ലോകത്തിലെ ഏറ്റവും വലിയ വൃക്ഷങ്ങളിലേക്ക് പടർന്നു കയറി കാട്ടുതീ, സംരക്ഷിക്കാനായി പോരാടി അ​ഗ്നിശമനസേന

By Web TeamFirst Published Sep 19, 2021, 10:58 AM IST
Highlights

ഈ മരങ്ങളെ പ്രാധാന്യമുള്ള കെട്ടിടങ്ങളെ പോലെ കാണണമെന്നും അതിനെ സംരക്ഷിക്കാന്‍ തങ്ങളെ കൊണ്ട് പറ്റാവുന്നതെല്ലാം ചെയ്യണമെന്നും അഗ്നിശമനാസേനാംഗങ്ങളോട് പറഞ്ഞതായി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

കാലിഫോർണിയയിലെ ഇടതൂർന്ന സെക്വോയ ദേശീയോദ്യാനത്തിൽ കാട്ടുതീ പടർന്നുകൊണ്ടിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ മരങ്ങളെ സംരക്ഷിക്കാൻ യുഎസ്സിലെ അഗ്നിശമന സേനാംഗങ്ങള്‍ പോരാടുകയാണ്. ഒരു വാർത്താ റിപ്പോർട്ട് അനുസരിച്ച്, സെപ്റ്റംബർ 9 -ന് ഇടിമിന്നലേറ്റതിനെ തുടര്‍ന്നാണ് ഇവിടെ കാട്ടുതീ പടരാൻ തുടങ്ങുകയും 11,365 ഏക്കർ ഭൂമി കത്തിനശിച്ചതും. അതോടെ, സന്ദർശകർക്കുള്ള പ്രവേശനം സെക്വോയ നാഷണൽ പാർക്ക് നിര്‍ത്തിവച്ചു. 

ഈ പാർക്കിൽ 2000 -ലധികം സെക്വോയ മരങ്ങളുണ്ട്, അവയിൽ ഏറ്റവും വലുത്, ജനറൽ ഷെർമാൻ ആണ്. 83 മീറ്റർ (275 അടി) ഉയരവും 36 അടിയിലധികം വ്യാസവും ഉള്ള ഇത് സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടിയേക്കാള്‍ വലുതാണ്. 

അഗ്നിശമനസേനാംഗങ്ങള്‍ ലോകത്തിലെ തന്നെ വലിയ ആ വൃക്ഷങ്ങളെ സംരക്ഷിക്കാന്‍ തങ്ങളെ കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. അതിനായി മരത്തിന്‍റെ ശിഖരങ്ങളെ ഫോയില്‍ പേപ്പറുകള്‍ കൊണ്ട് പൊതിയുകയും അഗ്നിബാധ തടയാനുള്ള ജെല്ലുകളുപയോഗിക്കുകയും എല്ലാം ചെയ്യുന്നു. 

ഈ മരങ്ങളെ പ്രാധാന്യമുള്ള കെട്ടിടങ്ങളെ പോലെ കാണണമെന്നും അതിനെ സംരക്ഷിക്കാന്‍ തങ്ങളെ കൊണ്ട് പറ്റാവുന്നതെല്ലാം ചെയ്യണമെന്നും അഗ്നിശമനാസേനാംഗങ്ങളോട് പറഞ്ഞതായി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറയുന്നു. "ഞങ്ങളുടെ എല്ലാ പ്രത്യേക സെക്വോയകളെയും കെട്ടിടങ്ങൾ പോലെ കൈകാര്യം ചെയ്യാനും അവയെല്ലാം പൊതിയാനും ഞങ്ങൾ അഗ്നിശമന സേനാംഗങ്ങളോട് പറഞ്ഞു" റിസോഴ്സ് മാനേജ്മെന്‍റ് ആന്‍ഡ് സയൻസ് ഫോര്‍ കിംഗ്സ് കാന്യൺ നാഷണൽ പാർക്ക്സ് മേധാവി ക്രിസ്റ്റി ബ്രിഗാം സിഎൻഎന്നിനോട് പറഞ്ഞു.

വെള്ളിയാഴ്ചയോടെ, വനപാലകർക്ക് തീജ്വാലകൾ നിയന്ത്രിക്കാനും വിലയേറിയ മരങ്ങൾ സംരക്ഷിക്കാനും കഴിയുമെന്ന് വിശ്വാസം വന്നു. അതിന്റെ ആശ്വാസത്തിലാണ് അധികൃതർ. 

click me!