ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദർശിച്ചു, ഒരിക്കൽ പോലും വിമാനത്തിൽ കയറിയില്ല

Published : Aug 02, 2023, 10:20 PM IST
ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദർശിച്ചു, ഒരിക്കൽ പോലും വിമാനത്തിൽ കയറിയില്ല

Synopsis

തോർ തിരികെ എത്തിയപ്പോൾ സ്വീകരിക്കാനായി കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളും ഫോളോവേഴ്സും അടക്കം അനേകം പേർ എത്തിയിരുന്നു.

ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദർശിക്കാൻ സാധിക്കുക എന്നത് ഒരു ഭാ​ഗ്യമാണ് അല്ലേ? 44 വയസുള്ള ഒരു ഡാനിഷുകാരന് അത് സാധിച്ചു. പക്ഷേ, ഒരിക്കൽ പോലും അയാൾ വിമാനത്തിൽ യാത്ര ചെയ്തിട്ടില്ല. പകരം കാർ, ബസ്, ട്രെയിൻ, കണ്ടെയ്നർ കപ്പൽ എന്നിവയിലായിരുന്നു തോർ പെഡേഴ്സൺ തന്റെ യാത്രകളത്രയും നടത്തിയത്. 10 വർഷം കൊണ്ടാണ് തോർ എല്ലാ രാജ്യങ്ങളും സന്ദർശിച്ചത്. 

എല്ലാ രാജ്യങ്ങളും സന്ദർശിച്ച ശേഷം കഴിഞ്ഞയാഴ്ചയാണ് തോർ സ്വന്തം രാജ്യമായ ഡെൻമാർക്കിൽ തിരികെ എത്തിയത്. തിരികെ എത്തിയ ശേഷം തന്റെ ഇൻസ്റ്റ​ഗ്രാമിൽ അതുമായി ബന്ധപ്പെട്ട പോസ്റ്റും അദ്ദേഹം പങ്ക് വച്ചു. അതിൽ, 'പറക്കാതെ തന്നെ ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദർശിക്കുന്ന ആദ്യത്തെ ആളാക്കി എന്നെ മാറ്റിയ നിങ്ങളുടെ അചഞ്ചലമായ പിന്തുണയ്ക്ക് നന്ദി. അവസാന രാജ്യമായ മാലിദ്വീപിൽ എത്തിയപ്പോൾ തന്നെ പ്രൊജക്ട് വിജയകരമായിരുന്നു. ഇന്ന് ഡെൻമാർക്കിൽ തിരികെ എത്തിയപ്പോൾ ആ യാത്ര പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു' എന്നും അതിൽ കുറിച്ചിരുന്നു.

തോർ തിരികെ എത്തിയപ്പോൾ സ്വീകരിക്കാനായി കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളും ഫോളോവേഴ്സും അടക്കം അനേകം പേർ എത്തിയിരുന്നു. സ്നേഹവും ആലിം​ഗനവും സമ്മാനങ്ങളും കൊണ്ട് താനാകെ കീഴടങ്ങിപ്പോയി എന്നും അദ്ദേഹം പറഞ്ഞു. ഒപ്പം ആ യാത്ര സാധ്യമാക്കാൻ സഹായിച്ചവർക്കൊക്കെ നന്ദിയും അറിയിച്ചിട്ടുണ്ട്. 

ബിബിസി പറയുന്നതനുസരിച്ച്, 2013 -ലാണ് തോർ തന്റെ യാത്ര ആരംഭിച്ചത്. എല്ലാ രാജ്യങ്ങളിലൂടെയും സഞ്ചരിക്കുന്നതിന് വേണ്ടി 3,512 ദിവസമെടുത്തതായും അദ്ദേഹം ബിബിസിയോട് പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നത് 195 രാജ്യങ്ങളാണ്. ആ രാജ്യങ്ങളും തർക്കത്തിലുള്ള സ്ഥലങ്ങളും സന്ദർശിച്ചു എന്നും തോർ ബിബിസിയോട് പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