
ഒരു റിട്ട. ആർമി മേജറാണ് വിൽറ്റ്ഷയറിൽ നിന്നുള്ള ജോൺ വിൻസ്കിൽ. ജോണിന് ഒരിക്കൽ ഒരു കാറപകടം പറ്റി. അത് വലിയ മാറ്റമാണ് അദ്ദേഹത്തിൽ ഉണ്ടാക്കിയത്. ജോൺ സഞ്ചരിച്ചു കൊണ്ടിരുന്ന വാഹനം ഒരു ടാക്സിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വളരെ വേഗത്തിലാണ് ആ ടാക്സി വന്നിരുന്നത്. അതാണ് അപകടത്തിന് കാരണമായിത്തീർന്നതും.
ഈ അപകടത്തിന്റെ ഓർമ്മ ഇന്നും അയാളെ അലട്ടുന്നുണ്ട്. അത് തന്നിൽ വലിയ ആഘാതമാണ് ഉണ്ടാക്കിയത്. ചില ആഘാതങ്ങൾ അങ്ങനെയാണ് അത് നമ്മെ വിട്ട് പോവുകയേ ഇല്ല എന്നാണ് ജോൺ പറയുന്നത്. അന്ന് മുതൽ വളരെ വേഗത്തിൽ വരുന്ന വാഹനങ്ങൾ കാണുമ്പോൾ ജോൺ അസ്വസ്ഥനാവാൻ തുടങ്ങും. പക്ഷേ, ഒരു സാധാരണ പൗരന് എന്ത് ചെയ്യാൻ സാധിക്കും? എന്തായാലും തന്നെ കൊണ്ട് പറ്റുന്ന എന്തെങ്കിലും ചെയ്യാൻ തന്നെ ജോൺ തീരുമാനിച്ചു.
അങ്ങനെയാണ് അദ്ദേഹം ഒരു പ്രതിമ ഉണ്ടാക്കിച്ചത്. അതും വെറും പ്രതിമയല്ല. അതിന് ഒരു പൊലീസുകാരന്റെ വേഷഭൂഷാദികളെല്ലാം നൽകി. അത് കണ്ടാൽ ശരിക്കും പൊലീസുകാരനല്ല എന്ന് ആരും പറയില്ല. വിൽസൺ എന്നാണ് ആ പ്രതിമയ്ക്ക് ജോൺ പേര് നൽകിയിരിക്കുന്നത്. ട്രാഫിക് നിയന്ത്രിക്കുന്ന പൊലീസുകാരനെ കണ്ടാൽ ആരും പിന്നെ അമിതവേഗത്തിൽ പോകില്ലല്ലോ?
അങ്ങനെ, വാഹനങ്ങൾ കടന്നു പോകുന്നതിന് സമീപത്തായി ജോൺ ഈ പ്രതിമയും വച്ചു. അതോടെ അവിടെ അമിതവേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ കുറഞ്ഞു എന്നാണ് ജോൺ പറയുന്നത്. വിൽറ്റ്ഷയർ പൊലീസിനും ഇതിൽ പരാതിയില്ല. വിൽസൺ ആൾമാറാട്ടം നടത്തുകയോ ആർക്കെങ്കിലും ഉപദ്രവമുണ്ടാക്കുകയോ ചെയ്തിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. വിൽസണെപ്പോഴും സ്വകാര്യഭൂമിയിലാണ് നിൽക്കുന്നത്, എവിടെയും അത് പൊലീസാണ് എന്ന് സ്ഥാപിച്ചിട്ടില്ല എന്ന് ജോണും പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം