
തട്ടിക്കൊണ്ടുപോകൽ നാടകങ്ങൾ നാം സിനിമകളിലും വാർത്തകളിലും അനേകം കണ്ടിട്ടുണ്ട്. അതുപോലെ സൗത്ത് ആഫ്രിക്കയിൽ ഇന്ത്യൻ വംശജയായ യുവതി തന്നെ തട്ടിക്കൊണ്ടുപോയതായി നാടകം കളിച്ചു. ഭർത്താവിന്റെ കയ്യിൽ നിന്നും പണം തട്ടുന്നതിന് വേണ്ടിയാണ് യുവതി ഇത്തരത്തിൽ ഒരു നാടകം കളിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ഏകദേശം 90 ലക്ഷം രൂപയാണ് യുവതിയെ തട്ടിക്കൊണ്ടുപോയി എന്ന് അവകാശപ്പെട്ടയാൾ യുവതിയുടെ ഭർത്താവിനോട് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്.
അന്വേഷണ ഉദ്യോഗസ്ഥർ ദക്ഷിണാഫ്രിക്കയിലെ പീറ്റർമാരിറ്റ്‌സ്ബർഗ് നഗരത്തിലെ ഒരു ഹോട്ടൽ മുറിയിൽ നിന്നാണ് 41 -കാരിയായ യുവതിയെ കണ്ടെത്തിയത്. ഫിറോസ ബീ ബീ ജോസഫ് എന്ന സ്ത്രീയാണ് അറസ്റ്റിലായത്. പിന്നീട്, ജൂൺ 7 ന് അടുത്ത തവണ കോടതിയിൽ ഹാജരാകുന്നതുവരെ ജാമ്യത്തിൽ വിട്ടയച്ചുവെന്നും നാഷണൽ പ്രോസിക്യൂട്ടിംഗ് അതോറിറ്റി വക്താവ് നടാഷ കാര പറഞ്ഞു.
ചൊവ്വാഴ്ചയാണ് സ്ത്രീ തട്ടിക്കൊണ്ടുപോകൽ നാടകം നടത്തി എന്ന് തെളിഞ്ഞതിനെ തുടർന്ന് അറസ്റ്റിലായത്. തിങ്കളാഴ്ചയാണ് യുവതിയുടെ ഭർത്താവിന് ഒരു ഫോൺ കോൾ ലഭിച്ചത്. അതിൽ പറഞ്ഞത് നിങ്ങളുടെ ഭാര്യയെ തങ്ങൾ തട്ടിക്കൊണ്ടു വന്നിരിക്കുകയാണ്. പറഞ്ഞ തുക തന്നാൽ മാത്രമേ മോചിപ്പിക്കൂ എന്നായിരുന്നു. 90 ലക്ഷം രൂപയായിരുന്നു വിളിച്ചയാൾ മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നത്.
പിന്നാലെ തന്നെ മറ്റൊരാളും വിളിച്ചു. പണം നൽകിയില്ലെങ്കിൽ ഭാര്യയെ കൊന്നു കളയും എന്നായിരുന്നു അതിൽ പറഞ്ഞിരുന്നത്. എന്നാൽ, ഭർത്താവ് അറിയിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. അന്വേഷണത്തിലാണ് യുവതി ഹോട്ടൽ മുറിയിൽ ഉള്ളതായി കണ്ടെത്തുന്നത്. മറ്റൊരു പേരിലായിരുന്നു യുവതി റൂം എടുത്തിരുന്നത്. ഒപ്പം തന്നെ അവളുടെ ആഭരണങ്ങളും അവളുടെ കയ്യിൽ ഉണ്ടായിരുന്നു. യുവതി പറഞ്ഞിരുന്നത് അത് തട്ടിക്കൊണ്ടുപോയവർ കൈവശപ്പെടുത്തിയിരുന്നു എന്നാണ്.
ഏതായാലും വിശദമായ അന്വേഷണത്തിൽ തട്ടിക്കൊണ്ടുപോകൽ നാടകം യുവതി തന്നെ ആസൂത്രണം ചെയ്യുകയായിരുന്നു എന്നാണ് കണ്ടെത്തിയത്.