Latest Videos

ജോലിവാഗ്ദാനം ചെയ്ത് ബലാത്സംഗം, പീഡനം; രക്ഷപ്പെട്ടിറങ്ങിപ്പോന്ന പെൺകുട്ടി തിരികെ വീട്ടിലേക്ക് നടന്നത് 800 കിലോമീറ്റർ

By Web TeamFirst Published Jan 14, 2020, 1:37 PM IST
Highlights

ആദ്യദിവസം രാത്രിതന്നെ അയാൾ അവളെ ബലാത്സംഗം ചെയ്തു. പിന്നീടങ്ങോട്ട് അത് ഒരു പതിവായി മാറി. എതിർത്തപ്പോൾ അവളുടെ കഴുത്തിൽ കത്തിവെച്ചുകൊണ്ട് അയാൾ തന്റെ ഇംഗിതം നിറവേറ്റി. 

അയ്യായിരം രൂപ. മാസം അയ്യായിരം രൂപ ശമ്പളത്തിൽ ഒരു വീട്ടുജോലി. അതാണ് അവൾക്ക് സ്വന്തം ഗ്രാമത്തിൽ തന്നെ താമസിക്കുന്ന ഒരാൾ വാഗ്ദാനം ചെയ്തത്. വയസ്സായ അച്ഛനും അമ്മയും പൊരിവെയിലത്ത് കൂലിവേല ചെയ്തു കുടുംബം പുലർത്തിയിരുന്ന ആ വീട്ടിലെ ഏറ്റവും മുതിർന്നവളായിരുന്ന ആ പെൺകുട്ടിക്ക് അത് വളരെ നല്ലൊരു അവസരമായി തോന്നി. പറഞ്ഞതൊക്കെ വിശ്വസിച്ച് അവൾ അയാൾക്കൊപ്പം ഇറങ്ങിപ്പുറപ്പെട്ടു. അത് നാലുമാസം മുമ്പായിരുന്നു. 

ഡിസംബർ 27 -ന് അവൾ വീട്ടിലേക്ക് തിരികെ നടന്നു കയറി. അവളുടെ ദേഹമാകെ മുറിപ്പാടുകളായിരുന്നു. അവിടവിടെ തല്ലുകൊണ്ട് വീങ്ങിയിട്ടുണ്ടായിരുന്നു. ജോലിക്കെന്നപേരിൽ ഗ്രാമത്തിൽ നിന്ന് കൂട്ടിക്കൊണ്ടുപോയി ആ നരാധമൻ ആ പത്തൊൻപതുകാരിയെ ചതിക്കുകയായിരുന്നു. ദില്ലിയിലെ മിഷനറി സൊസൈറ്റിയിൽ ജോലിക്കെന്നും പറഞ്ഞുകൊണ്ട് കൂട്ടിക്കൊണ്ടുപോയ അവളെ അയാൾ ഓൾഡ് ദില്ലിയിലെ ഒരാൾക്ക് വിറ്റിട്ട് കടന്നുകളഞ്ഞു. ആ മഹാനഗരത്തിൽ ഒരാളെപ്പോലും പരിചയമില്ലാതെ അവൾ കുടുങ്ങി. ഭാഷപോലും വശമില്ലാത്ത അവൾ എവിടെപ്പോകാനാണ്? ആരോട് സഹായം തേടാനാണ്? അയാളുടെ ഓഫീസിലായിരുന്നു പകൽ ജോലി. തൂത്തുതുടയ്ക്കണം, ചായയിടണം, അവിടുള്ള സകല ജോലികളും ചെയ്യണം. ആദ്യദിവസം രാത്രി തന്നെ അയാൾ അവളെ ബലാത്സംഗം ചെയ്തു. പിന്നീടങ്ങോട്ട് അത് ഒരു പതിവായി മാറി. എതിർത്തപ്പോൾ അവളുടെ കഴുത്തിൽ കത്തിവെച്ചുകൊണ്ട് അയാൾ തന്റെ ഇംഗിതം നിറവേറ്റി. അവിടന്നങ്ങോട്ട് എല്ലാദിവസങ്ങളിലും അവൾ തുടർച്ചയായി ബലാത്സംഗം ചെയ്യപ്പെട്ടു. 

