നാലുവർഷം മുമ്പ് വിമാനയാത്രയിൽ നഷ്ടപ്പെട്ട ബാഗ് ഉടമയ്ക്ക് തിരികെ കിട്ടി; പക്ഷേ, പിന്നീട് സംഭവിച്ചത്

By Web TeamFirst Published Jan 17, 2023, 12:40 PM IST
Highlights

ഏതാനും ദിവസങ്ങൾ മുൻപ് ഗാവിനെ തേടി ഒരു ഫോൺ സന്ദേശം എത്തി. ടെക്സാസിലെ ഹൂസ്റ്റണിലെ എയർലൈൻ ഓഫീസിൽ നിന്നായിരുന്നു ആ ഫോൺ സന്ദേശം.

നമുക്ക് ഏറെ പ്രിയപ്പെട്ട ചില സാധനങ്ങൾ അപ്രതീക്ഷിതമായി നഷ്ടപ്പെട്ടു പോകുമ്പോൾ ഏറെ നിരാശയും ദേഷ്യവും ഒക്കെ തോന്നാറുണ്ട്. യാത്രക്കിടയിൽ ഒക്കെയാണ് ഇത്തരത്തിലുള്ള നഷ്ടപ്പെടലുകൾ സംഭവിക്കുന്നതെങ്കിൽ പിന്നെ പറയുകയേ വേണ്ട. ആ യാത്ര തന്നെ കുളമാകും. ഏതെങ്കിലും ഒക്കെ വിധത്തിൽ എങ്ങനെയെങ്കിലും തിരികെ കിട്ടാൻ വഴിയുണ്ടോ ഒന്ന് ശ്രമിച്ചു നോക്കിയതിനു ശേഷം തിരികെ കിട്ടില്ല എന്ന് ഉറപ്പായാൽ പിന്നെ നാം അത് ഉപേക്ഷിക്കാറാണ് പതിവ്. 

അത്തരത്തിൽ ഒരു യാത്രക്കിടയിലാണ് അമേരിക്കയിലെ ഒറിഗൺ സ്വദേശിയായ ഗാവിൻ എന്ന സ്ത്രീക്ക് അവരുടെ ബാഗ് നഷ്ടപ്പെട്ടത്. നിർഭാഗ്യകരം എന്ന് പറയട്ടെ ആ യാത്രയിൽ അവർക്ക് അത്യാവശ്യമായി വേണ്ടിയിരുന്ന എല്ലാ സാധനങ്ങളും ഉണ്ടായിരുന്നത് ആ ഒരു ബാഗിൽ ആയിരുന്നു. പക്ഷേ, ഒറിഗണിൽ നിന്ന് ചിക്കാഗോയിലേക്ക് അവർ നടത്തിയ ആ ബിസിനസ് യാത്രക്കിടയിൽ എയർലൈനിൽ വച്ച് അവരുടെ ആ ഒരു ലഗേജ് മാത്രം എവിടെയോ നഷ്ടപ്പെട്ടു. യുണൈറ്റഡ് എയർലൈൻസിൽ ആയിരുന്നു ഗാവിൻ അന്ന് യാത്ര ചെയ്തിരുന്നത്. ഗാവിൻ ചിക്കാഗോയിൽ എത്തിയെങ്കിലും ലഗേജ് എത്തിയില്ല. 

തൻറെ ലഗേജിനെ കുറിച്ച് ഒരുപാട് തവണ എയർലൈൻ ഉദ്യോഗസ്ഥരുമായി അവർ സംസാരിച്ചെങ്കിലും അങ്ങനെയൊരു ബാഗ് അവർ കണ്ടിട്ടുമില്ല അത് എവിടെ പോയി എന്ന് അവർക്ക് അറിയത്തുമില്ല. ഒടുവിൽ നിരാശയോടെ ഗാവിൻ തൻറെ ബാഗിനായുള്ള തിരച്ചിൽ അവസാനിപ്പിച്ചു. 2018 ഓഗസ്റ്റിൽ ആയിരുന്നു ഈ സംഭവം നടന്നത്. വർഷങ്ങൾ കഴിഞ്ഞു, ഗാവിൻ തൻറെ നഷ്ടപ്പെട്ടുപോയ ബാഗിനെ കുറിച്ച് മറന്നു തന്നെ പോയി.

