
മദ്യപിച്ച് ലക്കുകെട്ട് റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് കാർ ഓടിച്ചു കയറ്റിയ ആളെ ഉദ്യോഗസ്ഥർ പിടികൂടി. ഗ്വാളിയോർ റെയിൽവേ പ്ലാറ്റ്ഫോമിലാണ് ഇത്തരത്തിൽ വിചിത്രമായ ഒരു സംഭവം അരങ്ങേറിയത്. റിപ്പോർട്ടുകൾ പ്രകാരം ബുധനാഴ്ച രാത്രി വൈകിയാണ് സംഭവം നടന്നത്. ആദിത്യപുരം സ്വദേശിയായ 34 -കാരനായ നിതിൻ റാത്തോഡാണ് സംഭവത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
അമിത വേഗതയിൽ ഇയാൾ കാർ പ്ലാറ്റ്ഫോമിലേക്ക് ഓടിച്ചുകയറ്റിയത് ശ്രദ്ധയിൽപ്പെട്ടതും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) വിഷയത്തിൽ ഇടപെടുകയായിരുന്നു. കാർ തടഞ്ഞുനിർത്തി ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തു. ആദ്യം കാറിനുള്ളിൽ നിന്നും പുറത്തിറങ്ങാൻ ഇയാൾ കൂട്ടാക്കിയില്ലെങ്കിലും ഒടുവിൽ ഉദ്യോഗസ്ഥർ ഇയാളെ അനുനയിപ്പിച്ച് പുറത്തിറക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ കാർ പ്ലാറ്റ്ഫോമിൽ നിന്ന് മാറ്റി. കസ്റ്റഡിയിലെടുത്ത നിതിനെതിരെ ഇന്ത്യൻ റെയിൽവേ ആക്ടിലെ സെക്ഷൻ 153 പ്രകാരം കേസെടുത്തു.
റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്ന യാത്രക്കാർ പകർത്തിയ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. സ്റ്റേഷൻ പുനർനിർമ്മാണ പ്രവർത്തനത്തിനിടെ നിർമ്മാണ വാഹനങ്ങൾ പ്രവേശിപ്പിക്കുന്നതിനായി തയ്യാറാക്കിയ വഴിയിലൂടെയാണ് ഇയാൾ പ്ലാറ്റ്‌ഫോം ഏരിയയിൽ കാറുമായി എത്തിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. റെയിൽവേ സ്റ്റേഷനിലെ ഓഫീസർ റെസ്റ്റ് ഹൗസിനടുത്തുള്ള പാത ലോഡറുകൾ പോലുള്ള യന്ത്രങ്ങൾക്കായി താൽക്കാലികമായി തുറന്നിട്ടിരിക്കുകയാണെന്നും ഇതുവഴിയാണ് നിതിൻ കാർ പ്ലാറ്റ്ഫോമിൽ കയറ്റിയത് എന്ന് റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്.
സംഭവം നടക്കുമ്പോൾ, ന്യൂഡൽഹി-ആഗ്ര കാന്റ് ഇന്റർസിറ്റി എക്സ്പ്രസ് പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. യാത്രക്കാർ ട്രെയിനിൽ നിന്നും ഇറങ്ങുന്നതിനിടയിലേക്കാണ് കാറുമായി നിതിൻ എത്തിയത്. ഉദ്യോഗസ്ഥർ വേഗത്തിൽ ഇടപെട്ടതിനാൽ വലിയ അപകടം ഒഴിവായി.
ചോദ്യം ചെയ്യലിൽ തന്റെ ഭാര്യ തന്നെ ഉപേക്ഷിച്ചു പോയതിനാലാണ് ഇങ്ങനെയൊക്കെ നടന്നത് എന്നാണ് നിതിൻ പറഞ്ഞത്. ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയതിന്റെ വിഷമത്തിലാണ് താൻ മദ്യപിക്കുന്നതെന്നും മദ്യപിച്ചതിനാലാണ് പ്ലാറ്റ്ഫോമിലേക്ക് കാർ ഇടിച്ചു കയറ്റിയതെന്നും ഇയാൾ പറഞ്ഞു.