മുലായം സിങ് യാദവിനെ വിവാഹം കഴിക്കാൻ പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തി, യുവതി അറസ്റ്റിൽ

Published : Feb 09, 2023, 10:02 AM IST
മുലായം സിങ് യാദവിനെ വിവാഹം കഴിക്കാൻ പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തി, യുവതി അറസ്റ്റിൽ

Synopsis

രവ യാദവ് എന്ന പേരിൽ ഇക്ര ഒരു ആധാർ കാർഡും എടുത്തിരുന്നു. അതിൽ യാദവിനെ അവളുടെ ഭർത്താവായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഒപ്പം ഇന്ത്യൻ പാസ്പോർട്ടിന് വേണ്ടിയും അവൾ അപേക്ഷിച്ചിട്ടുണ്ട്. 

പ്രണയത്തിന്റെ പേരിൽ മനുഷ്യർ എവിടെയും സഞ്ചരിച്ചെത്തി എന്നിരിക്കും. അതിന് ദൂരമോ ദേശമോ ഒന്നും ഒരു പ്രതിസന്ധിയാവാറില്ല. എന്നാൽ, നിയമപരമായിട്ടല്ലാതെ മറ്റൊരു രാജ്യത്തേക്ക് പ്രണയവും തേടിയെത്തിയാൽ ചിലപ്പോൾ നിയമനടപടികൾ നേരിടേണ്ടി വന്നേക്കും. അതുപോലെ പാകിസ്ഥാനിൽ നിന്നുമുള്ള ഒരു പെൺകുട്ടി ബം​ഗളൂരുവിൽ അറസ്റ്റിലായി. 

എന്നാൽ, നിയമവിരുദ്ധമായി ഇന്ത്യയിലെത്തിയ പെൺകുട്ടിക്ക് ക്രിമിനൽ പശ്ചാത്തലമൊന്നും തന്നെ ഇല്ല എന്ന് പൊലീസ് വിശദീകരിച്ചു. പാകിസ്ഥാനിൽ നിന്നുമുള്ള 19 -കാരിയായ ഇക്ര ജിവാനിയാണ് ഇന്ത്യയിൽ തന്റെ പ്രണയത്തെയും തേടിയെത്തിയത്. ഉത്തർ പ്രദേശിൽ നിന്നുമുള്ള മുലായം സിങ് യാദവിനെ ഇക്ര ഒരു ഡേറ്റിം​ഗ് ആപ്പിലൂടെയാണ് പരിചയപ്പെടുന്നത്. നേപ്പാൾ അതിർത്തിയിലൂടെയാണ് യാദവിനെ കാണാൻ അവൾ ഇന്ത്യയിൽ എത്തിയത്. പിന്നീട് ഇരുവരും വിവാഹിതരായി. ശേഷം ബം​ഗളൂരുവിലെത്തി. പിന്നീട്, ബെംഗളൂരുവിലെ സർജാപൂർ റോഡിന് സമീപമുള്ള ജുന്നസാന്ദ്ര പ്രദേശത്ത് വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു ഇരുവരും. 

പാകിസ്ഥാനിലുള്ള തന്റെ അമ്മയേയും മറ്റ് കുടുംബാം​ഗങ്ങളേയും ബന്ധപ്പെടാൻ ശ്രമിച്ചതോടെയാണ് സെൻട്രൽ ഇന്റലിജൻസ് ഏജൻസി അവളെ പിന്തുടരുന്നതും ബം​ഗളൂരു പൊലീസ് എത്തി പെൺകുട്ടിയെ അറസ്റ്റ് ചെയ്യുന്നതും. ഇക്രയ്ക്കോ യാദവിനോ ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ പശ്ചാത്തലമില്ല. പ്രണയത്തിന്റെ പേരിലും പ്രണയിച്ച ആളെ വിവാഹം കഴിക്കാനും വേണ്ടി മാത്രമാണ് അവൾ നിയമവിരുദ്ധമായി ഇന്ത്യയിൽ എത്തിയത് എന്ന് പൊലീസ് വ്യക്തമാക്കി. വിവാഹശേഷം ഇക്ര തന്റെ പേര് രവ യാദവ് എന്ന് മാറ്റിയിരുന്നു. 

റിപ്പോർട്ടുകൾ പ്രകാരം ഇക്രയെ പാകിസ്ഥാനിലേക്ക് ഡീപോർട്ട് ചെയ്യും. ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിന്റെ കസ്റ്റഡിയിലാണ് പെൺകുട്ടി. എന്നാൽ, ഇക്രയ്ക്ക് പാകിസ്ഥാനിലേക്ക് പോകാൻ താല്പര്യമില്ല. മറിച്ച് ഇന്ത്യയിൽ തന്റെ ഭർത്താവിനോടൊപ്പം താമസിക്കാനാണ് ഇഷ്ടം. 

പാകിസ്ഥാൻ അധികൃതരുമായി ചേർന്നാണ് പെൺകുട്ടിയെ ഡീപോർട്ട് ചെയ്യാനുള്ള പദ്ധതി നടപ്പിലാക്കുക. രണ്ട് മാസമെങ്കിലും ഇതിനു വേണ്ടി എടുക്കും. രവ യാദവ് എന്ന പേരിൽ ഇക്ര ഒരു ആധാർ കാർഡും എടുത്തിരുന്നു. അതിൽ യാദവിനെ അവളുടെ ഭർത്താവായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഒപ്പം ഇന്ത്യൻ പാസ്പോർട്ടിന് വേണ്ടിയും അവൾ അപേക്ഷിച്ചിട്ടുണ്ട്. 

ഫോറിനേഴ്സ് ആക്ടിന്റെ വിവിധ വകുപ്പുകൾ പ്രകാരവും ഐപിസി വകുപ്പുകൾ പ്രകാരവുമാണ് ഇക്രയ്ക്കും യാദവിനും എതിരെ കേസെടുത്തിരിക്കുന്നത്. നിയമവിരുദ്ധമായി എത്തിയ ആൾക്ക് വീട് വാടകയ്ക്ക് കൊടുത്തതിന് വീട്ടുടമയ്ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