
ഓൺലൈനിൽ കണ്ടുമുട്ടിയ സ്ത്രീയോടൊപ്പം ജീവിക്കാനായി സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ചയാൾ അറസ്റ്റിൽ. വിസ്കോൺസിനിൽ നിന്നുള്ള ഇയാൾക്ക് 89 ദിവസത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. 45 -കാരനായ റയാൻ ബോർഗ്വാർഡിനാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. ഇയാളെ കാണാതായതിന് പിന്നാലെ മരിച്ചതായി കണക്കാക്കുകയായിരുന്നു. എന്നാൽ, ഓൺലൈനിൽ കണ്ടുമുട്ടിയ സ്ത്രീക്കൊപ്പം ജീവിക്കുന്നതിനായി ഇതെല്ലാം ഇയാൾ തന്നെ വ്യാജമായി ഉണ്ടാക്കിയ കഥകളാണത്രെ.
തന്റെ പ്രവൃത്തി തന്റെ പ്രിയപ്പെട്ടവരെ വേദനിപ്പിച്ചുവെന്നും അതിൽ ഖേദിക്കുന്നുവെന്നുമാണ് റയാൻ കോടതിയിൽ പറഞ്ഞത്. ആ ദിവസം താൻ ചെയ്ത പ്രവൃത്തികളിൽ തന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഉണ്ടാക്കിയ എല്ലാ വേദനയിലും താൻ അഗാധമായി ഖേദിക്കുന്നു എന്നാണ് ഇയാൾ കോടതിയിൽ പറഞ്ഞത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് റയാൻ ഗ്രീൻ ലേക്കിൽ കയാക്കിംഗ് പോകുകയാണെന്ന് ഭാര്യയോട് പറഞ്ഞശേഷം വീട്ടിൽ നിന്നും ഇറങ്ങിയത്. അതിനുശേഷം അയാളെ കണ്ടിട്ടില്ല. ഒടുവിൽ റയാൻ മുങ്ങിമരിച്ചതായി അയാളുടെ കുടുംബവും സുഹൃത്തുക്കളും കരുതി. അങ്ങനെ പൊലീസിൽ അറിയിച്ചു. പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.
അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു, ഇയാൾ പുതിയ പാസ്‌പോർട്ടും, ലൈഫ് ഇൻഷുറൻസും വാങ്ങിയതായും കണ്ടെത്തി. ഒടുവിൽ, ഓൺലൈനിൽ പരിചയം സ്ഥാപിച്ച ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള സ്ത്രീക്കൊപ്പം പോയി പുതിയ ജീവിതം തുടങ്ങാനാണ് ഇയാൾ ഇതെല്ലാം ചെയ്തത് എന്നും അന്വേഷണത്തിൽ തെളിഞ്ഞു.
എങ്ങനെ വിജയകരമായി അപ്രത്യക്ഷമാകാം എന്നതിനെ കുറിച്ച് നല്ല പഠനവും ഇയാൾ നടത്തിയിരുന്നു. ഈ തടാകം തന്നെ തിരഞ്ഞെടുക്കാൻ കാരണം അവിടെ ആഴം കൂടുതലായതിനാൽ മൃതദേഹം കിട്ടാൻ സാധ്യത കുറവാണ്, അപ്പോൾ താൻ മരിച്ചു എന്ന് തന്നെ എല്ലാവരും കരുതും എന്നതിനാലാണത്രെ. എന്തായാലും ഇയാളുടെ പ്ലാനുകളൊന്നും നടന്നില്ല. പൊലീസ് കണ്ടെത്തുമ്പോൾ ഇയാൾ ജോർജ്ജിയയിൽ താമസം തുടങ്ങിയിരുന്നു. അവിടെ നിന്നും ഇയാളെ യുഎസ്സിലെത്തിച്ചു ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.