്. മരിച്ചു മരവിച്ചു കിടക്കുന്ന യുവതികളുടെ ചോരക്കറവീണു കട്ടപിടിച്ച മൃതദേഹങ്ങളെപ്പോലും, വസ്ത്രധാരണത്തിന്റെ പേരിൽ ലൈംഗികചുവയോടെ നോക്കിക്കണ്ടു വിമർശിക്കുന്ന ഒരു സ്വേച്ഛാധിപതിയിൽ നിന്ന് ഇനിയും എന്തെങ്കിലും ശുഭോദർക്കമായി പ്രതീക്ഷിക്കാനാവുമോ എന്ന ആശങ്കയിലാണ് മ്യാൻമറിലെ ജനത.

click me!