
ആഫ്രിക്കൻ വംശജയായ സഹോദരിയെ തടാകത്തിന്റെ ഡോക്കിലേക്ക് കയറാൻ യുവാവ് അനുവദിച്ചില്ല, വംശീയ വിവേചനം ആരോപിച്ച് യുവതി. ടിക്ടോക്കിലാണ് യുവതി വീഡിയോ ഷെയർ ചെയ്തത്. അത് പിന്നീട് വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലും വൈറലായി. തന്റെ സഹോദരി വെള്ളത്തിൽ നിന്നും കയറാൻ നോക്കവെ തടാകത്തിന്റെ ഡോക്കിലേക്ക് കയറാൻ വച്ച കോണി ഇയാൾ എടുത്തു മാറ്റിയതായിട്ടാണ് യുവതി പറയുന്നത്. ഇയാൾ നേരത്തെ മറ്റ് കുട്ടികളെ ഡോക്കിലേക്ക് കോണി വഴി കയറാൻ അനുവദിച്ചിരുന്നു. എന്നാൽ, തന്റെ സഹോദരി വെള്ളത്തിൽ നിന്നും കയറാൻ ശ്രമിച്ചപ്പോൾ ആ കോണി എടുത്ത് മാറ്റുകയായിരുന്നു എന്നാണ് ആരോപണം.
തടാകത്തിലെ ഓളങ്ങളും അതുവഴി കടന്നുപോയ ബോട്ടുകളും കാരണം സഹോദരി വെള്ളത്തിൽ താഴ്ന്നുകൊണ്ടിരിക്കുകയായിരുന്നു. അവൾക്ക് ശ്വാസമെടുക്കാൻ കഴിഞ്ഞിരുന്നില്ല. അവൾ സഹായത്തിന് വേണ്ടി കരഞ്ഞുവിളിക്കുന്നുണ്ടായിരുന്നു. ഡോക്കിലെ പായലും മറ്റും കാരണം അവൾക്ക് കാലുകുത്താൻ പോലും കഴിഞ്ഞിരുന്നില്ല. എന്നാൽ കോണിയിൽ കയറാൻ കെവിൻ എന്ന യുവാവ് അനുവദിച്ചില്ല. അങ്ങനെ അവൾ വെള്ളത്തിലേക്ക് തന്നെ വീഴുകയായിരുന്നു എന്നാണ് യുവതി പറയുന്നത്.
താൻ ആ സമയത്ത് അങ്ങോട്ട് ചെല്ലുകയും അവളെ എങ്ങനെയൊക്കെയോ വലിച്ച് കയറ്റുകയും ആയിരുന്നു. ആ സമയത്ത് താനങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ സഹോദരിക്ക് ജീവനുണ്ടാകുമായിരുന്നില്ല എന്നാണ് യുവതി പറയുന്നത്.
വീഡിയോ ടിക്ടോക്കിൽ വൈറലായി മാറിയതിന് പിന്നാലെ നിരവധിപ്പേരാണ് യുവാവിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. പെൺകുട്ടിയോട് വിവേചനം കാണിച്ചു, ഇയാൾ മനപ്പൂർവം അവളെ മാത്രം സഹായിക്കാതിരുന്നതാണ് എന്നാണ് പ്രധാനമായും വരുന്ന ആരോപണം. ഇപ്പോഴും വംശീയത നിലനിൽക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഈ സംഭവമെന്നും പലരും അഭിപ്രായപ്പെട്ടു. അതേസമയം, ഇതിൽ വംശീയത ഇല്ല, അത് യുവാവ് കൊണ്ടുവന്ന കോണിയാണ്. അയാൾ അത് എടുത്തുകൊണ്ടുപോകുന്നു എന്നേയുള്ളൂ എന്നാണ് മറ്റ് ചിലർ കമന്റ് നൽകിയത്.