'പീസ് വില്ലേജ്', ഉത്തര കൊറിയയിലെ ഈ പ്രേതന​ഗരത്തിലെ കഥകൾ വ്യാജമോ?

By Web TeamFirst Published Mar 10, 2021, 12:10 PM IST
Highlights

പീസ് വില്ലേജിൽ 200 താമസക്കാരുണ്ടെന്ന് ഉത്തര കൊറിയ അവകാശപ്പെടുന്നുണ്ടെങ്കിലും, നിരീക്ഷകർ പറയുന്നത് അവിടെ ഒരു മനുഷ്യൻ പോലും താമസിക്കുന്നില്ല എന്നാണ്. 

ഉത്തരകൊറിയൻ ഗ്രാമമായ കിജോങ്-ഡോങ് ഒറ്റ നോട്ടത്തിൽ ഒരു സാധാരണ ഗ്രാമം പോലെ കാണപ്പെടുന്നു. ഒരു ജനതയ്ക്ക് ജീവിക്കാൻ വേണ്ടുന്നതൊക്കെ അവിടെയുണ്ട്. വാട്ടർ ടവർ, പവർ ലൈനുകൾ, വൃത്തിയുള്ള തെരുവുകൾ, ഇരുവശത്തും ധാരാളം കെട്ടിടങ്ങൾ, വെളിച്ചം പ്രതിഫലിപ്പിക്കുന്ന ജാലകങ്ങൾ തുടങ്ങിയ എല്ലാം അവിടെ നമുക്ക് കാണാം. ഇങ്ങനെയൊക്കെയാണെങ്കിലും, “പീസ് വില്ലേജ്” സൂക്ഷ്മമായി പരിശോധിച്ചാൽ അതിൽ ഒരൊറ്റ താമസക്കാരൻ പോലും ഇല്ലെന്ന് തെളിയുന്നു. ദക്ഷിണ കൊറിയൻ നിരീക്ഷകരുടെ അഭിപ്രായത്തിൽ, ഉത്തര കൊറിയ നിർമ്മിച്ച ഒരു വ്യാജ ഗ്രാമം മാത്രമാണ് അത്. പെയിന്റ് അടിച്ച ജനലുകളുള്ള ശൂന്യമായ ഷെല്ലുകളാണ് അവിടെ കാണുന്ന കെട്ടിടങ്ങൾ എന്ന് ദക്ഷിണ കൊറിയ വിശ്വസിക്കുന്നു. ആളുകൾക്ക് താമസിക്കാനല്ലെങ്കിൽ പിന്നെ എന്തിനാണ് ഇത്തരമൊരു ഗ്രാമം ഉത്തര കൊറിയ നിർമ്മിച്ചത്?  

ഉത്തരയെയും ദക്ഷിണ കൊറിയയെയും വേർതിരിക്കുന്ന സൈനികവൽക്കരിക്കപ്പെട്ട മേഖലയിൽ സ്ഥിതിചെയ്യുന്ന കിജോംഗ്-ഡോംഗ് 1953 ൽ കൊറിയൻ യുദ്ധം അവസാനിച്ചതിനുശേഷം നിർമ്മിച്ചതാണ്. “പ്രചാരണ ഗ്രാമം” എന്നും അറിയപ്പെടുന്ന ഈ പീസ് വില്ലേജ് ഉത്തര കൊറിയയിലെ നിരവധി വ്യാജ പട്ടണങ്ങളിൽ ഒന്ന് മാത്രമാണെന്ന് വിദഗ്ദ്ധർ കരുതുന്നു. എന്തിനാണെന്നല്ലേ? ഉത്തര കൊറിയ അഭിവൃദ്ധിയുടെയും സാമ്പത്തിക വിജയത്തിന്റെയും നാടാണ് എന്ന ഒരു പ്രതീതി സൃഷ്ടിക്കാൻ വേണ്ടിയാണ് എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ഉത്യോപ്യൻ ഗ്രാമം രാജ്യം നിർമ്മിച്ചിരിക്കുന്നത്. തങ്ങൾ ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന് ദക്ഷിണ കൊറിയക്കാരെ പറഞ്ഞ് വിശ്വസിപ്പിക്കാനാണ് ഉത്തരകൊറിയൻ സർക്കാർ കിജോംഗ്-ഡോംഗ് നിർമ്മിച്ചത്. ഇന്നുവരെ, ഉത്തര കൊറിയയുടെ ഈ പ്രേത നഗരം സജീവമാണ് എന്നാണ് രാജ്യം പറയുന്നതെങ്കിലും, സൂക്ഷ്മമായി പരിശോധിച്ചാൽ അത് ഒരു ഗ്രാമത്തേക്കാൾ ഉപേക്ഷിക്കപ്പെട്ട ഹോളിവുഡ് സെറ്റ് പോലെയാണെന്ന് വെളിപ്പെടുന്നു.