ഒരു ദിവസം അയാളുടെ കൂടെ വേറെയും നാലുപേർ വന്നെത്തി. അവരും അവളെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഒരുവിധം അവരിൽ നിന്ന് കുതറിയോടി ജനലിലൂടെ പുറത്തേക്ക് എടുത്തുചാടി രക്ഷപ്പെടാൻ അവൾക്കായി. ആ സ്ഥലത്തുനിന്ന് എത്ര അകലത്തേക്ക് ഓടി രക്ഷപ്പെടാൻ പറ്റുമോ അവൾ ഓടി. കാലുകൾ കുഴഞ്ഞ് റോഡരികിൽ വീണുപോകും വരെ അവൾ ഓടി. ഒടുവിൽ മറ്റൊരു അപരിചിതമായ പട്ടണത്തിലേക്ക് അവൾ എത്തിപ്പെട്ടു. നേരം രാത്രിയായിക്കഴിഞ്ഞിരുന്നു. അന്ന് രാത്രി ഒരു കടത്തിണ്ണയിൽ കിടന്നുറങ്ങിയ അവൾ അടുത്ത ദിവസം മുതൽ ആ അപരിചിത നഗരത്തിന്റെ തെരുവുകളിലൂടെ ഇറങ്ങി നടക്കാൻ തുടങ്ങി. റെസ്റ്റോറന്റുകളിൽ നിന്ന് ബാക്കിയായ ഭക്ഷണം ഇരന്നു വാങ്ങി അവൾ വിശപ്പടക്കി. അവളുടെ ചേഷ്ടകൾക്ക് അപ്പോഴേക്കും ഒരു ഭ്രാന്തിയുടെ ചേലുവന്നിട്ടുണ്ടായിരുന്നതിനാൽ ആരും ഒന്നും മറുത്തു പറഞ്ഞിരുന്നില്ലെന്നു മാത്രം. 

ഒന്ന് മിണ്ടാനോ സങ്കടം പറയാനോ ആരുമില്ലാത്ത ആ മഹാനഗരത്തിൽ നിന്ന് എങ്ങനെയും രക്ഷപ്പെട്ടാൽ മതി എന്നായിരുന്നു അവൾക്ക്. അങ്ങനെ അവൾ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ യാത്രയ്ക്ക് തുടക്കമിട്ടു. അങ്ങനെ റോഡിന്റെ അരികും പിടിച്ച് നടന്നുതുടങ്ങിയ അവൾ ഒടുവിൽ ആ യാത്ര അവസാനിപ്പിച്ചത് 800 കിലോമീറ്റർ അപ്പുറം എത്തിയശേഷമാണ്. ജീവനും നെഞ്ചോടടക്കിപിടിച്ചുകൊണ്ടുള്ള ഒരു ഓടി രക്ഷപ്പെടലായിരുന്നു  അത്. ദില്ലിയിൽ തുടങ്ങിയ അവളുടെ യാത്ര അവസാനിച്ചത് മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍. അവിടെയെത്തിയപ്പോഴേക്കും അവൾ ക്ഷീണം താങ്ങാതെ കുഴഞ്ഞു വീണിരുന്നു. ദിക്കുപോലും തിരിയാത്ത ഒരു മനസികാവസ്ഥയിലായിക്കഴിഞ്ഞിരുന്നു അവൾ അപ്പോഴേക്കും. ആ നഗരത്തിൽ ഇനി ഒരു നിമിഷംപോലും നിൽക്കാനാവില്ല എന്ന വേവുമാത്രം ഉണ്ടായിരുന്നു മനസ്സിൽ. പകൽ മുഴുവൻ നിർത്താതെ അവൾ നടന്നുകൊണ്ടിരുന്നു. രാത്രി കിടന്നുറങ്ങുമ്പോൾ ആരും വന്നുപദ്രവിക്കാതിരിക്കാൻ അവൾ വഴിയരികിലെ ഏതെങ്കിലും മരക്കൊമ്പിൽ കയറിക്കൂടുമായിരുന്നുവത്രെ. കുറേകഴിഞ്ഞപ്പോൾ മരം കയറാനുള്ള ആരോഗ്യം ഇല്ലാതെയായി. അതോടെ പകൽ കിട്ടുന്ന വളരെ കുറച്ചു നേരത്തെ ഒരു കുഞ്ഞുറക്കം മാത്രമായി ആകെ വിശ്രമം. 

