മോതിരം വിരലില്‍നിന്ന് ഊരാനാവാതെ 15 വര്‍ഷങ്ങള്‍, അവസാനം അത് ഊരി, പക്ഷേ...

By Web TeamFirst Published Nov 11, 2022, 5:52 PM IST
Highlights

മോതിരങ്ങള്‍ വല്ലാതെ മുറികിയതോടെ അവ വിരലുകളെ വല്ലാതെ ഞെരുക്കി കളഞ്ഞു. അതോടെ ഓരോ ദിവസവും അതിതീവ്രമായ വേദനയിലാണ് യുവതി തള്ളിനീക്കിയത്.Photo: Representational Image 

ആഭരണങ്ങള്‍ ധരിക്കുന്നത് മിക്കവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. അക്കൂട്ടത്തില്‍ തന്നെ മറ്റെല്ലാ ആഭരണങ്ങളെ ക്കാള്‍ കൂടുതല്‍ മോതിരങ്ങള്‍ ഇഷ്ടപ്പെടുന്നവരും ഉണ്ടാകാം. കാരണം ചില മോതിരങ്ങളെങ്കിലും ഓര്‍മ്മപ്പെടുത്തലുകളാണ്. കഴിഞ്ഞുപോയ സന്തോഷകരമായ നിമിഷങ്ങളെ വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്ന അടയാളങ്ങള്‍. ചിലത് നമുക്ക് ഏറെ പ്രിയപ്പെട്ട ആരെങ്കിലുമൊക്കെ സമ്മാനിച്ചതാകാം. അല്പം മുറുകിയാലും അവ ഊരി വെക്കാന്‍ നമുക്ക് മനസ്സ് വരില്ല. പക്ഷേ ചിലപ്പോള്‍ ആ മോതിരങ്ങള്‍ തന്നെ നമുക്ക് പണി തന്നേക്കാം. 

അത്തരത്തിലൊരു മുട്ടന്‍ പണിയാണ് കഴിഞ്ഞ 15 വര്‍ഷക്കാലമായി ഒരു യുവതിക്ക് കിട്ടിയത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട മൂന്നു മോതിരങ്ങള്‍ അവള്‍ ഒരു വിരലിലാക്കി അണിഞ്ഞിരുന്നു. അല്പം മുറുക്കമുണ്ടെങ്കിലും ആ മോതിരങ്ങളോടുള്ള സ്‌നേഹം കാരണം അവള്‍ അത് ഊരി വെക്കാന്‍ തയ്യാറായില്ല. പക്ഷേ ദൗര്‍ഭാഗ്യകരം എന്ന് പറയട്ടെ ആ മോതിരങ്ങള്‍ പിന്നീട് ഒരിക്കലും അവള്‍ക്ക് ഊരി എടുക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ അത് അവള്‍ക്ക് ഒരു ഭാരമായി എന്ന് തന്നെ വേണം പറയാന്‍ .

മോതിരങ്ങള്‍ വല്ലാതെ മുറികിയതോടെ അവ വിരലുകളെ വല്ലാതെ ഞെരുക്കി കളഞ്ഞു. അതോടെ ഓരോ ദിവസവും അതിതീവ്രമായ വേദനയിലാണ് യുവതി തള്ളിനീക്കിയത്. ഇതിനിടയില്‍ മോതിരം വിരലില്‍ നിന്ന് ഊരാന്‍ പലതരത്തില്‍ ശ്രമം നടത്തിയെങ്കിലും വിരല്‍ മുറിഞ്ഞതല്ലാതെ ഫലം ഉണ്ടായില്ല. 15 വര്‍ഷക്കാലത്തോളം ആണ്  യുവതി ഇങ്ങനെ ഊരാക്കുടുക്കില്‍ പെട്ടത്. 

ഒടുവില്‍ ഇത്തരം അപകടങ്ങളില്‍ പെടുന്നവരെ രക്ഷിക്കുന്ന ഒരു പ്രൊഫഷണലിനെക്കുറിച്ച് അറിഞ്ഞ യുവതി സഹായം തേടി അയാള്‍ക്ക് അരികില്‍ എത്തി. പക്ഷേ മണിക്കൂറുകളോളം പരിശ്രമിച്ചിട്ടും യുവതിയുടെ വിരലില്‍ നിന്നും മോതിരങ്ങള്‍ ഊരിയെടുക്കാന്‍ അദ്ദേഹത്തിനുമായില്ല. മൂന്ന് മോതിരങ്ങളും ഒരേ വിരലില്‍ അണിഞ്ഞതിനാല്‍ ആണ് ഊരിയെടുക്കാന്‍ സാധിക്കാതെ വന്നത്. ഒടുവില്‍ ഏറെ പണിപ്പെട്ട് മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ അയാള്‍ മോതിരങ്ങള്‍ ഊരിയെടുത്തു. 

ജ്വല്ലറി ഫോര്‍ എവര്‍ എന്ന പേരില്‍ ടിക്ടോക്കില്‍ സജീവമായ ഈ പ്രൊഫഷണല്‍ തന്നെയാണ് ഏറെ പാടുപെട്ട് താന്‍ മോതിരം ഊരി മാറ്റുന്നതിന്റെ വീഡിയോയും ഒപ്പം തന്റെ അനുഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. യുവതിയുടെ വിരലില്‍ നിന്നും ഇപ്പോള്‍ മോതിരങ്ങള്‍ ഊരി മാറ്റിയെങ്കിലും 15 വര്‍ഷത്തോളം വിരലില്‍ കിടന്ന ആ മോതിരങ്ങള്‍ വിരലിനു വരുത്തിയ പരിക്ക് നിസ്സാരമല്ല. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി .

click me!