
കേരളത്തിൽ ആളുകൾ മിക്കവാറും വലിയ വലിയ വീടുകൾ വയ്ക്കാൻ ഇഷ്ടപ്പെടുന്നവരാണ്. മൂന്നോ നാലോ പേരേ ഉള്ളൂവെങ്കിലും വലിയ വീട് വയ്ക്കുന്ന അനവധി ആളുകളെ കാണാം. അതുപോലെ, ലോകത്ത് പലയിടങ്ങളിലും ആളുകൾ വലിയ വാടക കൊടുത്താണ് കഴിയുന്നത്. എന്നാൽ, അത്തരത്തിലുള്ള വലിയ വീടുപേക്ഷിച്ച്, വളരെ അത്യാവശ്യമുള്ള വസ്തുക്കൾ മാത്രമായി കുഞ്ഞുവീട്ടിലേക്ക് താമസം മാറുന്നവരും ഇന്നുണ്ട്.
അതിൽപെട്ട ഒരാളാണ് ന്യൂജെഴ്സിക്കാരിയായ കാരി കൂപ്പർ. 850 സ്ക്വയർഫീറ്റിലുള്ള തന്റെ വീടുപേക്ഷിച്ച് ഉരു കുഞ്ഞ് വീട്ടിലേക്ക് താമസം മാറുകയാണ് കാരി ചെയ്തത്. ജീവിതച്ചെലവ് കണ്ടമാനം കൂടുന്നതും വർധിച്ച് വരുന്ന വാടകയുമാണ് പെട്ടെന്ന് ഇങ്ങനെ ഒരു മാറ്റത്തിന് കാരി കൂപ്പറിനെ പ്രചോദിപ്പിച്ചത്. ഇതിലൂടെ കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കാം എന്ന വിശ്വാസവും അവർക്കുണ്ടായിരുന്നു.
കുഞ്ഞുവീട്ടിലേക്ക് മാറിയതോടെ ആ വീട്ടിൽ കൊള്ളുന്ന സാധനങ്ങൾ മാത്രമാണ് കാരി സൂക്ഷിച്ചത്. അതായത് വളരെ അത്യാവശ്യവസ്തുക്കൾ മാത്രം. അതുപോലെ തന്നെ ഇന്ന് മിക്കവരും ടെന്റ് പോലെയുള്ളവ വാഹനങ്ങളിൽ കരുതുകയും അതുമായി യാത്ര ചെയ്ത് വിവിധ ഇടങ്ങളിൽ താമസിക്കുകയും ചെയ്യുന്നവരുണ്ട്. കാരിയും അത്തരത്തിലൊന്ന് തന്റെ കാറിനുള്ളിൽ കരുതിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എവിടെയെങ്കിലും പോകണമെന്ന് തോന്നിയാൽ അതുമായി പോവുകയും വിവിധ സ്ഥലങ്ങളിൽ താമസിക്കുകയും ചെയ്യുന്നു.
തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ കാരിക്ക് മറ്റുള്ളവരോട് പറയാൻ ഉള്ളത് വെറുതെ വലിയ വലിയ വീടുകളിൽ താമസിച്ച് ചെലവ് കൂട്ടുന്നതിന് പകരം കുഞ്ഞുവീടുകളിൽ താമസിച്ച് അത്യാവശ്യം കാര്യങ്ങൾ മാത്രമായി ജീവിക്കൂ, അത് സന്തോഷം തരും എന്നാണ്. ന്യൂജെഴ്സിയിൽ ഒരു വലിയ വീടിന് വാടക ഏകദേശം ഒരുലക്ഷം രൂപയാണ്. അതേ സമയം ഒരു കുഞ്ഞുവീടിന് 41000 രൂപ നൽകിയാൽ മതിയാവും. വെറുതെ എന്തിനാണ് അനാവശ്യമായ ചെലവുകൾ വരുത്തിവച്ച് സാമ്പത്തിക പ്രതിസന്ധിയിലാകണം എന്നാണ് കാരിയുടെ ചോദ്യം.