
ക്വീൻസിൽ അഞ്ചു വയസ്സുകാരിയായ മകൾ കൊല്ലപ്പെട്ട സംഭവത്തിൽ ദുഃഖത്തിലാണ്ട് ഇന്ത്യൻ വംശജനായ ഊബർ ഡ്രൈവർ. ന്യൂയോർക്കിലെ സൗത്ത് റിച്ച്‌മണ്ട് ഹില്ലിൽ ഒക്ടോബർ 14 -നാണ് കുൽദീപ് സിംഗിന്റെ മകൾ ഫാബിയാന കബെല്ലോയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കുട്ടിയുടെ അമ്മയും കുൽദീപ് സിംഗിന്റെ ഭാര്യയുമായ ഫ്രാൻസിസ് കബെല്ലോയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പേരിൽ രണ്ടാം ഡിഗ്രി കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
ഒക്ടോബർ 14 -ന് വൈകുന്നേരം 6.55 -ഓടെയാണ് സൗത്ത് റിച്ച്‌മണ്ട് ഹില്ലിലെ വീട്ടിൽ നിന്നും അടിയന്തര സഹായം അഭ്യർത്ഥിച്ച് പൊലീസിന് കോൾ ലഭിക്കുന്നത്. തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ബോധരഹിതയായ നിലയിൽ കണ്ടെത്തിയ കുട്ടിയെ ജമൈക ഹോസ്പിറ്റൽ മെഡിക്കൽ സെന്ററിൽ എത്തിച്ചു. പക്ഷേ, ജീവൻ രക്ഷിക്കാനായില്ല. താൻ മകളെ കൊലപ്പെടുത്തിയെന്ന് കാണിച്ച് അമ്മ തന്നെയാണ് 911-ൽ വിളിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 15 -നാണ് ഫ്രാൻസിസ് കബെല്ലോ അറസ്റ്റിലായത്.
ഒക്ടോബർ 14 -ന് വൈകുന്നേരം 5.30 -നും 6.55 -നും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. മരണകാരണം എന്താണെന്ന് മെഡിക്കൽ എക്സാമിനർ ഓഫീസിന്റെ അന്തിമ റിപ്പോർട്ട് വന്നതിനുശേഷമേ വ്യക്തമാകൂ. കൊലപാതകത്തിനുള്ള കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മകളുടെ സംസ്കാരച്ചടങ്ങുകൾക്കായി ഊബർ ഡ്രൈവറായ കുൽദീപ് സിംഗ് 'ഗോഫണ്ട്മീ' വഴി ധനസഹായം തേടിയിട്ടുണ്ട്. വാടക കാർ ഓടിച്ചു ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിക്കുന്ന തനിക്ക് ഉയർന്ന സംസ്കാരച്ചടങ്ങുകളുടെ ചെലവുകൾ താങ്ങാൻ കഴിയുന്നില്ലെന്നും, ഏവരുടെയും സഹായം തേടുന്നുവെന്നും അദ്ദേഹം കണ്ണീരോടെ വ്യക്തമാക്കി. 'അവളെ ഞാനൊരുപാട് സ്നേഹിക്കുന്നു, അവളെ നഷ്ടപ്പെട്ടതോടെ ഈ ലോകമാകെ നഷ്ടപ്പെട്ടതുപോലെയാണ് എനിക്ക് തോന്നുന്നത്' എന്നും അദ്ദേഹം പറഞ്ഞു. 22,000 ഡോളർ ലക്ഷ്യമിട്ട് ആരംഭിച്ച ഈ ക്യാമ്പെയ്നിലൂടെ ഇതിനോടകം 18,540 ഡോളറിലധികം സമാഹരിച്ചിട്ടുണ്ട്.