
ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും രാജിവച്ച് പോകണം എന്ന് ഒരുവട്ടമെങ്കിലും ചിന്തിച്ച് പോയവരായിരിക്കും നമ്മളിൽ പലരും. എന്നാൽ, ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് നമ്മുടെ അനുമതിയില്ലാതെ ആരെങ്കിലും നമ്മുടെ രാജിക്കത്ത് കമ്പനിയിലേക്ക് മെയിലയക്കുകയും നമ്മുടെ ജോലി നഷ്ടപ്പെടുകയും ചെയ്താൽ എന്താവും അവസ്ഥ? നമുക്ക് അത് താങ്ങാനാവില്ല അല്ലേ? ആ രാജിക്കത്ത് അയച്ചവനെ കയ്യിൽ കിട്ടിയാൽ കൊന്നുകളയാനുള്ള ദേഷ്യവും നമുക്കുണ്ടാവും. അത് തന്നെയാണ് ചൈനയിൽ നിന്നുള്ള ഈ യുവതിയുടെ കാര്യത്തിലും സംഭവിച്ചത്. എന്നാൽ, ഈ കഥയിലെ വില്ലൻ ഒരു പൂച്ചയാണ് എന്നാണ് യുവതി പറയുന്നത്.
25 -കാരിയായ യുവതി കഴിയുന്നത് തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്‌കിംഗ് എന്ന സ്ഥലത്താണ്. ഒമ്പത് പൂച്ചകളും യുവതിക്കൊപ്പം ആ വീട്ടിൽ കഴിയുന്നുണ്ട്. ഈ ജോലി വിടണം എന്ന് യുവതിക്ക് ആഗ്രഹം ഉണ്ടായിരുന്നു. അതിനാൽ, അവർ ഒരു രാജിക്കത്തും തയ്യാറാക്കിയിരുന്നു. എന്നാൽ, തന്റെ പൂച്ചകളെ വളർത്താനും പരിചരിക്കാനും ആവശ്യമായ പണം വേണം എന്നുള്ളതുകൊണ്ട് തന്നെ യുവതിക്ക് ആ ജോലി വിടാനാവുമായിരുന്നില്ല. അങ്ങനെ രാജിക്കത്ത് അയക്കാതിരിക്കാനും ജോലി തുടരാനും യുവതി തീരുമാനിച്ചു.
എന്നാൽ, രാജിക്കത്ത് ടൈപ്പ് ചെയ്ത് വച്ചിരുന്ന ലാപ്ടോപ്പിലേക്ക് പൂച്ചകളിലൊന്ന് ചാടിക്കയറി എന്റർ ബട്ടണിൽ അറിയാതെ അമർത്തി. അപ്പോൾ രാജിക്കത്ത് സെൻഡ് ആയിപ്പോയി എന്നും തനിക്ക് ജോലി നഷ്ടപ്പെട്ടു എന്നുമാണ് യുവതി പറയുന്നത്. ഈ അവിശ്വസനീയമായ സംഭവം തന്റെ വീട്ടിലെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് എന്നും യുവതി പറയുന്നു.
എന്തായാലും, ഉടനെ തന്നെ യുവതി ബോസിനെ വിളിച്ചുവെന്നും കാര്യം പറഞ്ഞുവെന്നും പറയുന്നു. എന്നാൽ, ബോസ് ഇതൊന്നും കേൾക്കാൻ തയ്യാറായില്ല. അവളുടെ രാജിക്കത്ത് സ്വീകരിക്കുകയും ചെയ്തു. മാത്രമല്ല അവളുടെ വർഷാവസാനം കിട്ടാനുള്ള ബോണസും അവൾക്ക് കിട്ടിയില്ലത്രെ. എന്തായാലും, യുവതിയുടെ അനുഭവം ഇപ്പോൾ ചൈനയിലെ സോഷ്യൽ മീഡിയയിൽ വൈറലാണ്. തനിക്ക് ഇപ്പോൾ തന്റെ പൂച്ചകളെ പോറ്റാനുള്ള പണം ഇല്ലെന്നാണ് യുവതി പറയുന്നത്.