കൊറിയൻ യുദ്ധം അനൗദ്യോഗികമായി അവസാനിക്കുന്നത് 1953 ലാണ്. രക്തരൂക്ഷിതമായ യുദ്ധം മൂന്ന് വർഷക്കാലം തുടരുകയും ഇരു രാജ്യങ്ങളെയും ബാധിക്കുകയും മൂന്ന് ദശലക്ഷം ആളുകൾ മരിക്കുകയും ചെയ്തു. 1953 ൽ ഇരു രാജ്യങ്ങളും എല്ലാ ശത്രുതകളും അവസാനിപ്പിക്കുമെന്ന് സമ്മതിച്ചെങ്കിലും, സമാധാനത്തോട് യോജിക്കാൻ അവർ തയ്യാറായില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി ഇപ്പോഴും ലോകത്തിലെ ഏറ്റവും കനത്ത സായുധ പ്രദേശങ്ങളിൽ ഒന്നാണ്. മുള്ളുവേലികളും, ലാൻഡ് മൈനുകൾ കൊണ്ട് ചുറ്റപ്പെട്ട അവിടെ ലക്ഷക്കണക്കിന് സൈനികർ കാവൽ നിൽക്കുന്നു. യുദ്ധത്തെ തുടർന്ന്, ഡിഎംഇസഡ് അല്ലെങ്കിൽ കൊറിയൻ സൈനികവൽക്കരിക്കപ്പെട്ട മേഖല എന്ന് വിളിക്കുന്ന നാല് കിലോമീറ്റർ ബഫർ സോൺ ഇരു രാജ്യങ്ങളെയും വേർതിരിക്കുന്നതിനായി സൃഷ്ടിച്ചു. ഓരോ രാജ്യത്തിനും 1953 -ന് ശേഷം ഓരോ ഗ്രാമം വീതം അവിടെ നിലനിർത്താനോ നിർമ്മിക്കാനോ അനുവാദം ലഭിച്ചു. മറ്റെല്ലാ വാസസ്ഥലങ്ങളും ഒഴിപ്പിക്കാൻ ഇരു രാജ്യങ്ങളും തയ്യാറായി.

ദക്ഷിണ കൊറിയ ഡെയ്‌സോങ്-ഡോംഗ് അഥവാ “ഫ്രീഡം വില്ലേജ്” നെ നിലനിർത്തി. 226 എങ്കിലും താമസക്കാർ ഇവിടെയുണ്ട്. അതേസമയം പുറമെ നിന്ന് ഒരാൾക്ക് അവിടെ പ്രവേശിക്കാനോ താമസിക്കാനോ കഴിയില്ല. ഫ്രീഡം വില്ലേജ് നിവാസികൾക്ക് പ്രത്യേക ഐഡികളും രാത്രി 11 മണിക്ക് കർഫ്യൂവും ഉണ്ട്. ദക്ഷിണ കൊറിയയുടെ ഈ ഗ്രാമത്തെ വെല്ലുവിളിക്കാനായി ഉത്തര കൊറിയ നിർമിച്ച ഗ്രാമമാണ് “പ്രചാരണ ഗ്രാമം”.  കിജോംഗ്-ഡോംഗ് അല്ലെങ്കിൽ പീസ് വില്ലേജ് എന്നും അത് അറിയപ്പെടുന്നു. സാമ്പത്തിക വിജയത്തിന്റെ ഒരു ഇമേജ് പ്രൊജക്റ്റു ചെയ്യാൻ നിർമ്മിച്ചതാണ് ഇത്.  

പീസ് വില്ലേജിൽ 200 താമസക്കാരുണ്ടെന്ന് ഉത്തര കൊറിയ അവകാശപ്പെടുന്നുണ്ടെങ്കിലും, നിരീക്ഷകർ പറയുന്നത് അവിടെ ഒരു മനുഷ്യൻ പോലും താമസിക്കുന്നില്ല എന്നാണ്. പല കെട്ടിടങ്ങളുടെയും ജാലകങ്ങളിൽ തെളിയുന്ന വെളിച്ചം പെയിന്റ് ഉപയോഗിച്ച് വരച്ചതാണ് എന്ന് പറയുന്നു. അതുപോലെ തന്നെ അതിലെ പല കെട്ടിടങ്ങളും വെറും പൊള്ളയായ കോൺക്രീറ്റ് ഘടനകളാണെന്നും പറയുന്നു. പക്ഷേ, ആ ഗ്രാമത്തിന്റെ ഏറ്റവും വലിയ സവിശേഷത ദിവസവും സന്ധ്യയ്ക്ക് തെളിയുന്ന ഇലക്ട്രിക് സ്ട്രീറ്റ് ലൈറ്റുകളാണ്. അത് ഒരു ഓട്ടോമാറ്റിക് ടൈമറിലാണ് പ്രവർത്തിക്കുന്നത്. അവിടെ ആകെ താമസിക്കുന്നത് ദൈനംദിന അറ്റകുറ്റപ്പണി നടത്തുന്ന തൊഴിലാളികൾ മാത്രമാണ്. ഗ്രാമം സജീവമാണെന്ന മിഥ്യാധാരണ ഉണ്ടാക്കാൻ തൊഴിലാളികൾ കാലാകാലങ്ങളായി തെരുവുകൾ അനാവശ്യമായി വൃത്തിയാക്കുന്നു. അതേസമയം ഈ ആരോപണങ്ങൾ എല്ലാം തെറ്റാണ് എന്നാണ് കിം ജോങ് ഉൻ പറയുന്നത്. നൂറുകണക്കിന് സന്തുഷ്ട നിവാസികൾ ഈ പട്ടണത്തിലുണ്ടെന്ന് ഉത്തരകൊറിയൻ സർക്കാർ ഇന്നും അവകാശപ്പെടുന്നു. ഒരു ശിശു പരിപാലന കേന്ദ്രം, കിന്റർഗാർട്ടൻ, പ്രൈമറി, സെക്കൻഡറി സ്കൂൾ, പട്ടണത്തിലെ ഒരു ആശുപത്രി തുടങ്ങിയവ അവിടെയുണ്ട് എന്നും അവർ അവകാശപ്പെടുന്നു. 

click me!