എന്നാൽ, ഇപ്പോഴിതാ ഏതാനും ദിവസങ്ങൾ മുൻപ് ഗാവിനെ തേടി ഒരു ഫോൺ സന്ദേശം എത്തി. ടെക്സാസിലെ ഹൂസ്റ്റണിലെ എയർലൈൻ ഓഫീസിൽ നിന്നായിരുന്നു ആ ഫോൺ സന്ദേശം. വർഷങ്ങൾക്കു മുൻപ് നഷ്ടപ്പെട്ടുപോയ ഗാവിന്റെ ബാഗ് തങ്ങൾ കണ്ടെത്തിയെന്നും അത് വന്ന് സ്വീകരിക്കണമെന്നും ആയിരുന്നു ഫോൺ സന്ദേശം. ഈ ഫോൺ സന്ദേശം കിട്ടിയതും അക്ഷരാർത്ഥത്തിൽ ഗാവിൻ ഞെട്ടിപ്പോയി. സംശയത്തോടെയാണ് അവർ ബാഗ് മേടിക്കുവാനായി ഓഫീസിൽ എത്തിയത്. ബാഗിനുള്ളിൽ ഉള്ള വസ്തുക്കൾ ഒന്നും പരിശോധിക്കാതെ തന്നെ അത് തന്റെ ബാഗാണെന്ന് അവർ തിരിച്ചറിഞ്ഞു. അന്ന് ഗാവിൻ ചിക്കാഗോയിലേക്ക് പോയപ്പോൾ എയർലൈൻ ഉദ്യോഗസ്ഥർക്ക് പറ്റിയ അബദ്ധത്താലായിരിക്കണം, ബാഗ് പോയത് ഹോണ്ടുറാസിലേക്കായിരുന്നു. ഒടുവിൽ ഏതൊക്കെയോ രാജ്യങ്ങൾ കറങ്ങി തിരിഞ്ഞ് നാലു വർഷങ്ങൾക്കുശേഷം ബാഗ് ഗാവിന്‍റെ കൈയിലെത്തി.

ബാഗ് സന്തോഷത്തോടെയാണ് സ്വീകരിച്ചത് എങ്കിലും പിന്നീട് അത് അവരിൽ ഒരു ഭയം ഉണ്ടാക്കി. തന്റെ ബാഗിനോട് രൂപസാദൃശ്യമുള്ള മറ്റേതെങ്കിലും ബാഗായിരിക്കുമോ ഇതെന്നും അപകടകരമായ എന്തെങ്കിലും വസ്തുക്കൾ ആയിരിക്കുമോ ഇതിനുള്ളിൽ നിറച്ചിരിക്കുന്നത് എന്നതും ആയിരുന്നു ഗാവിന്റെയും കുടുംബാംഗങ്ങളുടെയും സംശയം. ഒടുവിൽ ഭയം നിമിത്തം ആഴ്ചകളോളം അവർ ആ ബാഗ് വീട്ടിനുള്ളിൽ കയറ്റാതെ പുറത്തു തന്നെ വച്ചു. ആഴ്ചകൾ പിന്നിട്ടപ്പോൾ ഒടുവിൽ അവർ അത് തുറന്നു നോക്കാൻ തീരുമാനിച്ചു. 

അങ്ങനെ രണ്ടും കൽപ്പിച്ച് ബാഗ് തുറന്നു നോക്കിയപ്പോൾ നാലു വർഷങ്ങൾക്കു മുൻപ് ഗാവിൻ പാക്ക് ചെയ്ത അതേ സാധനങ്ങൾ തന്നെ ബാഗിൽ. യാതൊരു കേടുപാടുകളും കൂടാതെ അവയെല്ലാം സുരക്ഷിതമായി ഇരിക്കുന്നു. അന്നത്തെ യാത്രയിൽ തനിക്ക് ഉപകരിച്ചില്ലെങ്കിലും ഇപ്പോഴെങ്കിലും ബാഗ് തിരികെ കിട്ടിയതിൽ സന്തോഷം ഉണ്ടെന്ന് ഗാവിൻ പിന്നീട് ടിക്ക് ടോക്ക് വീഡിയോയിലൂടെ പറഞ്ഞു.

click me!