കറിക്ക് നിറവ്യത്യാസം, രുചിച്ചപ്പോൾ നാവ് മരവിച്ചു, വിഷം ചേർത്ത സഹപ്രവർത്തകയ്‍ക്കെതിരെ കേസ്

Published : Oct 15, 2026, 08:50 PM IST
curry

Synopsis

ഈ രണ്ട് സ്ത്രീകളും തമ്മിൽ വ്യക്തിപരമായ ബന്ധമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ പ്രതിയുടെ പേരുവിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പെർത്തിൽ സഹപ്രവർത്തകയുടെ കറിയിൽ ഒച്ചുകളെ നശിപ്പിക്കുന്ന വിഷം കലർത്തി 43 -കാരിയായ ഓസ്ട്രേലിയക്കാരി. ഇവർക്കെതിരെ പൊലീസ് പിന്നീട് കേസെടുത്തു. വെസ്റ്റേൺ ഓസ്ട്രേലിയയിലാണ് കഴിഞ്ഞ ഫെബ്രുവരി 12 -ന് സംഭവം നടന്നത്. 58 -കാരിയായ ജീവനക്കാരി താൻ വീട്ടിൽ നിന്ന് കൊണ്ടുവന്ന കറി രാവിലത്തെ ടീ ബ്രേക്കിൽ മറ്റ് സഹപ്രവർത്തകർക്ക് കഴിക്കാനായി നൽകി. അപ്പോൾ ആർക്കും പ്രശ്നമൊന്നുമുണ്ടായില്ല. ഇതിനുശേഷം പ്രതി സ്റ്റാഫ് റൂമിൽ ചെല്ലുകയും അവിടെ സൂക്ഷിച്ചിരുന്ന ഇതേ കറിയിൽ വിഷം കലർത്തുകയുമായിരുന്നു. ഇതിനായി പ്രതി സമീപത്തെ കെമിക്കൽ സ്‌റ്റോറേജ് ഷെഡിൽ പോയിരുന്നതായും പൊലീസ് കണ്ടെത്തി.

ഉച്ചഭക്ഷണ സമയത്ത് 58 -കാരി കറിയുടെ പാത്രം തുറന്നപ്പോഴാണ് അതിൽ പച്ച നിറത്തിലുള്ള തരികൾ ശ്രദ്ധയിൽപ്പെട്ടത്. ഭക്ഷണം രുചിച്ചയുടൻ തന്നെ ഇവരുടെ നാവ് മരവിക്കുകയും തരിപ്പ് അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് ഇവർ കറി പോലീസിന് കൈമാറുകയായിരുന്നു.

പൊലീസ് നടത്തിയ പരിശോധനയിൽ കറിയിൽ ചേർത്തത് ഒച്ചുകളെ കൊല്ലാൻ ഉപയോഗിക്കുന്ന മെറ്റൽഡിഹൈഡ് അടങ്ങിയ വിഷഗുളികയാണെന്ന് വ്യക്തമായി. ഒക്ടോബർ 8 -നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാളുടെ ജീവൻ തന്നെ അപകടപ്പെടുത്താൻ ഉദ്ദേശിച്ചുള്ള കുറ്റകൃത്യത്തിന് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. നവംബർ 5 -ന് പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഈ രണ്ട് സ്ത്രീകളും തമ്മിൽ വ്യക്തിപരമായ ബന്ധമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ പ്രതിയുടെ പേരുവിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

‌മെറ്റൽഡിഹൈഡ്

ചെടികളും വിളകളും നശിപ്പിക്കുന്ന ഒച്ചുകളെയും മറ്റും നശിപ്പിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ഒരു രാസവസ്തുവാണ് മെറ്റൽഡിഹൈഡ്. ഇത് മനുഷ്യരിലോ മൃഗങ്ങളിലോ ഉള്ളിൽ ചെന്നാൽ അതീവ അപകടകരമാണ്. തലകറക്കം, ഛർദ്ദി, വയറുവേദന, അമിതമായ ഉമിനീര് എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. വിഷബാധ കടുത്തതായാൽ നാഡീവ്യൂഹത്തെ ബാധിച്ച് പേശിവലിവ്, വിറയൽ, അസാധാരണമായ പനി, അപസ്മാരം, കോമ, അല്ലെങ്കിൽ മരണം വരെ സംഭവിക്കാം.

PREV
Read more Articles on
click me!

Recommended Stories

യുവതിയെ പിന്തുടർന്ന് ശല്ല്യം ചെയ്തു, ഭീഷണിപ്പെടുത്തി, ഇന്ത്യൻ വംശജനായ സര്‍ക്കാരുദ്യോഗസ്ഥന്‍റെ ജാമ്യാപേക്ഷ തള്ളി
'എന്റെ മുഖം ഇങ്ങനെയാണ്'; ബിയർ കുടിക്കുന്ന വീഡിയോ വൈറലായതോടെ മറുപടിയുമായി സക്കർബർഗ്