എന്നിട്ടും അവൾ നടപ്പ് നിർത്തിയില്ല. അങ്ങനെ നടന്നു നടന്നാണ് ഒടുവിൽ സിദ്ധിയിൽ എത്തിയപ്പോൾ അവൾ ക്ഷീണം സഹിക്കവയ്യാതെ ബോധം കെട്ടുവീണത്. റോഡരികിൽ മോഹാലസ്യപ്പെട്ടു കിടന്ന ആ പെൺകുട്ടിയെ ഒടുവിൽ ആരോ പൊലീസ് സ്റ്റേഷനിലും, അവിടന്ന് ഒന്നു സ്റ്റോപ്പ് സെന്ററിലും ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു. എന്നാൽ, അവിടെയും കാര്യങ്ങൾ എളുപ്പമല്ലായിരുന്നു. അവൾ ആകെ സംസാരിച്ചിരുന്നത് സാന്താളി ഭാഷ മാത്രമായിരുന്നു. അവൾ എത്തിപ്പെട്ടിടത്തെ പൊലീസുകാർക്കാകട്ടെ ആകെ അറിയാമായിരുന്നത് ഹിന്ദിയും. ഒടുവിൽ സ്റ്റേഷൻ പരിസരത്തുതന്നെ നടത്തിയ അന്വേഷണത്തിൽ ഹിന്ദിയും സാന്താളിയും അറിയുന്ന ഒരു ഇതരസംസ്ഥാന തൊഴിലാളിയെ എത്തിച്ചാണ് പെൺകുട്ടിയുമായി സംസാരിച്ചത്. തുടർന്നാണ് പൊലീസ് സാഹിബ് ഝാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച് പൊലീസ് സ്റ്റേഷനുമായി ബന്ധപെടുന്നതും, യുവതിയെ തിരികെ നാട്ടിലെത്തിക്കാൻ വേണ്ടത് ചെയ്‌തതും. 

ആ ഗ്രാമത്തിൽ ഇത്തരത്തിലുള്ള തട്ടിപ്പുകൾ പതിവ് 

ആ പത്തൊമ്പതുകാരി അവളുടെ ഗ്രാമത്തിൽ നിന്ന് ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയായ ആദ്യത്തെ പെൺകുട്ടിയല്ല. ഇതേ വ്യക്തി തന്നെ നിരവധി പേരുടെ തിരോധനങ്ങൾക്ക് കാരണക്കാരനാണ്. വ്യക്തികൾ നേരിട്ട് നടത്തുന്ന തട്ടിപ്പുകൾക്ക് പുറമെ പ്ളേസ്മെന്റ് ഏജൻസികൾ തുറന്നും ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടത്തിതുടങ്ങിയിട്ടുണ്ട് പലരും. കഴിഞ്ഞയാഴ്ച പുറത്തുവന്ന 2018 -ലെ NCRB ഡാറ്റ പ്രകാരം, ഝാര്‍ഖണ്ഡിൽ കഴിഞ്ഞ വർഷം തട്ടിക്കൊണ്ടു പോകപ്പെട്ടത് 314 പ്രായപൂർത്തിയെത്താത്ത കുട്ടികളാണ്. റിപ്പോർട്ട് ചെയ്യപ്പെട്ട ഈ കേസുകളിൽ, 158  എണ്ണത്തിൽ കാണാതായവരെ പൊലീസ് രക്ഷിച്ചു. അതിൽ 58 എണ്ണവും നിർബന്ധിത ജോലിക്കായിട്ടാണ് കൊണ്ടുപോയത്. 18 പേർ വേശ്യാവൃത്തിക്ക് നിര്ബന്ധിതരായി. 32 പേരെ നിർബന്ധിതമായി വിവാഹം കഴിപ്പിച്ചു. ഏഴുപേരെ യാചകവൃത്തിക്ക് നിയോഗിക്കപ്പെട്ടു. ആദിവാസികൾ വനങ്ങളിൽ നിന്ന് ശേഖരിക്കുന്ന വിഭവങ്ങൾ വിൽപ്പനക്ക് വെക്കാൻ വരുന്ന ആഴ്ചച്ചന്തകൾക്കിടെയാണ് ഇത്തരത്തിലുള്ള പറഞ്ഞു മോഹിപ്പിക്കലും, തട്ടിക്കൊണ്ടു പോകലും ഒക്കെ നടക്കുന്നത്. സ്വന്തം വീട്ടിലെ ദാരിദ്ര്യവും, പട്ടിണിയും തന്നെയാണ് പ്രധാനകാരണം. 

30,000 രൂപയ്ക്ക് ഒരു പെൺകുട്ടിയെ വിലക്ക് സ്വന്തമാക്കാം എന്നതാണ് ഇപ്പോൾ ഝാര്‍ഖണ്ഡിലെ ദയനീയമായ അവസ്ഥ. സംസ്ഥാനത്ത് മനുഷ്യക്കടത്തിനെതിരായ പ്രവർത്തനങ്ങളിൽ വ്യാപൃതനായ ബൈദ്യനാഥ് കുമാർ പറയുന്നത്, "സംസ്ഥാനത്ത് നല്ലൊരു ആടിനെ വിലയ്ക്കുവാങ്ങണം എന്നുണ്ടെങ്കിൽ ചുരുങ്ങിയത് 80,000 രൂപയെങ്കിലും ചെലവിട്ടേ പറ്റൂ. എന്നാൽ, വാങ്ങേണ്ടത് പെൺകുട്ടിയെ ആണെങ്കിൽ, അതിന്റെ മൂന്നിലൊന്നു പൈസയ്ക്ക് കാര്യം നടക്കും..." എന്നാണ്.  

click me!