
ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളാണ് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഫുഡ് ഡെലിവറി ആപ്പായ ഫുഡ് പാണ്ട ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തി 11000 രൂപ തട്ടിയെടുത്തു എന്ന് യുവതിയുടെ ആരോപണം. ഒരു ട്വിറ്റർ ഉപയോക്താവ് ആണ് തന്റെ സുഹൃത്തിന് ഓൺലൈൻ തട്ടിപ്പിലൂടെ 11000 രൂപ നഷ്ടമായതുമായി ബന്ധപ്പെട്ട വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
'നഹിൻ ഹോ പാ രഹാ അബ്' എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ട് ഉടമയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ തന്റെ ട്വിറ്റർ പേജിലൂടെ പങ്കുവെച്ചത്. അഞ്ച് മിനിറ്റിൽ മൂന്ന് വ്യത്യസ്ത ഇടപാടുകൾ തന്റെ സുഹൃത്തിന്റെ അക്കൗണ്ടിൽ നടന്നതായുള്ള നോട്ടിഫിക്കേഷൻ വന്നെന്നും തൊട്ടു പിന്നാലെ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഫുഡ് പാണ്ട ആപ്പിലൂടെ 11000 രൂപ അക്കൗണ്ടിൽ നിന്നു പിൻവലിച്ചതായി അറിയുന്നതെന്നുമാണ് ഇവർ ആരോപിക്കുന്നത്.
ഫുഡ് പാണ്ട ആപ്പുമായി മൂന്ന് ബാങ്ക് അക്കൗണ്ടുകൾ തന്റെ സുഹൃത്ത് ലിങ്ക് ചെയ്തിരുന്നുവെന്നും രണ്ടെണ്ണത്തിൽ സീറോ ബാലൻസ് ആയിരുന്നെന്നും മൂന്നാമത്തെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായതെന്നും ഇവർ പറയുന്നു. എന്നാൽ സീറോ ബാലൻസ് അക്കൗണ്ടുകളിൽ നിന്നും പണം മോഷ്ടിക്കാൻ ശ്രമം നടത്തിയിരുന്നു എന്ന് തെളിയിക്കുന്ന നോട്ടിഫിക്കേഷനുകൾ തങ്ങൾക്ക് ലഭിച്ചിരുന്നുവെന്നും ഇവർ കൂട്ടിച്ചേർത്തു.
കൂടാതെ പണം നഷ്ടമായ ഉടൻ തന്നെ ആപ്പിൽ നിന്നും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നീക്കം ചെയ്യാൻ ശ്രമം നടത്തിയെങ്കിലും അതിനു മുൻപേ ആപ്പ് തന്റെ അക്കൗണ്ട് ഒഴിവാക്കുകയും ആപ്പ് ഉപയോഗിക്കാനുള്ള അനുമതി നിഷേധിക്കുകയും ചെയ്തുവെന്നാണ് ഇവർ ആരോപിക്കുന്നത്. പണം നഷ്ടമായതിന്റെ വിവരങ്ങൾ കാണിക്കുന്ന സ്ക്രീൻ ഷോട്ടുകളും ഇവർ പങ്കുവെച്ചിട്ടുണ്ട്.
അതേ സമയം ഇത് അബദ്ധത്തില്‍ സംഭവിച്ചാതാകാമെന്നും എത്രയും പെട്ടെന്ന് തന്നെ ഇതേ കുറിച്ച് അന്വേഷിച്ച ശേഷം വേണ്ടത് ചെയ്യാമെന്നും ഫുഡ് പാണ്ട ട്വീറ്റില്‍ മറുപടി നല്‍കി. ഫുഡ് പാണ്ട സംഭവിച്ചതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.