
ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ വിഷപ്പാമ്പിന്റെ കടിയേറ്റ് സ്ത്രീ മരിച്ചു. രാത്രി ഉറങ്ങുമ്പോൾ തലയിണക്കടിയിൽ ഉണ്ടായിരുന്ന പാമ്പിൻ്റെ കടിയേറ്റാണ് ഇവർ മരണപ്പെട്ടത്. കടിയേറ്റതിനുശേഷം തലയിണക്കടിയിൽ നിന്നും പിടികൂടിയ പാമ്പിനെ ഒരു പാത്രത്തിലാക്കി വീട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തി. പക്ഷേ അപ്പോഴേക്കും ഇവരുടെ നില ഗുരുതരമായിരുന്നു. തുടർന്ന് ലക്നൗവിലെ മറ്റൊരു ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
റിപ്പോർട്ടുകൾ പ്രകാരം ബൗണ്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന അംബ്വ തിതാർപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഉറങ്ങിക്കിടക്കുമ്പോഴാണ് സോഫിയയെ വിഷപ്പാമ്പ് കടിച്ചത്. കാഴ്ചയിൽ ചെറിയ പാമ്പ് ആണെങ്കിലും ആത്യുഗ്ര വിഷമുള്ള പാമ്പാണ് ഇതെന്നാണ് വിദഗ്ധർ പറയുന്നത്. ബുധനാഴ്ച വെളുപ്പിന് മൂന്നുമണിയോടെയാണ് യുവതിക്ക് പാമ്പുകടിയേറ്റത്. പാമ്പുകടിയേറ്റതും വേദന കൊണ്ട് പുളഞ്ഞ ഇവർ ഉച്ചത്തിൽ നിലവിളിക്കുകയായിരുന്നു. നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാർ മുറിയിൽ നടത്തിയ പരിശോധനയിലാണ് തലയിണക്കടിയിൽ ഒളിച്ചിരിക്കുന്ന പാമ്പിനെ കണ്ടെത്തിയത്.
തുടർന്ന് അവർ അതിനെ പിടികൂടി ഒരു പാത്രത്തിലാക്കി. ശേഷം സോഫിയയുമായി ആശുപത്രിയിലേക്ക് പുറപ്പെട്ടു. കടിച്ച പാമ്പ് ഏതാണെന്ന് ആശുപത്രി അധികൃതർക്ക് വേഗത്തിൽ തിരിച്ചറിയുന്നതിനും ചികിത്സാ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനും ആയിരുന്നു ഇവർ ആശുപത്രിയിലേക്ക് പാമ്പുമായി പോയത്. എന്നാൽ ദൗർഭാഗ്യകരം എന്ന് പറയട്ടെ ചികിത്സ ലഭ്യമാകും മുൻപേ യുവതി മരണപ്പെടുകയായിരുന്നു. ചികിത്സക്കായി ആദ്യം ബഹ്‌റൈച്ച് മെഡിക്കൽ കോളേജിലേക്കും തുടർന്ന് ലക്നൗവിലേക്കുമാണ് മാറ്റാൻ ശ്രമം നടത്തിയത്. പക്ഷേ ലക്നൗവിൽ എത്തും മുൻപേ സോഫിയ മരണത്തിനു കീഴടങ്ങി.