
അമേരിക്കയിലെ യൂട്ടാ സ്വദേശിയായ ആബി ഗിംഗ്രാസ് എന്ന യുവതി തന്റെ 112 വർഷം പഴക്കമുള്ള വീട് പുതുക്കിപ്പണിയുന്നതിനിടയിൽ അപ്രതീക്ഷിതമായി ഒരു 'നിധി' കണ്ടെത്തിയ വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അമേരിക്കയിലെ സാൾട്ട് ലേക്ക് സിറ്റിയിൽ 1913 -ൽ നിർമ്മിച്ച ഒരു പഴയ ബംഗ്ലാവ് പുതുക്കിപ്പണിയുകയായിരുന്നു ആബി ഗിംഗ്രാസും ഭർത്താവും. നിർമ്മാണച്ചെലവ് കുറയ്ക്കുന്നതിന് വേണ്ടി വീടിന്റെ ഭൂരിഭാഗം ജോലികളും അവർ തന്നെയാണ് സ്വയം ചെയ്തിരുന്നത്. ഏകദേശം 18 മാസമായി ഈ ജോലികൾ നടന്നു വരികയായിരുന്നു.
വീടിന്റെ വാതിലുകളിലെ പഴയ ലോഹപ്പിടികളും മറ്റും വൃത്തിയാക്കുന്നതിനിടയിലാണ് ആ അത്ഭുതം സംഭവിച്ചത്. വർഷങ്ങളായി പലതവണ പെയിന്റ് അടിച്ചുറച്ചുപോയ ഒരു വാതിൽപ്പിടിയുടെ പ്ലേറ്റ് മാറ്റിയപ്പോൾ, അതിനുള്ളിൽ ഒരു മോതിരം കുടുങ്ങിക്കിടക്കുന്നത് ആബി കണ്ടെത്തി. തുടക്കത്തിൽ അതൊരു വിലപിടിപ്പുള്ള സ്വർണ്ണമോതിരമാണെന്നാണ് അവർ കരുതിയത്. ചുവന്ന കല്ല് പതിപ്പിച്ച ആ മോതിരം 1920 -കളിലോ 30 -കളിലോ ആരെങ്കിലും മനഃപൂർവ്വം ഒളിപ്പിച്ചതാകാം, അല്ലെങ്കിൽ കുട്ടികൾ ആരെങ്കിലും താക്കോൽ പഴുതിലൂടെ ഇട്ടതാകാം എന്നാണ് ആബി കരുതിയത്. എന്നാൽ, പിന്നീട് ഒരു ജ്വല്ലറിയിൽ കൊണ്ടുപോയി പരിശോധിച്ചപ്പോൾ അത് യഥാർത്ഥ സ്വർണ്ണമല്ലെന്നും വിലകുറഞ്ഞ ഒരു ലോഹം കൊണ്ടുണ്ടാക്കിയതാണെന്നും മനസ്സിലായി.
സാമ്പത്തികമായി വലിയ മൂല്യമില്ലെങ്കിലും ആബിക്ക് ഈ മോതിരം ഏറെ പ്രിയപ്പെട്ടതാണ്. 112 വർഷം പഴക്കമുള്ള ആ വീടിന്റെ ചരിത്രത്തിന്റെ ഭാഗമാണ് ഈ മോതിരമെന്നാണ് അവർ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ ആ മോതിരം തന്റെ പക്കൽ സൂക്ഷിക്കാനാണ് ആബിയുടെ തീരുമാനം. ആ വീട് നവീകരിക്കുന്ന വേളയിൽ കിട്ടിയ ഏറ്റവും മനോഹരമായ ഓർമ്മയായി അവരതിനെ കാണുന്നു. തന്റെ വീടിന്റെ നവീകരണ വിശേഷങ്ങൾ പങ്കുവെക്കുന്നതിനായി ആബി തുടങ്ങിയ '@the1913bungalow' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ആബി ഈ കഥ പങ്കുവച്ചത്.