
നിരവധി വ്യത്യസ്തങ്ങളായ വീഡിയോകൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതിൽ പൊതുബോധത്തെ കുറിച്ചും ശുചിത്വത്തെ കുറിച്ചുമൊക്കെയുള്ള പോസ്റ്റുകൾ ചർച്ച ചെയ്യപ്പെടാറുണ്ട്. മിക്കവാറും പൊതുവിടങ്ങളില്‍ എങ്ങനെ പെരുമാറാം, അതുപോലെ എങ്ങനെ പരിസരം ശുചിയായി സൂക്ഷിക്കാം തുടങ്ങിയ ചര്‍ച്ചകളാണ് ഇതുമായി ബന്ധപ്പെട്ട് നടക്കാറ്. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. വീഡിയോ എക്സിൽ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത് Social awareness എന്ന യൂസറാണ്. ഒരു റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്നുമാണ് വീഡിയോ പകർത്തിയിരിക്കുന്നത്.
വീഡിയോയിൽ പ്ലാറ്റ്‍ഫോമിൽ നിർത്തിയിട്ടിരിക്കുന്ന ഒരു ട്രെയിൻ കാണാം. ആ ട്രെയിനിലെ യാത്രക്കാരിയെന്ന് കരുതാവുന്ന ഒരു യുവതിയെ ജനാലയ്ക്ക് പുറത്തായി കാണാം. അവളുടെ കയ്യിൽ ഒരു കുപ്പി വെള്ളവും ഒരു ടിഷ്യൂപേപ്പറും ഉണ്ട്. വെള്ളവും ടിഷ്യൂപേപ്പറും ഉപയോഗിച്ച് പൊടിപിടിച്ചിരിക്കുന്ന ട്രെയിൻ വിൻഡോ യുവതി തുടച്ച് വൃത്തിയാക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുക. നല്ല വൃത്തിയാക്കിയ ശേഷം ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും നോക്കുന്ന യുവതിയെയും കാണാം. എന്നാൽ, വിരോധാഭാസം എന്ന് പറയട്ടെ വിൻഡോ തുടക്കാനുപയോഗിച്ച ടിഷ്യൂ പേപ്പറും വെള്ളമുണ്ടായിരുന്ന കുപ്പിയും പാളത്തിലേക്ക് വലിച്ചെറിയുന്നതാണ് പിന്നെ കാണുന്നത്.
വീഡിയോ കണ്ടതോടെ ഇത് വിരോധാഭാസമാണ് എന്നും നല്ല പൊതുബോധം തന്നെ എന്നും ആളുകൾ കമന്റ് നൽകി. ഇത് റീലിന് വേണ്ടി ചെയ്തതായിരിക്കും എന്നാണ് മറ്റുള്ളവർ പറഞ്ഞത്. വലിയ ട്രോളുകളാണ് വീഡിയോയ്ക്ക് ഏറ്റുവാങ്ങേണ്ടി വരുന്നത്. ഒരേ സമയം തന്നെ വൃത്തിയാക്കുകയും അതേസമയം തന്നെ വൃത്തികേടാക്കുകയും ചെയ്യുന്നത് എന്ത് തരം വിരോധാഭാസമാണ് എന്നും ആളുകൾ ചോദിച്ചു. റീലുകളുടെ കാലത്ത് ഇതെല്ലാം കാണേണ്ടി വരും എന്ന് അഭിപ്രായപ്പെട്ടവരും ഉണ്ട്. എന്തായാലും വീഡിയോ വൈറലായി മാറിയിരിക്കയാണ്.