
നമ്മുടെ രണ്ട് തലമുറകൾക്ക് മുമ്പ് നോക്കിയാൽ മിക്കവാറും ആളുകൾക്ക് അഞ്ചും പത്തും അതിലേറെയും ഒക്കെ കുട്ടികൾ ഉണ്ടാവും. എന്നാൽ, അത് പിന്നീട് കുറഞ്ഞു കുറഞ്ഞു വന്നു. ഇന്ന് പലരും ഒന്നോ രണ്ടോ കുട്ടികൾ മാത്രം മതി എന്ന് തീരുമാനിക്കുന്നവരാണ്. കുട്ടികളേ വേണ്ട എന്ന് തീരുമാനിക്കുന്ന ദമ്പതികളും പല രാജ്യങ്ങളിലും ഉണ്ട്. ജീവിതച്ചെലവുകൾ ഉയരുന്നതും മാറുന്ന സാഹചര്യവും എല്ലാം അതിന് കാരണമായിത്തീരുന്നു. എന്നാൽ, അതേ സമയത്ത് തന്നെ ഒരുപാട് കുട്ടികൾ ഉള്ള ദമ്പതികളും ഇന്നുണ്ട്. സോഷ്യൽ മീഡിയയിൽ പലപ്പോഴും ഇത്തരം ദമ്പതികൾ വലിയ ഹിറ്റാണ്.
അങ്ങനെ ഒരാളാണ് ക്ലോയി. ഓസ്ട്രേലിയയിൽ നിന്നുമുള്ള ക്ലോയിക്ക് നിലവിൽ തന്നെ ഒമ്പത് മക്കളുണ്ട്. പത്താമത്തെ കുട്ടിക്ക് ജന്മം നൽകാൻ തയ്യാറെടുക്കുകയാണ് ഇപ്പോൾ ക്ലോയി. സോഷ്യൽ മീഡിയയിലൂടെ അവർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വീഡിയോയിൽ ക്ലോയിയും ഭർത്താവും തങ്ങളുടെ ഒമ്പത് മക്കളുമായി നിൽക്കുന്നത് കാണാം. പിന്നീട് അവർ താൻ പത്താമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്ന വിവരം അറിയിക്കുകയാണ്. എന്നാൽ, ഒരുപാട് ഫോളോവേഴ്സുള്ള ക്ലോയിക്ക് വിവിധ തരത്തിലുള്ള പ്രതികരണങ്ങളാണ് ഈ വിഷയത്തിൽ നേരിടേണ്ടി വന്നത്.
ഒരുപാട് പേർ അവളെ അഭിനന്ദിച്ചപ്പോൾ മറ്റ് പലരും അവളെ വിമർശിച്ചു. ഇത്രയധികം കുട്ടികളുണ്ടായാൽ ഓരോരുത്തർക്കും വേണ്ട പരിഗണന കിട്ടില്ല എന്ന് പലരും അഭിപ്രായപ്പെട്ടു. മൂത്ത കുട്ടികളായിരിക്കും പലപ്പോഴും ഇളയ കുട്ടികളെ നോക്കേണ്ടി വരുന്നത് എന്നായിരുന്നു ചിലരുടെ അഭിപ്രായം. എന്നാൽ, മറ്റ് ചിലർ ഇതൊക്കെ ഒരോരുത്തരുടെ സ്വകാര്യതയും തിരഞ്ഞെടുപ്പും ആണ് അതിൽ മറ്റുള്ളവർ കൂടുതൽ അഭിപ്രായം പറയേണ്ടതില്ല എന്ന അഭിപ്രായക്കാരായിരുന്നു.